Sunday, November 24, 2024
തകർന്നടിഞ്ഞ് കോൺഗ്രസ്
കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആത്മവിശ്വാസവും മുന്നേറാനുള്ള കരുത്തും നൽകുന്നതാണ്. കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമായിരുന്നു. ഇതോടെ കേരളത്തിലെ ഇടതുപക്ഷവും പശ്ചിമ ബംഗാളിലേയും ത്രിപുരയിലേയും പോലെ അധികാരത്തിൽനിന്ന് പുറത്തേക്കുള്ള യാത്രയിലാണെന്ന് വലതുപക്ഷവും അവരുടെ മടിത്തട്ട് മാധ്യമങ്ങളും ആഖ്യാനങ്ങൾ ചമച്ചു. ചേലക്കര യുഡിഎഫ് വൻ ഭൂരിപക്ഷത്തിന് കൈക്കലാക്കുമെന്നും ഇവർ ഒരേസ്വരത്തിൽ പറഞ്ഞു. എന്നാൽ, എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് 12,201 വോട്ടിന് യുഡിഎഫിലെ രമ്യാഹരിദാസിനെ തോൽപ്പിച്ചു. 2016ൽ യു ആർ പ്രദീപ് ഈ മണ്ഡലത്തിൽ നേടിയ ഭൂരിപക്ഷം വർധിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാളും യു ആർ പ്രദീപ് നേടി. ഇതോടെ ചേലക്കരയിൽ രാഷ്ട്രീയവിജയം നേടാമെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും മോഹം പൊലിഞ്ഞു.
പാലക്കാട്ടാണെങ്കിൽ ബിജെപിയും എൽഡിഎഫും തമ്മിലുള്ള വോട്ടിന്റെ അന്തരം കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വലിയതോതിൽ കുറയ്ക്കാനും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിന് കഴിഞ്ഞു. കോൺഗ്രസ് വിജയം ആവർത്തിച്ചു എന്നത് ശരി. എന്നാൽ, അതിൽ കോൺഗ്രസുകാരേക്കാൾ ആഹ്ളാദം പ്രകടിപ്പിച്ചത് എസ്ഡിപിഐയാണ്. മതരാഷ്ട്രവാദികളായ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പിന്തുണയോടെയാണ് യുഡിഎഫ് മത്സരിച്ചതെന്ന ഞങ്ങളുടെ വാദം ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ആഹ്ളാദപ്രകടനവും തുടർന്നുള്ള എസ്ഡിപിഐയുടെ അവകാശവാദവും. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയ അത്രയും വോട്ട് തങ്ങളാണ് സംഭാവന ചെയ്തതെന്ന് എസ്ഡിപിഐ പരസ്യമായി പറഞ്ഞു. ഇതെല്ലാം വിരൽചൂണ്ടുന്നത് മതരാഷ്ട്രവാദികളുടെയും വർഗീയവാദികളുടെയും വോട്ട് നേടിയാണ് കോൺഗ്രസ് വിജയിച്ചത് എന്നാണ്.
>മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായത് അവിശ്വസനീയമായ തകർച്ച. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ 16 സീറ്റിലേക്കാണ് കോൺഗ്രസ് ചുരുങ്ങിയത്. 1990 വരെ കോൺഗ്രസിന് ഏറ്റവും സംഘടനാ ശേഷിയുള്ള സംസ്ഥാനമാണിത്. അടിയന്തരാവസ്ഥയ്‌ക്ക് ശേഷമുള്ള 1978ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പതറിയത് ഒഴിച്ചാൽ മഹാരാഷ്ട്രയിൽ 1990 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വമ്പിച്ച ഭൂരിപക്ഷം കോൺഗ്രസ് നേടി. 1990ൽ ശിവസേന രംഗപ്രവേശം ചെയ്‌തപ്പോഴും 141 സീറ്റുമായി കോൺഗ്രസ് കരുത്തു കാട്ടിഎന്നാൽ, 1995ലെ തെരഞ്ഞെടുപ്പ് മുതൽ ചിത്രം മാറി തുടങ്ങി. ശരത് പവാർ എൻസിപി രൂപീകരിച്ച് മത്സരിച്ച 1995ൽ കോൺഗ്രസ് 80 സീറ്റിലൊതുങ്ങി. 1978ലെ തെരഞ്ഞെടുപ്പ് മാറ്റി നിർത്തിയാൽ ചരിത്രത്തിൽ ആദ്യമായി 100 ൽ താഴെ സീറ്റിലേക്ക് മഹാരാഷ്ട്രയിൽ കോൺഗ്രസ് ചുരുങ്ങിയത് 1995 ൽ ആയിരുന്നു. പിന്നീടൊരിക്കലും മഹാരാഷ്ട്രയിൽ മൂന്നക്കം കാണാൻ കോൺഗ്രസിനായിട്ടില്ല. 1999ലെ തെരഞ്ഞെടുപ്പിൽ 75 സീറ്റിലേക്ക് ഇടിഞ്ഞെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി സ്ഥാനം കോൺഗ്രസ് വിടാതെ നിലനിർത്തി.എന്നാൽ 2004ൽ ഏറ്റവും വലിയ ഒറ്റക്കക്ഷി സ്ഥാനവും നഷ്ടമായി. കോൺഗ്രസ് 69 സീറ്റിൽ ഒതുങ്ങിയപ്പോൾ എൻസിപി 71 സീറ്റുമായി വലിയ ഒറ്റക്കക്ഷിയായി. 2009ലെ തെരഞ്ഞെടുപ്പിൽ 82 സീറ്റുമായി നില മെച്ചപ്പെടുത്തിയെങ്കിലും തുടർന്നുള്ള തെരഞ്ഞെടുപ്പുകൾ വീണ്ടും നിരാശയുടേതായി. 2014ൽ 42ഉം 2019ൽ 44 സീറ്റുമാണ് കോൺഗ്രസിന് ലഭിച്ചത്. 2014ൽ 122 സീറ്റു നേടി ബിജെപി സംസ്ഥാനത്ത് ആദ്യമായി മൂന്നക്കം കടന്നു.1990 മുതൽ ശുഷ്‌കിച്ചു തുടങ്ങിയ കോൺഗ്രസിന്റെ വോട്ടു നിലയിലും ഓരോ തെരഞ്ഞെടുപ്പിലും ഇടിഞ്ഞു. 1990ൽ 38.17 ശതമാനം ആയിരുന്നത് 2019ൽ 16ലേക്ക് താഴ്‌ന്നു. ഇത്തവണ വോട്ടു ശതമാനം 12.42 ലേക്കും ചുരുങ്ങി. യുപിയിലും ബിഹാറിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും ബംഗാളിലും സംഭവിച്ചതു പോലെ മറ്റൊരു വലിയ സംസ്ഥാനത്ത് കൂടി കോൺഗ്രസ് തൂത്തെറിയപ്പെടുന്ന സാഹചര്യമാണ് മഹാരാഷ്ട്രയിൽ ഒരുങ്ങുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment