2ജി സ്പെക്ട്രം ഇടപാടില്‍ കേന്ദ്ര ടെക്സ്റ്റൈല്‍മന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധിമാരനും കുടംബാംഗങ്ങള്‍ക്കും പങ്കെന്ന് വെളിപ്പെടുത്തല്‍ . സിബിഐ ഇതു സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കി വരികയാണെന്നും "തെഹല്‍ക" വാരിക പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. ഒന്നാം യുപിഎ സര്‍ക്കാരില്‍ ടെലികോംമന്ത്രിയായിരിക്കെ 2ജി സ്പെക്ട്രത്തോടെയുള്ള 14 യുനിഫൈഡ് അസസ്സ് സര്‍വീസ് ലൈസന്‍സ് നല്‍കുകവഴി മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഗ്രൂപ്പില്‍നിന്ന് 700 കോടി രൂപ മാരന്റെ കുടുംബം നടത്തുന്ന സണ്‍ ടെലിവിഷനും റേഡിയോക്കും ലഭിച്ചുവെന്നതാണ് സിബിഐ അന്വേഷിക്കുന്നത്. ഡിബി റിയല്‍റ്റി ഗ്രൂപ്പ് 200 കോടി രൂപ കലൈഞ്ജര്‍ ടിവിക്ക് കൈമാറിയത് തെളിഞ്ഞതിനെത്തുടര്‍ന്നാണ് കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴി ജയിലിലായത്. 2006 നവംബറിലാണ് മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഗ്രൂപ്പിന് 74 ശതമാനം ഓഹരിയുള്ള എയര്‍സെല്‍ ഗ്രൂപ്പിന് 14 ലൈസന്‍സ് മാരന്‍ നല്‍കിയത്. 1399 കോടി രൂപയ്ക്കായിരുന്നു ഇടപാട്്. 22,000 കോടി രൂപയെങ്കിലും വിലമതിക്കുന്നതാണ് ഈ ലൈസന്‍സ്. 2001ല്‍ ലേലത്തില്‍ അനുവദിച്ച ലൈസന്‍സ് ഫീസ് തന്നെയാണ് 2006ല്‍ ഈടാക്കിയത്. 2008ല്‍ ടെലികോംമന്ത്രിയായിരുന്ന എ രാജ ലൈസന്‍സ് നല്‍കിയതും ഇതേ തുകയ്ക്കായിരുന്നു. 2004ല്‍ മാരന്‍ ടെലികോംമന്ത്രിയായപ്പോള്‍ത്തന്നെ എയര്‍സെല്‍ ലൈസന്‍സിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ , പല കാരണങ്ങള്‍ പറഞ്ഞ് ലൈസന്‍സ് നല്‍കുന്നത് മാരന്‍ ബോധപൂര്‍വം നീട്ടിവച്ചു. 2006ലാണ് മലേഷ്യന്‍ ബിസിനസ് ഭീമനായ മാക്സിസ് ഗ്രൂപ്പിന്റെ ഉടമയായ അനന്തകൃഷ്ണന്‍ എയര്‍സെല്ലിന്റെ 74 ശതമാനം ഓഹരി വാങ്ങിയത്. ശ്രീലങ്കന്‍ തമിഴരാണ് അനന്തകൃഷ്ണന്റെ മാതാപിതാക്കള്‍ . സ്റ്റൈര്‍ലിങ് ഇന്‍ഫോടെക് ഉടമ ശിവശങ്കരനായിരുന്നു അതുവരെ എയര്‍സെല്ലിന്റെ ഉടമ. അദ്ദേഹം നല്‍കിയ അപേക്ഷയാണ് മാരന്‍ അവഗണിച്ചത്. ഓഹരികള്‍ അനന്തകൃഷ്ണന് വില്‍ക്കാന്‍ മാരന്‍ ഇടപെട്ടെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. 3390.82 കോടിരൂപ നല്‍കിയാണ് മാക്സിസ് ഗ്രൂപ്പ് ഈ ഓഹരികള്‍ വാങ്ങിയത്. അനന്തകൃഷ്ണന്‍ എയര്‍സെല്‍ ഏറ്റെടുത്ത് ആറു മാസത്തിനകമാണ് മാരന്‍ ലൈസന്‍സ് നല്‍കിയത്. പ്രത്യുപകാരമായാണ് നാലു മാസത്തിനുശേഷം അനന്തകൃഷ്ണന്റെ ഗ്രൂപ്പില്‍ ഒന്നായ സൗത്ത് ഏഷ്യ എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡ് എന്ന കമ്പനി 600 കോടി രൂപ സണ്‍ ഡയറക്ട് പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപിച്ചത്. ദയാനിധിമാരന്റെ സഹോദരന്‍ കലാനിധിമാരനും ഭാര്യ കാവേരിയും ഉടമകളായ ടെലിവിഷന്‍ സ്ഥാപനത്തിനാണ് പണം നല്‍കിയത്. കമ്പനിയുടെ 20 ശതമാനം ഓഹരികളുടെ വിലയാണിതെന്നാണ് വിശദീകരണം. സണ്‍ ടിവി 73.27 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ വര്‍ഷമാണ് 600 കോടി ലഭിച്ചത്. 2008 ഫെബ്രുവരിക്കും 2009 ഫെബ്രുവരിക്കും ഇടയില്‍ 100 കോടി രൂപകൂടി അനന്തകൃഷ്ണന്റെ മറ്റൊരു കമ്പനിയായ സൗത്ത് ഏഷ്യ മള്‍ട്ടിമീഡിയ മാരന്റെ സൗത്ത് ഏഷ്യ എഫ്എം റേഡിയോ കമ്പനിയില്‍ നിക്ഷേപിച്ചു. രണ്ടു നിക്ഷേപത്തിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ചതായും ആരോപണമുണ്ട്.
No comments:
Post a Comment