Friday, September 30, 2011

നീതികാട്ടിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ : തോമസ് പ്രഥമന്‍ കാതോലിക്ക


കോലഞ്ചേരി: മലങ്കരസഭാ തര്‍ക്കത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ യാക്കോബായ സഭയോട് നീതിപൂര്‍വമായാണ് പെരുമാറിയതെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. പ്രാര്‍ഥനായജ്ഞം നടത്തുന്ന കോലഞ്ചേരി യാക്കോബായ ചാപ്പലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാതര്‍ക്കത്തില്‍ മധ്യസ്ഥചര്‍ച്ചകളെ മറുവിഭാഗം അംഗീകരിക്കുന്നില്ലെന്ന കാര്യം തുറന്നുപറയാന്‍ സര്‍ക്കാര്‍ മടിക്കുന്നു. എന്നാല്‍ ആരുടെ മധ്യസ്ഥശ്രമങ്ങളുമായും യാക്കോബായസഭ സഹകരിക്കും. കോലഞ്ചേരിയുള്‍പ്പെടെ തര്‍ക്കം നിലനില്‍ക്കുന്ന മുഴുവന്‍ പള്ളികളിലും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പു നടത്തി ഭൂരിപക്ഷത്തിന് ഭരണം കൈമാറണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ മൂന്നുമുതല്‍ കോലഞ്ചേരിയില്‍ ഉപവാസസമരം ആരംഭിക്കും. യാക്കോബായസഭയുടെ അരമനകളും പള്ളികളും വ്യവഹാര നടപടികളിലൂടെ മറുവിഭാഗം കൈയേറുന്നത് നിസ്സംഗരായി നോക്കിനില്‍ക്കാന്‍ കഴിയില്ല. ഇതില്‍ മനംനൊന്ത് വിശ്വാസികള്‍ തെരുവിലിറങ്ങിയാല്‍ അത് ക്രൈസ്തവസാക്ഷ്യത്തിന് വിരുദ്ധമായി കാണേണ്ടതില്ല. താനും യാക്കോബായസഭയും ക്രൈസ്തവസാക്ഷ്യത്തെ പിന്തുടരുന്നവരായതുകൊണ്ടാണ് മറുവിഭാഗത്തിനെതിരെ ഒരൊറ്റ കേസുപോലും നല്‍കാത്തത്. എന്നാല്‍ തനിക്കെതിരെ മാത്രം 500 കേസുകള്‍ നല്‍കി ഓര്‍ത്തഡോക്സ്വിഭാഗം ക്രൈസ്തവസാക്ഷ്യത്തെ പരിഹസിക്കുകയാണ്. നിലവില്‍ നടക്കുന്ന പ്രാര്‍ഥനായജ്ഞത്തിലൂടെ മാനസികവും ആത്മീയവുമായ ശക്തി സംഭരിച്ചശേഷം നിയമപരമായി സഭയ്ക്ക് അവകാശപ്പെട്ടതും മറുവിഭാഗം കൈയേറിയതുമായ മൂവാറ്റുപുഴ, മണ്ണുത്തി, കൊരട്ടി അരമനകളും കിഴക്കമ്പലം ദയറായും തൃക്കുന്നത്തു സെമിനാരിയും പിടിച്ചെടുക്കുമെന്നും ബാവ മുന്നറിയിപ്പു നല്‍കി. സഭാപ്രശ്നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ ഇപ്പോഴത്തെ സമരത്തില്‍നിന്നു പിന്മാറില്ല- കാതോലിക്ക ബാവ പറഞ്ഞു. ഇതിനിടെ കോലഞ്ചേരി പള്ളിയില്‍ ആരാധനാസ്വാതന്ത്ര്യം ആവശ്യപ്പെട്ട് യാക്കോബായവിഭാഗം നടത്തുന്ന പ്രാര്‍ഥനായജ്ഞം 20-ാം ദിവസത്തിലേക്കു കടന്നു.

No comments:

Post a Comment