ചരിത്രപരമായ
കുതിപ്പിലാണ്
കേരളത്തിലെ
ഉന്നത വിദ്യാഭ്യാസമേഖല.
വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കുന്നതിനുള്ള വലിയ മുന്നേറ്റമാണിത്. ആഗോള റാങ്കിങ്ങിൽ
മുന്നിലുള്ള മികച്ച
സർവകലാശാലകൾ, മികവുറ്റ അക്കാദമിക്, അടിസ്ഥാന സൗകര്യങ്ങൾ,
വിദേശവിദ്യാർഥികളുൾപ്പെടെ തേടിയെത്തുന്ന വിദ്യാർഥി സൗഹൃദ അന്തരീക്ഷം... ആഗോള വിദ്യാഭ്യാസ ഹബ്ബാകാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ഇതിനായി
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളും നടപടികളും
രാജ്യത്തിന്
മാതൃകയാകുകയാണ്
തിരുവനന്തപുരം
കേരളത്തിൽ ഉന്നത വിദ്യാഭ്യാസരംഗം വൻ കുതിപ്പിലാണ്. വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് സമൂഹത്തെയും സംസ്ഥാനത്തെയും നയിക്കുകയെന്ന അടിസ്ഥാന ലക്ഷ്യത്തിലൂന്നിയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. ഇതിനായി നടപ്പാക്കുന്ന പദ്ധതികളും നടപടികളും രാജ്യത്തിന് മാതൃകയാകുകയാണ്. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഇവിടെത്തന്നെ ഉറപ്പുവരുത്തുകയാണ് സർക്കാർ. സമഗ്രമായ പരിഷ്കാരങ്ങളിലൂടെയും ചിട്ടയായ ആസൂത്രണത്തോടെയുള്ള ഇടപെടലുകളിലൂടെയും മറ്റൊരു കേരള മോഡൽകൂടി സൃഷ്ടിക്കുകയാണ് സംസ്ഥാനത്തെ സർവകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും. വിജ്ഞാന വിസ്‌ഫോടനത്തെ അവസരമാക്കി മുന്നേറാൻ വിദ്യാർഥികൾക്ക് ആത്മവിശ്വാസം നൽകുകയാണ് അവ. അക്കാദമിക് നിലവാരം കൂടുതൽ ഉയർത്തുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിജയം കണ്ടുകഴിഞ്ഞു. നാക് അക്രഡിറ്റേഷൻ മുതൽ എൻഐആർഎഫ്, ക്യൂഎസ്, ടൈംസ് തുടങ്ങിയ റാങ്കിങ്ങിലെ മുന്നേറ്റങ്ങളടക്കം സാക്ഷ്യപ്പെടുത്തുന്നത് ഇതാണ്.
അടിസ്ഥാനസൗകര്യ വിപുലീകരണത്തിന്റെ മേഖലയിലും അക്കാദമിക് മികവ് വർധിപ്പിക്കുന്നതിലും ഉൾപ്പെടെ എല്ലാതലങ്ങളിലും സർക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും കാര്യക്ഷമമായ ഇടപെടലുകളാണ് എട്ടുവർഷമായി നടപ്പിലാക്കുന്നത്. നാക് റാങ്കിങ്ങിൽ എംജി, കേരള എന്നിവയിലെ എ പ്ലസ് പ്ലസ്, കലിക്കറ്റ്, കുസാറ്റ്, കാലടി എന്നീ സർവകലാശാലകൾ നേടിയ എ പ്ലസും 18 കോളേജിന്റെ എ പ്ലസ് പ്ലസും 31 കോളേജിന്റെ എ പ്ലസും 53 കോളേജിന്റെ എ ഗ്രേഡും വ്യക്തമാക്കുന്നത് രണ്ട് എൽഡിഎഫ് സർക്കാരുകൾ നടത്തിവരുന്ന പ്രവർത്തനമികവാണ്. എൻഐആർഎഫ് റാങ്കിങ്ങിലെ രാജ്യത്തെ മികച്ച 200 കോളേജുകളിൽ 42 കോളേജുകൾ കേരളത്തിലാണ്. പോളിടെക്നിക്, എൻജിനിയറിങ്, ആർക്കിടെക്ചർ വിദ്യാഭ്യാസ മേഖലയിലും നേട്ടങ്ങൾ രാജ്യത്തിന് മാതൃകയാണ്. കണ്ണൂർ, മലയാളം, ഫിഷറീസ്, കാർഷിക, വെറ്ററിനറി, സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളും മികവിന്റെ കേന്ദ്രങ്ങളാണ്. നിരവധി ന്യൂജെൻ കോഴ്സുകളും ആരംഭിച്ചു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (കെഐആർഎഫ്) പ്രവർത്തനം ആരംഭിച്ചു. കോളേജിൽ പ്രവേശനം നേടുന്നതുമുതലുള്ള വിദ്യാർഥികളുടെ വിവരശേഖരണത്തിനും സർവകലാശാല പ്രവർത്തനങ്ങളുടെ ആധുനികവൽക്കരണത്തിനുമായി കേരള റിസോഴ്സ് ഫോർ എഡ്യൂക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് (കെ റീപ്പ്) പദ്ധതിയും ശ്രദ്ധേയമാണ്. ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാൻ ലെറ്റ്സ് ഗോ ഡിജിറ്റൽ ക്യാമ്പയിനും തുടങ്ങി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി ബജറ്റ് വിഹിതം ഇരട്ടിയാക്കിയതും നേട്ടമായി. അടിസ്ഥാന സൗകര്യ വികസനത്തിന് ചിലവഴിച്ച തുക സർവകാല റെക്കോഡാണ്.
മികവിന്റെ കേന്ദ്രമായി സർവകലാശാലകൾ
ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരവും ആധുനിക ഗവേഷണവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സർവകലാശാലകളിൽ മികവിന്റെ കേന്ദ്രങ്ങളുമായി എൽഡിഎഫ് സർക്കാർ. നിലവിൽ പത്ത് മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അനുമതി നൽകി.ശാസ്ത്രം, സാമൂഹ്യശാസ്ത്രം, മാനവിക വിഷയം, ഭാഷ, കല എന്നിവയുടെ പഠന ഗവേഷണം ശക്തിപ്പെടുത്തുക, ഈ രംഗങ്ങളിൽ പുതിയ ഇടപെടലുകളും പരിഹാരങ്ങളും കൊണ്ടുവരിക എന്നിങ്ങനെ ആധുനിക വിജ്ഞാന സമൂഹ സൃഷ്ടിക്ക് സഹായകമായ നിരവധിയായ മാറ്റങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ വഴി ലക്ഷ്യമിടുന്നു. ഗവേഷകർക്കാവശ്യമായ അന്താരാഷ്ട്ര ജേർണലുകൾ സൗജന്യമായി ലഭ്യമാക്കുന്നതിനായി ഒരു ഇ -ജേർണൽ കൺസോർഷ്യം ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുഖേന നടപ്പിലാക്കിയിട്ടുണ്ട്. കിഫ്ബി ധനസഹായത്തോടെ സർക്കാർ കോളേജുകളിലും സർവകലാശാലകളിലും അത്യാധുനിക ഗവേഷണ ലബോറട്ടറികൾ, ക്ലാസ് മുറികൾ, ലൈബ്രറികൾ തുടങ്ങി വിവിധ സൗകര്യങ്ങൾ സർക്കാർ നടപ്പിലാക്കി. സ്റ്റാർട്ടപ് നയത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് ഗവേഷണ പാർക്കുകൾക്ക് രൂപം നൽകുകയാണ്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനൊപ്പവും ഓരോ സ്റ്റാർട്ടപ് പാർക്ക് എന്നതാണ് ലക്ഷ്യം.
ഡിജിറ്റൽ കേരള
രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാലയായ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള) വൈജ്ഞാനിക സമ്പത്ത് വ്യവസ്ഥയെ കെട്ടിപ്പടുക്കുന്നതിനുള്ള കേരളത്തിന്റെ കാൽവയ്‌പ്പാണ്. 2020ൽ പിണറായി സർക്കാരാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ്, ഡിജിറ്റൽ സയൻസ്, ഇലക്ട്രോണിക്സ് സിസ്റ്റം ആൻഡ് ഓട്ടോമേഷൻ, ഇൻഫോമാറ്റിക്സ് എന്നീ സ്കൂളുകൾ വഴി വിവരസാങ്കേതികവിദ്യകളിലെ മികവിന്റെ കേന്ദ്രമായി സർവകലാശാല പ്രവർത്തിക്കുന്നു. ഡിജിറ്റൽ മേഖലയിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലും ഗവേഷണങ്ങളിലും ഇവിടെ വിദ്യാർഥികളുടെ ശ്രദ്ധാകേന്ദ്രങ്ങളാണ്.
അടിമുടി മാറും
പഠനരീതി
നാലുവർഷ ബിരുദം യാഥാർഥ്യമായതോടെ അറിവിനോടൊപ്പം അറിവ് ഉൽപ്പാദിപ്പിക്കുന്നതിനും, പ്രായോഗികമായ അറിവുകൾ ആർജിക്കാനും, സംരംഭകത്വ താൽപ്പര്യങ്ങൾ ഉളവാക്കാനും ഉതകുന്ന കരിക്കുലം പരിഷ്‌കരണമാണ് കേരളം മുന്നോട്ടു വയ്‌ക്കുന്നത്. ഇതുവഴി തൊഴിൽ അന്വേഷകർ എന്നതിൽനിന്ന് തൊഴിൽ ദാതാക്കൾ എന്ന നിലയിൽ വിദ്യാർഥികൾ ഉയരും. വിദേശരാജ്യങ്ങളിലേതുപോലെ പൂർണമായും ക്രെഡിറ്റ് അടിസ്ഥാനമാക്കിയാകും ബിരുദ പഠനം. സ്വന്തം ഇഷ്‌ടത്തിനനുസരിച്ച് വിഷയങ്ങളുടെ കോമ്പിനേഷൻ തെരഞ്ഞെടുക്കാം. പ്രധാന വിഷയമായ മേജർ കോഴ്സുകൾ, അനുബന്ധ വിഷയങ്ങളായ മൈനർ കോഴ്സുകൾ, ഫൗണ്ടേഷൻ കോഴ്സുകളുടെ ഭാഗമായി ഭാഷാ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സുകൾ, വിവിധ വിഷയങ്ങൾ പഠിക്കുന്നതിനുള്ള മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ, അധ്യാപകർക്ക് സ്വയമേവ തയ്യാറാക്കി നൽകാവുന്ന സിഗ്നേച്ചർ കോഴ്സുകൾ എന്നീ ഘടകങ്ങളും, പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നൽകുന്ന ഇന്റേൺഷിപ്, പ്രോജക്ട് എന്നിവയും പുതിയ ബിരുദ കരിക്കുലത്തിന്റെ ഭാഗമാണ്.
https://www.deshabhimani.com/news/kerala/higher-education-in-kerala/1143459
No comments:
Post a Comment