വാർത്താചാനലുകളുടെയും അനന്തകോടി സമൂഹമാധ്യമ പോസ്റ്റുകളുടെയും കൂട്ടയോട്ടത്തിനിടെ ഒരു പത്രത്തിന്റെ പേജുകൾ കുന്തമുനപോലെ മുൻനിരയിലേക്ക് എത്തിയത് വലിയ രാഷ്‌ട്രീയ ചർച്ചയായിരുന്നു. ‘മുതലക്കണ്ണീർ’ പോലെ നരേന്ദ്ര മോദി ഭരണത്തിനെതിരായ കടുത്ത ജനരോഷം പ്രതിഫലിപ്പിച്ച പേജുകളാണവ. സംഘപരിവാർ കേന്ദ്രങ്ങളെ വിറളിപിടിപ്പിച്ച ആ പേജുകൾക്കു
പിന്നിൽ പ്രവർത്തിച്ച മാധ്യമപ്രവർത്തകൻ തിരുവനന്തപുരം സ്വദേശി ആർ രാജഗോപാൽ. പത്രം ‘ദ ടെലഗ്രാഫ്’. ജനകീയ ഉത്സവമായി മാറിയ ‘കേരളീയം–- 2023’ൽ പങ്കെടുത്തും ആസ്വദിച്ചും ഒരാഴ്‌ചയായി അദ്ദേഹം തിരുവനന്തപുരത്തുണ്ട്. രാജഗോപാലുമായി ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് ദിനേശ് വർമ സംസാരിക്കുന്നു
ടെലഗ്രാഫിന്റെ പത്രാധിപരായിരുന്ന താങ്കൾ ഇപ്പോൾ ‘എഡിറ്റർ അറ്റ് ലാർജ്’ പദവിയിലേക്ക് എത്തിയിരിക്കുന്നു. പ്രതികാര നടപടിയല്ലേ
അങ്ങനെ പറയാമോ എന്നറിയില്ല.- സംഘപരിവാറിനെ സഹായിക്കുന്നവരൊന്നുമല്ല ടെലഗ്രാഫ് മാനേജ്‌മെന്റ്. ടാഗോറിന്റെ സഹായമുണ്ടായിരുന്ന, സ്വാതന്ത്ര്യസമര പാരമ്പര്യമൊക്കെയുള്ള പത്രസ്ഥാപനമല്ലേ ആനന്ദബസാർ പത്രിക. അവർ ടെലഗ്രാഫ് തുടങ്ങിയിട്ട് അരനൂറ്റാണ്ട് ആകുന്നേയുള്ളൂ. ഇപ്പോൾ എനിക്ക് പകരം വന്ന എഡിറ്ററും ബിജെപി അനുകൂലിയൊന്നുമല്ല. ഞാൻ ചെയ്ത പേജുകൾ കടുത്ത ആക്രമണസ്വഭാവമുള്ളതായിരുന്നുവെന്നത് നേരാണ്. വായനക്കാരിൽ ചിലർ പരാതിപ്പെട്ടുവെന്നാണ് പറയുന്നത്. അതല്ല, രാഷ്‌ട്രീയ സമ്മർദം എന്തെങ്കിലും ഉണ്ടായോ, ഇഡി നോട്ടീസ് കിട്ടിയോ ... അതൊന്നും അറിയില്ല. പിന്നെ, പുതിയ ജനറേഷന്റെ കൈയിലാണ് പത്രങ്ങളുടെയൊക്കെ മാനേജ്‌മെന്റ്. ബിസിനസ് താൽപ്പര്യങ്ങൾക്കാണ് മുൻഗണനയെന്ന് തോന്നാറുണ്ട്. കേരളത്തിലെ ചില വലിയ പത്രങ്ങളിലും ഈ തലമുറമാറ്റമുണ്ട്.
.പരാതി കൊടുപ്പിച്ചതുമാകാം
പറയാനാകില്ല. ടെലഗ്രാഫ് അടക്കം പല ഇംഗ്ലീഷ് പത്രങ്ങളുടെയും വരിക്കാർ അധികവും ഹിന്ദു ‘അപ്പർ, മിഡിൽ ക്ലാസ്’ സമൂഹത്തിൽ നിന്നുള്ളവരാണ്. ബംഗാളിൽ അതുകൊണ്ട് അത്തരം പരാതി ഉണ്ടാകുന്നതിൽ അത്ഭുതവുമില്ല. പിന്നെ, നമ്മൾ ചെയ്യുന്നതിന്റെ പ്രതികരണം ഒരു പ്രശ്നമാണ്. ഞാൻ ഏഴുവർഷം എഡിറ്ററായിരുന്നു, അപ്പോഴും ഇതേനിലപാടാണ് സ്വീകരിച്ചത്. യുപിഎ ഭരിച്ചകാലത്തും ശക്തമായി ശബ്ദിച്ചിരുന്നു. കപിൽസിബൽ കാര്യമായ ചർച്ച കൂടാതെ ഐടി നിയമം ചുട്ടെടുത്തപ്പോഴും ചിദംബരം യുഎപിഎ കൊണ്ടുവന്നപ്പോഴും നാം പ്രതികരിച്ചെങ്കിലും, വല്ലാതെ ഭയപ്പെട്ടില്ല. കാരണം, അവരെക്കുറിച്ചൊക്കെ സമൂഹത്തിന് ഒരു കാഴ്ചപ്പാടുണ്ട്, ഏതു പരിധിവരെ പോകുമെന്ന്. ഒന്നാംപേജിലെ ‘മുതല’ മൻമോഹൻസിങ്ങിന്റെ കാലത്തോ വാജ്‌പേയിയുടെപോലും കാലത്തോ ആണെങ്കിൽ ഇങ്ങനെ ഫലവത്താകില്ല. കാരണം, ഇപ്പോൾ സ്ഥിതി അപകടകരമാണ്. നരേന്ദ്ര മോദി സർക്കാരിൽ ഒരു ‘പ്യുവർ ഈവിൾ ’ എന്നു പറയും, അതായത് ‘കറതീർന്ന തിന്മ’ യാണ് നടക്കുന്നത്. അത് ജനങ്ങൾക്കും ബോധ്യപ്പെട്ടതുകൊണ്ടാണ് ഇങ്ങനെയൊരു പ്രതികരണം വന്നത്. 79 ദിവസം മണിപ്പുർ കത്തിയെരിഞ്ഞിട്ടും മിണ്ടാതിരുന്ന നരേന്ദ്ര മോദി ഒരു സുപ്രഭാതത്തിൽ കണ്ണീര് കാണിച്ചാൽ അത് ‘മുതലക്കണ്ണീർ’ തന്നെയാണെന്ന് നമ്മൾ പറഞ്ഞുകൊണ്ടിരിക്കണ്ടേ.പൊതുവിൽ മാധ്യമങ്ങൾ സത്യംപറയാൻ ധൈര്യപ്പെടുന്നില്ല, ഭയമാണോ
ആരെയെങ്കിലും ഭയന്ന് നിന്നവരായിരുന്നില്ല ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള നമ്മുടെ പത്രങ്ങൾ. ബാബ്‌റി മസ്ജിദ് തകർത്ത സമയത്ത് ഒന്നാം പേജിൽ വലിയ വാർത്തയാക്കിയവരാണ്, നിങ്ങൾ ഓർക്കുന്നുണ്ടാകും. പക്ഷേ, വിധി വന്നപ്പോൾ കൈകാര്യം ചെയ്ത രീതി മാറി. ഒന്ന് ഓർമയിലുണ്ട്, മറ്റേത് ശ്രദ്ധയിൽത്തന്നെയില്ല. അതായത്, ഒരു ഉപരിവർഗതാൽപ്പര്യം മേൽക്കൈ നേടുന്ന അവസ്ഥ. ജാതിയും മതവുമൊക്കെ അതിൽ വലിയ ഘടകമാണ്. ടെലഗ്രാഫ്‌പോലുള്ള ഒരു പത്രത്തിൽപ്പോലും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെയൊക്കെ എണ്ണം എത്രയോ പരിമിതമാണ്. ദളിത് ആണെങ്കിൽ പറയാൻപോലുമില്ല.
നിശ്ശബ്ദമായ ഒരു ‘ഫാസിസ്റ്റ്’ രീതിയാണോ
വേണമെങ്കിൽ അങ്ങനെ പറയാം. സ്വാതന്ത്ര്യ പ്രസ്ഥാനകാലത്തെ സോഷ്യലിസ്റ്റ് സങ്കൽപ്പമൊക്കെ എവിടെ പോയി ? ഈ ഉപരിവർഗം അട്ടിമറിക്കുകയാണ്. വാർത്താ ചാനലുകളെ ബിജെപി ചായ്‌വുള്ളവർ വിലയ്ക്കുവാങ്ങി സ്വന്തമാക്കിയെങ്കിൽ വലിയ പാരമ്പര്യമുള്ള പത്രങ്ങൾ സ്വയമേവ വഴങ്ങിയിരിക്കുന്നു. ഇതുതന്നെ നമുക്ക് ഫാസിസത്തെക്കുറിച്ചും പറയാം. നമ്മുടെ സങ്കൽപ്പത്തിലുള്ള ഫാസിസമൊന്നും വേണ്ട ഇവർക്ക് ഹിന്ദുത്വ ആശയങ്ങൾ നടപ്പാക്കാൻ. ജനാധിപത്യമെന്നുതന്നെ അവർ പറയും, തെരഞ്ഞെടുപ്പ് നടത്തും. ചൊൽപ്പടിക്കുനിൽക്കുന്ന സംവിധാനമാക്കി എല്ലാത്തിനെയും മാറ്റുകയാണ്.
സംഘപരിവാറിനെ സഹായിക്കുന്നതാണെങ്കിൽ നിങ്ങൾക്ക് എന്തും ചെയ്യാമെന്ന അവസ്ഥ. റിപ്പബ്ലിക് ടിവി പോലുള്ള സ്ഥാപനങ്ങൾ ഒരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്നു. ഒരു കുറ്റവും ചെയ്യാത്ത പത്രപ്രവർത്തകരെ അകത്തിടുന്നു.
മാധ്യമപ്രവർത്തകർക്ക് ചിലതൊക്കെ ചെയ്യാനാകില്ലേ
മാനേജ്‌മെന്റ് പോളിസിക്കുള്ളിൽനിന്നുകൊണ്ട് പത്രപ്രവർത്തകർ പൊതുവായ നന്മയ്‌ക്കുവേണ്ടി പലതും ചെയ്തിരുന്നു. ആ ‘സ്പെയ്‌സു’ പോലും ഉപയോഗപ്പെടുത്തുന്നില്ല. മനപ്പൂർവമാണെന്നു തോന്നുന്നില്ല. ധാരണക്കുറവും സമ്മർദവുമുണ്ട്. രാഷ്‌ട്രീയം എന്നത് എന്തോ മോശം കാര്യമാണെന്ന ധാരണ മാധ്യമപ്രവർത്തകരിൽ നല്ലൊരു ശതമാനത്തിനുണ്ട്. അത് അരാഷ്‌ട്രീയവാദത്തിലേക്കാണ് എത്തുന്നത്. പക്ഷേ, ഒരു ആവശ്യം വന്നാൽ രാഷ്‌ട്രീയ നേതാവിനെ കാണാനോ കാര്യം കാണാനോ നമുക്കാർക്കും ഒരു മടിയുമില്ല. മാധ്യമപ്രവർത്തകന് രാഷ്‌ട്രീയ നിലപാട് നിർബന്ധമായും വേണം. വ്യക്തിപരമായി എന്റെ അഭിപ്രായം, ആർഎസ്‌എസ്– -ബിജെപി ഉയർത്തിയിരിക്കുന്ന ഭീഷണിയെ നേരിടുകയെന്ന ഒറ്റ ഫോക്കസിലേക്ക് മാധ്യമങ്ങൾ പോകണമെന്നാണ്.
ശബ്ദിക്കേണ്ട സമയത്ത് പക്ഷേ, മൗനം
അതെ, ന്യൂസ് ക്ലിക്ക് വിഷയത്തിൽത്തന്നെ നാം കണ്ടു. രണ്ടുപേരെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു വാർത്ത. രണ്ടുദിവസം കഴിഞ്ഞപ്പോൾ അതുവിട്ടു. ഒരു പ്രതികരണവുമുണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിച്ചില്ല. 49 ഫോൺ (90 എന്നും കേൾക്കുന്നു) ആണ് അന്ന് റെയ്‌ഡിൽ പിടിച്ചത്. പത്രപ്രവർത്തകരും എഴുത്തുകാരും എല്ലാം അതിലുണ്ട്. ഫലത്തിൽ രണ്ടല്ല, എത്ര ഫോൺപിടിച്ചോ അത്രയുംപേരെയാണ് അറസ്റ്റ് ചെയ്തത്. കുടുംബത്തിലുള്ളവരേക്കാൾ വ്യക്തിരഹസ്യങ്ങൾ സൂക്ഷിക്കുന്നതാണ് ഫോൺ. ഞങ്ങളാണ് ഏറ്റവും വലിയ മതനിരപേക്ഷ മാധ്യമമെന്നുപറയുന്നവരടക്കം നിശ്ശബ്ദരാണ്. ടൈംസ് ഓഫ് ഇന്ത്യയൊക്കെ മതനിരപേക്ഷ നിലപാടിൽ ഉറച്ചുനിന്നവരായിരുന്നു. കളമശേരി സ്ഫോടനവാർത്ത കൈകാര്യം ചെയ്തതു കണ്ടില്ലേ.
മുഖ്യധാര, സമാന്തരം, സുരേഷ് ഗോപി...
ജോഡോയാത്രയിൽ രാഹുൽ മുഖ്യധാരാ മാധ്യമങ്ങൾക്കല്ല, ഓൺലൈൻ ചാനലിനാണ് അഭിമുഖം കൊടുത്തത്, ശ്രദ്ധിച്ചിരുന്നോ. ഈ സാഹചര്യം മനസ്സിലാക്കിയില്ലെങ്കിൽ മുഖ്യധാര അപ്രസക്തരാകും. രവീഷ് കുമാറിനെപ്പോലൊരു മാധ്യമപ്രവർത്തകനെ ഒരു മുഖ്യധാരയ്ക്കും വേണ്ടാതായിരിക്കുന്നു. ‘ഇൻഫോം ആൻഡ് എഡ്യൂക്കേറ്റ്’ എന്നതാണ് മാധ്യമകർത്തവ്യം. പക്ഷേ, കർഷകരുടെ പ്രശ്നങ്ങളും വീട്ടുജോലിക്കാരടക്കം അസംഘടിതരുടെ വിഷമങ്ങളും ആരാണ് കേൾക്കുന്നത്.
മാധ്യമപ്രവർത്തകർ സ്വയം ആർജിക്കേണ്ട ചില ധാരണകളുണ്ട്. സുരേഷ്‌ഗോപിയുടെ പ്രശ്നം എടുത്തോളു. ‘‘ഡു യു വാണ്ട് ടു കണ്ടിന്യൂ’’ എന്ന് ചോദിച്ച നിമിഷംതന്നെ ‘‘നോ, വി ഡോണ്ട് വാണ്ട് ടു കണ്ടിന്യൂ ’’ എന്നു പറഞ്ഞ് ആ വനിതാ ജേർണലിസ്റ്റിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറങ്ങുകയായിരുന്നു വേണ്ടത്. മുമ്പ് ഗവർണർതന്നെ ചില മാധ്യമങ്ങളെ ‘ഷൗട്ട്’ ചെയ്ത് മാറ്റിനിർത്തിയിട്ടുണ്ട്. അന്നും ആരും പ്രതികരിച്ചുകണ്ടില്ല. റിപ്പോർട്ടർമാരെ ന്യൂസ്‌ഹൗസുകൾ അത് പഠിപ്പിക്കാത്തതുകൊണ്ടാണ്. മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തിനുനേരെ ആര് വിലക്കുകൊണ്ടുവന്നാലും അത് ചോദ്യം ചെയ്യാൻ മാനേജ്‌മെന്റിന്റെ അനുവാദമൊന്നും വേണ്ട. ഇന്ന് തോളത്ത് കൈയിട്ടത് ആസ്വദിച്ച മാധ്യമപ്രവർത്തകനുനേരെയായിരിക്കും നാളെ സുരേഷ്‌ഗോപി ‘ഷൗട്ട്’ ചെയ്യുക. നമ്മൾ ഇവരുടെ ആട്ടുംതുപ്പും സഹിക്കേണ്ട വർഗമാണോ ? പ്രതികരിക്കാത്തതാണ് പ്രശ്നം. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് നിങ്ങൾ പ്രതികരിക്കുക..
https://www.deshabhimani.com/post/20231107_5256/r-rajagopal-interview
.
No comments:
Post a Comment