Sunday, November 12, 2023

പിആർഎസ്‌ വായ്‌പ 
സിബിൽ സ്‌കോറിനെ ബാധിക്കില്ല. പ്രശാന്ത് ശ്രീഹരി

സിബിൽ സ്കോർ , പാഡി റസീപ്റ്റ് ഷീറ്റ് എന്നിവ ചർച്ചാ വിഷയമായിരിക്കുകയാണല്ലോ. എന്നാൽ, ഇത് സംബന്ധിച്ച് പലർക്കും വ്യക്തതയില്ല. ഈ പശ്ചാത്തലത്തിൽ രണ്ടിനെ കുറിച്ചും ഒരു ധാരണയുണ്ടാകുന്നത് നന്നാവും. ആ ലക്ഷ്യത്തോടെയാണ് ഈ കുറിപ്പ്. ധനസ്ഥാപനങ്ങൾ നൽകുന്ന വിവരങ്ങൾപ്രകാരം രാജ്യത്തുടനീളമുള്ള വ്യക്തികളുടെയും കമ്പനികളുടെയും ഉപഭോക്‌തൃ, ബിസിനസ്‌, വായ്പാ വിവരങ്ങൾ ശേഖരിക്കുകയും പരിപാലിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ആർബിഐ ലൈസൻസുള്ളതും അംഗീകൃതവുമായ സ്ഥാപനമാണ് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി അല്ലെങ്കിൽ ക്രെഡിറ്റ് ബ്യൂറോ. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി വ്യക്തികളുടെ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടും (സിഐആർ) കമ്പനികൾക്കായി ക്രെഡിറ്റ് കമ്പനി റിപ്പോർട്ടും (സിസിആർ) തയ്യാറാക്കുന്നു. വ്യക്തികൾക്കുള്ള ക്രെഡിറ്റ് സ്കോറുകളും കമ്പനികളുടെ ക്രെഡിറ്റ് റാങ്കുകളും അവരുടെ യോഗ്യതയും മുൻകാല ചരിത്രവും അനുസരിച്ച് ഇത്തരം കമ്പനികൾ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ

ട്രാൻസ് യൂണിയൻ സിബിൽ
2000ത്തിൽ ആരംഭിക്കുകയും 2004ൽ ഇത് നമ്മുടെ രാജ്യത്ത് പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്തു. മുമ്പ് ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു.
ഇക്വിഫാക്സ്
2010 മുതൽ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായി (സിഐസി) രജിസ്റ്റർ ചെയ്‌ത മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്വിഫാക്സ് ഇന്ത്യ യുഎസിലെ ഇക്വിഫാക്സ് ഇൻക്, ഇന്ത്യയിലെ ഏഴ് പ്രമുഖ ധനസ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത സംരംഭമാണ്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ (എംഎഫ്ഐ) വർധിച്ചുവരുന്ന വായ്പയും നിയന്ത്രണ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഇക്വിഫാക്സ് ഒരു പ്രത്യേക ക്രെഡിറ്റ് ബ്യൂറോയും കൈകാര്യം ചെയ്യുന്നു.

എക്സ്പീരിയൻ
2010-ൽ, പുതിയ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്ട്‌ 2005 പ്രകാരം ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ ക്രെഡിറ്റ് ബ്യൂറോ ആയി എക്സ്പീരിയൻ മാറി. വ്യക്തികൾക്കും കമ്പനികൾക്കും ഉപയോഗിക്കുന്നതിന് എക്സ്പീരിയൻ ഇന്ത്യ സ്വന്തം എക്സ്പീരിയൻ ക്രെഡിറ്റ് റിപ്പോർട്ടും സ്കോറും വാഗ്ദാനം ചെയ്യുന്നു.

സിആർഐഎഫ്‌ ഹൈ മാർക്ക്  
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിആർഐഎഫ്‌ ഹൈ മാർക്ക്, റീട്ടെയിൽ ഉപയോക്താക്കൾ, മൈക്രോ ചെറുകിട, ഇടത്തരം സംരംഭങ്ങൾ, വാണിജ്യ, മൈക്രോഫിനാൻസ് വായ്പക്കാർ എന്നിവരുൾപ്പെടെ വായ്പ എടുക്കുന്ന എല്ലാ വിഭാഗം ആളുകളുടെയും സമഗ്രമായ വിവരങ്ങൾ നൽകുന്നു. ആദ്യത്തെ സമ്പൂർണ സേവന ക്രെഡിറ്റ് ബ്യൂറോയാണെന്ന് അവർ അവകാശപ്പെടുന്നു. കൂടാതെ, ക്രെഡിറ്റ് റിപ്പോർട്ടുകളും സ്കോറുകളും നൽകുന്നതിന് ഈ ബ്യൂറോ അനലിറ്റിക്സ് സ്ഥിതിവിവരക്കണക്കുകൾ, ഡാറ്റാ മാനേജ്മെന്റ്, ബാങ്കുകൾ, എംഎഫ്ഐകൾ, എൻബിഎഫ്സികൾ, ഹൗസിങ്‌ ഫിനാൻസ് കമ്പനികൾ, ഇൻഷുറൻസ് കമ്പനികൾ, ടെലികോം സേവന ദാതാക്കൾ തുടങ്ങിയവയ്ക്ക് അനുബന്ധ സോഫ്റ്റ്‌വെയർ പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്നു

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി  ഉപയോക്താവിന്റെ മുൻകാല വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, മറ്റേതെങ്കിലും വായ്പ എന്നിവയുമായി ബന്ധപ്പെട്ട  വിവരങ്ങൾ ശേഖരിക്കുന്നു.  പ്രതിമാസ അടിസ്ഥാനത്തിൽ വായ്പ നൽകുന്ന സ്ഥാപനങ്ങൾ ഇൻഫർമേഷൻ കമ്പനികൾക്ക് ആർബിഐ നിബന്ധനപ്രകാരം വിവരങ്ങൾ നൽകുന്നു. ഇത്തരം വിവരങ്ങൾ ഉപയോഗിച്ച്  സ്കോറുകളും കമ്പനികൾക്കുള്ള റിപ്പോർട്ടുകളും സൃഷ്ടിക്കുന്നു. സ്കോർ കണക്കുകൂട്ടുന്നതിനും സൃഷ്ടിക്കുന്നതിനും കമ്പനികൾ അവരുടേതായതും വ്യത്യസ്തവുമായ അൽഗോരിതങ്ങൾ ഉപയോഗിക്കുന്നു. അതിനാൽ, ഓരോ  ബ്യൂറോയും വ്യക്തികൾക്കായി സൃഷ്ടിക്കുന്ന സ്കോർ ഉപയോക്താവിന്റെ തിരിച്ചടവു ചരിത്രവും വായ്‌പാ യോഗ്യതയും അനുസരിച്ച് വ്യത്യാസപ്പെടും.

ബാങ്കുകളും ധനസ്ഥാപനങ്ങളും വായ്പയ്‌ക്കായി അപേക്ഷിച്ചവരുടെ റിപ്പോർട്ട് സിബിൽപോലുള്ള  കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിച്ചു കണ്ടെത്തുന്നു. ഓരോ ബാങ്കിനും വായ്പാനയം ഉണ്ടാകും. ആ നയം അനുസരിച്ച്‌ സ്കോർ കൂടുതലുള്ള ആളുകൾക്ക്‌ വായ്പ ലഭിക്കുകയും കുറവുള്ള ആളുകൾക്ക് വായ്പ ലഭിക്കാതിരിക്കുകയോ അല്ലെങ്കിൽ കൂടുതൽ പലിശ  നൽകേണ്ടി വരികയോ ചെയ്യുന്നു.

വായ്‌പ അംഗീകാരവും ഇൻഷുറൻസ് പ്രക്രിയകളും എളുപ്പമാക്കാൻ സാധ്യതയുള്ള വായ്പ നൽകുന്ന  സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, തൊഴിൽദാതാക്കൾ എന്നിവർക്കുമാത്രം പരിശോധിക്കാനാകുന്ന വിശദമായ രേഖയാണ് ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട്. വ്യക്തികൾക്ക് ക്രെഡിറ്റ് ഹെൽത്ത് അപ്ഡേറ്റായി തുടരാൻ അവരുടെ റിപ്പോർട്ട് പതിവായി ശേഖരിക്കാൻ കഴിയും.

എന്താണ് ക്രെഡിറ്റ് റിപ്പോർട്ട്
അക്കൗണ്ടുകളുടെ (ക്രെഡിറ്റ് കാർഡും ലോണുകളും) പാപ്പരത്തം, വൈകിയ തിരിച്ചടവുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അടങ്ങിയ ക്രെഡിറ്റ് ചരിത്രം റിപ്പോർട്ടിൽ  ഉണ്ടാകും. വായ്‌പയ്‌ക്ക്‌ അപേക്ഷിക്കുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത പരിശോധിക്കാൻ കടം കൊടുക്കുന്നവർ റഫർ ചെയ്യുന്ന ഒരു ക്രെഡിറ്റ് സ്കോർ ഉണ്ട്‌. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന വിശദാംശങ്ങൾ ഇവയാണ്‌.

• ക്രെഡിറ്റ് സ്കോർ
• സ്വകാര്യ വിവരങ്ങൾ
• പരിധികളും കുടിശ്ശികയുള്ള ബാലൻസും ഉൾപ്പെടെ ലോണുകളുടെയും ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളുടെയും വിശദമായ വിവരങ്ങൾ
•  വൈകിയുള്ള തിരിച്ചടവുകൾ
•  റിപ്പോർട്ടിനായി അന്വേഷണം നടത്തിയ സ്ഥാപനങ്ങളുടെ പട്ടിക
റിപ്പോർട്ടിൽ നിങ്ങളുടെ സേവിങ്‌സ്‌, നിക്ഷേപങ്ങൾ, അടച്ച അല്ലെങ്കിൽ അടയ്ക്കേണ്ട ബില്ലുകൾ മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുന്നില്ല.

ചുരുക്കിപ്പറഞ്ഞാൽ വായ്‌പ എടുത്താലും  ഏതെങ്കിലും ധനസ്ഥാപനം നമ്മുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിച്ചാലും ലോൺ തിരിച്ചടയ്‌ക്കുന്നതിൽ കാലതാമസം വരുത്തിയാലും തിരിച്ചടയ്‌ക്കാതിരുന്നാലും  അടച്ചു തീർത്താലുമൊക്കെയുള്ള വിവരങ്ങൾ  റിപ്പോർട്ടിൽ ഉണ്ടാകും. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവരുടെ സ്കോർ അഭിവൃദ്ധിപ്പെടും

സാധാരണക്കാരനോ കർഷകനോ അമ്പതിനായിരം രൂപ ലോണെടുത്ത് തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്ന്‌ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ അടച്ചുതീർത്താൽപ്പോലും മറ്റു ബാങ്കുകളിൽനിന്ന് വായ്‌പ ലഭ്യമാകാത്ത സാഹചര്യം നിലവിലുണ്ട്. എന്നാൽ, കോടിക്കണക്കിന് രൂപ വായ്പയെടുത്ത് വൻകിട കോർപറേറ്റുകളും ബാങ്കുകളെ പറ്റിച്ച് രാജ്യത്തുനിന്ന്‌ നാടുവിട്ട വൻകിട മുതലാളിമാർക്കും മനപ്പൂർവം കിട്ടാക്കടം ആക്കിയവർക്കുപോലും വായ്പകൾ എഴുതിത്തള്ളാനും പുനർവായ്പ നൽകാനുമുള്ള നയങ്ങൾ രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പാക്കുന്നു. കഴിഞ്ഞ ഒരു വർഷംമാത്രം ഏതാണ്ട് 91,000 കോടി രൂപ ഇത്തരത്തിൽ എഴുതിത്തള്ളി. പത്തുവർഷത്തെ കണക്ക് നോക്കിയാൽ കോർപറേറ്റ് വായ്പകൾ എഴുതിത്തള്ളിയത് ഏതാണ്ട് 12 ലക്ഷം കോടിയോളം രൂപ വരും. ഒരു ക്രെഡിറ്റ് ഹിസ്റ്ററിയും ഇല്ലാത്തവർക്കും സ്കോർ കുറഞ്ഞവർക്കും വളരെ വേഗത്തിൽ വായ്പ ലഭ്യമാകുന്നത് സഹകരണ സംഘങ്ങൾ വഴി മാത്രമാണ്. 

വായ്പ ലഭ്യമാകുന്നത് സഹകരണ സംഘങ്ങൾ വഴി മാത്രമാണ്. 

പിആർഎസ്‌ വായ്‌പ
പാഡി റസീപ്‌റ്റ്‌ ഷീറ്റ്‌ ആണിത്. ഒരു കിലോ നെല്ലിന് കേന്ദ്രം നിശ്ചയിച്ച തുക 20.60 രൂപ ആണ്. ആ തുക നെല്ല് സംഭരിക്കുന്ന സമയം കർഷകന്‌ ലഭിക്കില്ല. നെല്ല് അരിയാക്കി റേഷൻ കടകൾ വഴി വിതരണംചെയ്ത് കണക്കുകൾ കേന്ദ്രത്തിന്‌ സമർപ്പിച്ചാൽ മാത്രമേ പണം ലഭിക്കൂ. കുറഞ്ഞത് ആറുമാസമെടുക്കും. മേൽപ്പറഞ്ഞ തുക അപര്യാപ്തമായതുകൊണ്ട് സംസ്ഥാനം  7.60 രൂപ കൂടി ചേർത്ത്‌ 28.20 രൂപയാക്കി.  ഇന്ത്യയിൽ നെൽക്കർഷകന് കിട്ടുന്ന ഏറ്റവും വലിയ തുകയാണിത്. മറ്റ് സംസ്ഥാനങ്ങളിൽ ഇങ്ങനെയൊരു ഏർപ്പാട്‌ ഇല്ല.

ആറുമാസം കാത്തിരുന്ന്‌ കർഷകൻ കടക്കെണിയിൽപ്പെടുന്നത്‌ ഒഴിവാക്കാൻ സംസ്ഥാനം കൊണ്ടുവന്നതാണ്‌ പിആർഎസ്‌ വായ്പ. സർക്കാർ ഗ്യാരന്റിയിൽ നെല്ല് സംഭരിച്ച വകയിലുള്ള തുക കർഷകന് വായ്പയായി ബാങ്ക് വഴി ലഭ്യമാക്കുന്നു. കർഷകന് പണം എളുപ്പത്തിൽ കിട്ടുന്നു. മുതലും പലിശയും സംസ്ഥാന സർക്കാരാണ് കൊടുക്കുന്നത്. ഒരു ബാങ്കും ഇത് കർഷകനോട് ചോദിക്കില്ല. കാലാവധി 365 ദിവസമാണ്. ഈ കാലാവധിക്കുള്ളിൽ സപ്ലൈകോ പലിശസഹിതം അടയ്‌ക്കും. നാളിതുവരെ തിരിച്ചടവ് മുടങ്ങിയിട്ടില്ല. ഈ വായ്പയുടെ പേരിൽ പുതിയ ലോൺ ലഭിക്കാത്ത സാഹചര്യമില്ല. സിബിൽ സ്കോർ കുറഞ്ഞിട്ടുമില്ല. 


(ബാങ്കിങ് വിദഗ്ധനാണ് ലേഖകൻ)





No comments:

Post a Comment