1885 -ൽ മദ്രാസ് ഹൈക്കോടതിയുടെ മുമ്പിൽ ഒരു കേസ് എത്തി. ജസ്റ്റീസ് സർ മുത്തു സ്വാമി അയ്യർ ആണ് ചീഫ് ജസ്റ്റീസ്. ഒരു തട്ടാൻ അമ്പലത്തിൽ കയറി ചെന്നു അഭിഷേകം നടത്തി എന്നതായിരുന്നു കേസ്.തട്ടാൻ ശിവലിംഗം അശുദ്ധപ്പെടുത്തി എന്ന് ആരോപിച്ച് ബ്രാഹ്മണർ ആണ് അന്യായം ഫയൽ ചെയ്തത്. കേസ് ഹൈക്കോടതിയിൽ തീരുമാനത്തിന് വന്നപ്പോൾ ഇന്ത്യൻ പീനൽ കോഡിലെ മതങ്ങളെ സംബന്ധിക്കുന്ന കുറ്റങ്ങൾ വിവരിക്കുന്ന വകുപ്പിൽ ഉപയോഗിച്ചിട്ടുള്ള defile എന്ന വാക്കിന് ഇംഗ്ളീഷ് നിഘണ്ടുവിൽ നൽകിയിരിക്കുന്ന അർത്ഥം
ഭൗതികമായ അശുദ്ധി എന്നാണെന്നും അതാണ് പരിഗണിക്കേണ്ടതെന്നും യൂറോപ്യൻ ജഡ്ജി ജസ്റ്റീസ് പോർട്ടർ അഭിപ്പായപ്പെട്ടു.
എന്നാൽ ജസ്റ്റീസ് സർ മുത്തുസ്വാമി അയ്യർ ആകട്ടെ defile എന്ന വാക്കിന് ബ്രാഹ്മണർ എന്താണോ അർത്ഥം നൽകുന്നത് അതാണ് സ്വീകരിക്കേണ്ടതെന്ന നിലപാട് ആണ് സ്വീകരിച്ചത്. തുടർന്ന് കോടതി “താന്ത്രികമായ അശുദ്ധി “ എന്ന് അതിന് അർത്ഥം നൽകി തട്ടാനെ ശിക്ഷിച്ചു .പിന്നീട് തീയർ(ഈഴവർ) ക്ഷേത്രത്തിൽ പ്രവേശിച്ചപ്പോൾ മുത്തു സ്വാമി അയ്യരുടെ അഭിപ്രായം സ്വീകരിച്ചാണ് ക്ഷേത്ര പ്രവേശനത്തിന്റെ പേരിൽ അബ്രാഹ്മണരെ ശിക്ഷിച്ചത്.
133 വർഷം മുമ്പ് ഇന്ത്യൻ പീനൽ കോഡിലെ മതങ്ങളെ സംബന്ധിക്കുന്ന കുറ്റങ്ങൾ വിവരിക്കുന്ന വകുപ്പിൽ ഉപയോഗിച്ചിട്ടുള്ള defile എന്ന വാക്കിന് ബ്രാഹ്മണർ നൽകിയ “താന്ത്രികമായ അശുദ്ധി “ വ്യാഖ്യാനം ഇന്ത്യൻ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് തള്ളിക്കളഞ്ഞിട്ടും അതേ വ്യാഖ്യാനം ഉയർത്തിയാണ് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെ ബി.ജെ.പി യും , കോൺഗ്രസും തെരുവിൽ പിന്നീട് കലാപം സൃഷ്ടിക്കാൻ നേതൃത്വം നൽകിയത്. ഈ ബ്രാഹ്മണ്യ താന്ത്രിക വിധി പ്രമാണത്തിനെതിരെ ആയിരുന്നു തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതിയ വൈക്കം സത്യഗ്രഹം നടന്നത്. കൊല്ലത്ത് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ അവർണ്ണർക്ക് ക്ഷേത്ര പ്രവേശനം ആവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ ആവശ്യപ്പെട്ടു ടി.കെ. മാധവൻ പ്രസംഗിച്ചെങ്കിലും അന്നത്തെ കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റ് സി.ശങ്കരമേനോൻ അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ചെയ്തത്. കോൺഗ്രസിന്റെ ബ്രാഹ്മണ്യപക്ഷ നിലപാടിനെതിരെ ടി.കെ.മാധവൻ തിരുനൽവേലിയിലെത്തിയ
മഹാത്മാഗാന്ധിയോട് പരാതി പറഞ്ഞപ്പോൾ അദ്ദേഹം ഇങ്ങിനെ പറഞ്ഞു." കോൺഗ്രസ് കമ്മറ്റി ഈ പ്രമേയം എടുക്കാൻ പാടില്ല എന്ന് മിസ്റ്റർ ശങ്കര മേനോൻ പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ അഭിപ്രായം തെറ്റാണ് " മഹാത്മജി ഇങ്ങിനെ കുറിച്ചു " The virtue lay in quiet suffering, Asked whether the local Congress Committee should help in the matter of the rights of Ezhava and others.Mr Gandhi emphatically said that it was their duty to do so" അന്നത്തെ പ്രാദേശിക കോൺഗ്രസ് നിലപാടിനെ തള്ളിക്കളഞ്ഞു കൊണ്ട് മഹാത്മാഗാന്ധി പിന്തുണച്ച ചരിത്ര പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു കാലഹരണപ്പെട്ട ബ്രാഹ്മണ്യ തന്ത്രി നിയമം പൊളിച്ചെഴുതാനാണ് ദേശാഭിമാനി ടി.കെ.മാധവനും , കെ.പി.കേശവ മേനോനും അറസ്റ്റുവരിച്ച് ജയിൽവാസം അനുഭവിച്ചത്. ചരിത്രം വീണ്ടും ആവർത്തിക്കുന്നു മഹാത്മാഗാന്ധി തള്ളിക്കളഞ്ഞ പ്രാദേശിക കോൺഗ്രസ് നേതാവായ ശങ്കരമേനോൻ സ്വീകരിച്ച അതേ ബ്രാഹ്മണ്യ പക്ഷ നിലപാടിന്റെ തടവറയിലാണ് കാലമേറെ കഴിഞ്ഞിട്ടും കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇപ്പോഴും.
മന്നത്ത് പത്മനാഭപിള്ള, എൻ.രാമകൃഷ്ണപിള്ള, എം.എൻ.നായർ, വി.അച്ചുത മേനോൻ എന്നീ നായർ സമുദായ നേതാക്കളും താഴ്ന്ന ജാതിക്കാർക്ക് താന്ത്രിക അശുദ്ധി ആരോപിച്ച് ക്ഷേത്ര ദർശന വിലക്ക് ഏർപ്പെടുത്തിയതിനെതിരെ നടന്ന സമരത്തെ പിന്തുണക്കാൻ വൈക്കത്ത് എത്തിയിരുന്നു. ഇന്നാകട്ടെ ബ്രാഹ്മണ്യ താന്ത്രിക വിധിയുടെ സംരക്ഷണം ഉയർത്തി സുപ്രീംകോടതി വിധിക്കെതിരെ അതേ മന്നത്തു പത്മനാഭന്റെ പിൻമുറക്കാർ തെരുവിൽ കലാപം സൃഷ്ടിക്കുന്നു. പഴകി തുരുമ്പിച്ച ബ്രാഹ്മണ്യത്തിനു ഇന്ത്യൻ ഭരണഘടനയെ അടിയറ വക്കാൻ ശ്രമിക്കുന്ന അന്ധകാരത്തിന്റ ശക്തികൾക്കെതിരെ നവോത്ഥാന പോരാട്ടം വീട്ടിടങ്ങളിലും, നാട്ടിലും ഇനിയും തുടരുക തന്ന വേണം എന്നാണ് ഇതു തെളിയിക്കുന്നത്.
കടപ്പാട് : ദേശാഭിമാനി ടി.കെ.മാധവൻ NBS
No comments:
Post a Comment