Sunday, September 25, 2011

ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തക്ക് ഒരു തുറന്ന കത്ത്.

 ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തക്ക് ഒരു തുറന്ന കത്ത് .അഭി: ഒസ്താത്തിയോസ് തിരുമേനി,
  1.                                                              അങ്ങയോടു എല്ലാ ബഹുമാനവും പുലര്‍ത്തി കൊണ്ട്, കോലഞ്ചേരി പള്ളി പ്രശ്നം സംബന്ധിച്ച് അങ്ങ് ORTHODOX HERALD -ല്‍ പ്രസിദ്ധീകരിച്ച ബ:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ള തുറന്ന കത്തിലെ പരാമര്‍ശനങ്ങളോട് ഉള്ള ചില വിയോജിപ്പുകള്‍ അറിയിക്കട്ടെ.
  2. മലങ്കര സഭയിലെ ആദ്യ ഭിന്നിപ്പ് മാര്‍ത്തോമ സഭയുമായി ഉണ്ടായതാണ്എന്ന അങ്ങയുടെ നിഗമനത്തോട് ഞാന്‍ ആദ്യമേ വിയോജിക്കട്ടെ.കൂനന്‍ കുരിശു സത്യത്തിനു ശേഷം റോമന്‍ കത്തോലിക്ക സഭയുമായി ഉണ്ടായ ഭിന്നിപ്പില്‍ ഓരോ വിഭാഗത്തിന്റെ കൈവശം ഉണ്ടായിരുന്ന പള്ളികള്‍ അവരവര്‍ തന്നെ ഉപയോഗിക്കട്ടെ എന്ന വിശാല മനോഭാവം ആയിരുന്നു പൊതുവേ ഇരു വിഭാഗവും പുലര്‍ത്തിയത്‌എന്നത് അങ്ങ് ഓര്‍മ്മിക്കണം.നിരണം പള്ളിയുടെ കുരിശു പള്ളികള്‍ ആയിരുന്ന ചെങ്ങനാശേരി പള്ളിയും ആലപ്പുഴ പള്ളിയും ബ്രിട്ടീഷ് ഭരണ കാലത്ത് രാജ വിളംബരത്തില്‍ കൂടി അന്നത്തെ സുറിയാനി സഭക്ക് ലഭിച്ചിട്ടും ഇരു പള്ളികളിലും ഭൂരിപക്ഷം ഇടവകാംഗങ്ങള്‍ മറുപക്ഷത്ത് ആയിരുന്നതിനാല്‍ കത്തോലിക്ക സഭക്ക് വിട്ടു കൊടുത്ത് എന്നതാണ് പഴയ ചരിത്രം.
  3. മാര്‍ത്തോമ സഭക്ക് എതിരായി കോടതി ഉത്തരവുണ്ടായിട്ടും ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളിയില്‍ ഇപ്പോഴും ഓര്‍ത്തഡോക്‍സ്‌-മാര്‍ത്തോമ സഭകള്‍ പരസ്പരം സഹകരിച്ചു വ്യത്യസ്ത സമയങ്ങളില്‍ ആരാധന നടത്തുന്നു എന്നത് അങ്ങ് എന്ത് കൊണ്ടാണ് മറച്ചു വെച്ചത്.കോഴഞ്ചേരി പള്ളിയിലും ഇരുസഭകളും ഇപ്പോഴും സഹകരിച്ചു ആരാധന നടത്തുന്നുണ്ട് എന്നതും അങ്ങ് മറക്കരുത്.
  4. സുപ്രീം കോടതി 1064 പള്ളികളും ഓര്‍ത്തഡോക്‍സ്‌ സഭയുടെ ഉടമസ്ഥതയില്‍ ആണ് എന്ന് വിധി പുറപ്പെടുവിച്ചു എന്ന അങ്ങയുടെ പരാമര്‍ശനം പിശകാണ്.പള്ളികള്‍ കേസില്‍ കക്ഷികള്‍ അല്ലാത്തതിനാല്‍ ഈ കേസില്‍ അത്തരം ഒരു വിധി ഉണ്ടായില്ല എന്നതാണ് ശരി.ഞങ്ങളുടെ തലവന്‍ അന്ത്യോക്യ പാത്രിയര്‍ക്കീസ് ബാവായാണ് എന്ന് ഒരു വിഭാഗം ജനങ്ങള്‍ പറഞ്ഞാല്‍ പാടില്ല ഈ കോടതിക്ക് പറയാന്‍ കഴിയില്ല എന്നും സുപ്രീം കോടതി വിധിയില്‍ പ്രസ്താവിച്ചിട്ടുണ്ട് എന്നത് അങ്ങ് എങ്ങിനെ കാണാതെ പോയി? മലങ്കര സഭ സ്വയംശീര്‍ഷക സഭയോ സ്വതന്ത്ര സഭയോ അല്ല എന്നും, മാര്‍ത്തോമ സിംഹാസനം കേവലം ആലങ്കാരിക പ്രയോഗം മാത്രമാണ് എന്നും 1995 -ലെ സുപ്രീം കോടതി വിധിയില്‍ പറഞ്ഞിട്ടുള്ളത് എന്ത് കൊണ്ടാണ് സൌകര്യപൂര്‍വ്വം മറന്നു കളഞ്ഞത്?
  5. 1934- ലെ ഓര്‍ത്തഡോക്‍സ്‌ ഭരണഘടന സ്വീകരിക്കാത്തതിന്റെ     പേരില്‍ കോലഞ്ചേരി പള്ളിയിലെ 1600 -ല്‍ അധികം വരുന്ന പ:അന്ത്യോക്യ സിംഹാസന ഭക്തരായ ഇടവകയിലെ കുടുംബങ്ങള്‍ പെരുവഴിയില്‍ ഇറങ്ങണമെന്ന അങ്ങയുടെ നിലപാട് എത്ര വിചിത്രം ആണ്. അങ്ങ് മുന്‍പ് നിരവധി വേദികളില്‍ പ്രസംഗിച്ചിട്ടുള്ള സാമൂഹ്യനീതിയുടെയും , മനുഷ്യാവകാശ പ്രമാണങ്ങളുടെയും നഗ്നമായ ലംഘനമല്ലേ അങ്ങയുടെ ഇപ്പോഴത്തെ തല തിരിഞ്ഞ നിലപാട്.
  6. 1934- ലെ ഓര്‍ത്തഡോക്‍സ്‌ ഭരണഘടന ലംഘന കുറ്റം അങ്ങ് ആദ്യം ഉയര്‍ത്തേണ്ടത് അങ്ങയുടെ ഇപ്പോഴത്തെ തലവന്‍ അഭി:പൌലൂസ് കാതോലിക്കാക്ക് എതിരെ ആണ്. പൌരസ്ത്യ കാതോലിക്കയെ തിരഞ്ഞെടുക്കുന്നതിന് വിളിച്ചു ചേര്‍ക്കുന്ന അസോസിയേഷനില്‍ പങ്കെടുക്കുന്നതിനു ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ പ:അന്ത്യോക്യ പാത്രിയര്‍ക്കീസ്  ബാവായെ ക്ഷണിക്കണമെന്നും , അദ്ദേഹം സന്നിഹതനെങ്കില്‍, അസോസിയേഷനില്‍ അദ്ദേഹം അധ്യക്ഷത വഹിക്കണമെന്നും ഉള്ള ഭരണഘടന വ്യവസ്ഥ ലംഘിച്ചത് അങ്ങ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ സഭ അല്ലെ ?    
  7. പാത്രിയര്‍ക്കീസ് ബാവയുടെ ഭരണം വാനിഷിംഗ് പോയിന്റില്‍ എത്തി എന്ന് സുപ്രീം കോടതി വിധി ഉണ്ട് എന്ന അങ്ങയുടെ പരാമര്‍ശം തെറ്റി ധാരണ ഉളവാക്കുന്നതാണ്.പാത്രിയര്‍ക്കീസ് ബാവയുടെ അധികാരം വാനിഷിംഗ് പോയിന്റില്‍ എത്തി എന്ന് പറയാമെങ്കിലും പാത്രിയര്‍ക്കീസ് ബാവ ആകമാന സുറിയാനി സഭയുടെ ആത്മീയ പരമാധ്യക്ഷന്‍ ആകുന്നു എന്നും മലങ്കര സഭ ആകമാന സുറിയാനി സഭയുടെ ഒരു ഭാഗം മാത്രം ആകുന്നു എന്നും പാത്രിയര്‍ക്കീസ് ബാവ പൌരസ്ത്യ കാതോലിക്കയുടെ മേല്‍ അധികാരി ആകുന്നു എന്നും സുപ്രീം കോടതി സംശയ രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് അങ്ങ് എന്ത് കൊണ്ടാണ് മറച്ചു വെച്ചത്.
  8. ”സ്നേഹത്തിന്റെ അപ്പോസ്തലന്‍ ” “സാമൂഹ്യനീതി” എന്നീ പദങ്ങള്‍ പ്രസംഗിക്കാന്‍ മാത്രം ഉള്ളതാണെന്നും അവ പ്രയോഗിക്കാന്‍ ഉള്ളതല്ല എന്നും ഉള്ള അങ്ങയുടെ പരാമര്‍ശനം പരിശുദ്ധാത്മാഭിഷേകം  ലഭിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന ഒരു ക്രൈസ്തവ ഇടയനില്‍ നിന്നും ഒരിക്കലും ഉണ്ടാകേണ്ടതല്ല.സഹനത്തിന്റെയും ക്ഷമയുടെയും വാക്കുകള്‍ പറയേണ്ട അങ്ങയുടെ ഈ നിലപാട് തെറ്റാണെന്ന് ചരിത്രം വിധി എഴുതും
  9. ബ:മുഖ്യമന്ത്രിയെ അങ്ങ് "വാത്സല്യ മകനെ" എന്ന് സംബോധന ചെയ്തത് തീര്‍ത്തും പക്വത ഇല്ലാത്ത നിലപാട് ആയിപ്പോയി.ഉമ്മന്‍ ചാണ്ടി ഓര്‍ത്തഡോക്‍സ്‌ സഭയുടെ മാത്രം മുഖ്യമന്ത്രി അല്ല, കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ മുഖ്യ മന്ത്രി ആകുന്നു എന്നതും, "മുഖ്യ മന്ത്രി " എന്നത് ഒരു ഭരണഘടനാ സ്ഥാനി ആണ്എന്നതും എന്തെ അങ്ങ് മറന്നു? സ്വന്തം പുത്രന്‍ ജഡ്ജി പദവിയില്‍ ഇരിക്കുന്ന കോടതിയില്‍ അഭിഭാഷകനായ പിതാവ് കേസ് വാദിക്കുമ്പോള്‍ ജഡ്ജിയെ "വാത്സല്യ മകനെ"എന്നാണോ സംബോധന ചെയ്യേണ്ടത്?
  10. അങ്ങ് പട്ടം കൊടുത്ത ഒരു വൈദികന്‍ മറുപക്ഷത്ത് ഇപ്പോള്‍ മെത്രാപ്പോലീത്ത ആയതില്‍ അങ്ങേക്കുള്ള വേദനയില്‍ ഞാന്‍ പങ്കുകൊള്ളുന്നു.എന്നാല്‍ അങ്ങ് ഉയര്‍ത്തി പിടിക്കുന്ന 1934 -ലെ ഭരണഘടന പ്രകാരമല്ലാതെ , അങ്ങ് ഉള്‍ക്കൊള്ളുന്ന മലങ്കര അസോസിയേഷന്‍ തെരെഞ്ഞെടുക്കാതെ മേല്‍പ്പട്ട സ്ഥാനം സ്വീകരിച്ച മൂന്നു പേര്‍ കാല് മാറി വന്നപ്പോള്‍ അങ്ങ് എന്ത് ആവേശത്തോട്‌ കൂടി ആയിരുന്നു അവരെ സ്വീകരിച്ചത് എന്നത് മറന്നത് എന്ത് കൊണ്ടാണ്.?
  11. അങ്ങയുടെ കത്തില്‍ "യാക്കോബായ" എന്ന നാമത്തെ എത്ര അറപ്പോടും,വെറുപ്പോടും കൂടിയാണ് വിശേഷിപ്പിച്ചിട്ടുള്ളത്?അങ്ങയുടെ അറിവിലേക്കായി 1836 -ലെ മാവേലിക്കര പടിയോലയിലെ ഏതാനും ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ."ബാവായും,പുത്രനും റൂഹാക്കുദിശായുമായ പട്ടാഴ്ങ്ങപ്പെട്ട ഒരുവന്‍ തമ്പുരാന്റെ തിരുനാമാത്താലെ പള്ളികള്‍ അവയൊക്കെയുടെയും മാതാവായ അന്ത്യോഖ്യായുടെ പത്രോസിനടുത്ത സിംഹാസനത്തില്‍ മുഷ്കരപ്പെട്ടിരിക്കുന്ന ബാവാന്മാരുടെ തലവനും,തലവരുടെ തലവനും ആയ മാര്‍ ഇഗ്നാത്തിയോസിന്റെ കൈവാഴ്ചക്കീഴു മലങ്കര യാക്കോബായ സുറിയാനി പള്ളി ഇടവകയുടെ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയും അനന്തരവന്‍ മാര്‍ കൂറീലോസ് മെത്ത്രാപ്പോലീത്തയും തങ്ങളുടെ വിചാരത്തില്‍ ഉള്‍പ്പെട്ടു അങ്കമാലി മുതലായ പള്ളികളുടെ പട്ടക്കാരും വികാരിമാരും ജനങ്ങളും കൂടി മിശിഹാകാലം 1836 -ല്‍ ചെന്ന കൊല്ലം 1011 -ആണ്ടു മകര മാസം 5 -നു തമ്പുരാനേ പെറ്റ കന്യാസ്ത്രി അമ്മയുടെ നാമത്തിലുള്ള മാവേലിക്കര പള്ളിയില്‍ വെച്ചു നിശ്ചയിച്ചു എഴുതി വെച്ച പടിയോല."
  12. എത്ര ആദരവോടു കൂടിയാണ് പ:അന്ത്യോക്യാ സിംഹാസനത്തെയും,"യാക്കോബായ" എന്ന സഭയുടെ പേരിനെയും സത്യവിശ്വാസികളായ പഴയ സുറിയാനി സഭ കണ്ടിരുന്നത്‌ എന്നതിന്റെ നേര്‍ തെളിവല്ലേ ഇത്.
  13. അങ്ങ് ഉള്‍ക്കൊള്ളുന്ന ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭ അസോസിയേഷന്റെ സുറിയാനി ഭാഷയില്‍ ഉള്ള ഔദ്യോദിക മുദ്രയില്‍ എന്തിനാണ് ഇപ്പോഴും അങ്ങക്ക്‌ വെറുപ്പ്‌ ഉള്ള "മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍""  എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് അങ്ങ് വ്യക്തമാക്കുമോ?അങ്ങയുടെ മനസ്സിനെ മുറിപ്പെടുത്തുന്നതിനല്ല ഈ കത്ത് എഴുതുന്നത്‌.സത്യം ക്രൂശിക്കപ്പെടാതിരിക്കുന്നതിനു മാത്രം.ഉദ്ദേശ ശുദ്ധിക്ക് മാപ്പ് തരുമല്ലോ ?
                                                       

    No comments:

    Post a Comment