Wednesday, September 25, 2024

ഇഷ്ടംപോലെ വായ്പയെടുക്കാൻ അനുവദിച്ചാൽ രാജ്യം കടക്കെണിയിൽ ആകില്ലേ?

ഓരോ സംസ്ഥാനത്തിനും ഇഷ്ടം പോലെ വായ്പയെടുക്കാൻ അനുവദിച്ചാൽ രാജ്യം കടക്കെണിയിൽ ആകില്ലേ? അതു കൊണ്ട് വായ്പയെടുക്കുന്നതിന് നിയന്ത്രണങ്ങൾ അനിവാര്യമല്ലേ? ഇങ്ങനെയൊക്കെയാണ് ചില ശുദ്ധാത്മാക്കൾ ചോദിക്കുക.

കടമെടുക്കുന്നതിന് ഒരു നിയന്ത്രണവും പാടില്ലാ എന്നല്ല വാദം. പക്ഷേ, കടത്തിന്റെ പരിധികൾ യാന്ത്രികമായി നിശ്ചിക്കാൻ കഴിയുന്ന ഒന്നല്ല. കൊവിഡു കാലത്ത് എല്ലാ രാജ്യങ്ങളും കടമെടുപ്പ് പരിധികളെല്ലാം ലംഘിച്ച് വായ്പയെടുത്ത് സർക്കാർ ചെലവ് ഉയർത്തിയില്ലേ? കോവിഡ് കഴിഞ്ഞപ്പോൾ വായ്പ എടുക്കുന്നത് കുറച്ചു കൊണ്ടു വന്നു. എത്ര വായ്പ എടുക്കണമെന്നത് പൊതു സാമ്പത്തിക സ്ഥിതികളെ ആശ്രയിച്ച് തീരുമാനമെടുക്കേണ്ട ഒരു കാര്യമാണ്. 

അതു പോലെ തന്നെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ നിരക്കിൽ ധനക്കമ്മിയും റവന്യുക്കമ്മിയും നിശ്ചയിക്കുന്നത് ശരിയല്ല. ഒരേ തൊപ്പി എല്ലാവർക്കും ചേരില്ല. ഇന്ത്യയിലെ സംസ്ഥാനങ്ങൾ വ്യത്യസ്ത വികസന പാതയിലൂടെയാണ് വളരുന്നത്. അവരുടെ ആവശ്യങ്ങളും വ്യത്യസ്തങ്ങളാണ്. 

ഉദാഹരണത്തിന് ബീഹാർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, യുപി തുടങ്ങിയ ബീമാരു സംസ്ഥാനങ്ങൾ എടുത്തു നോക്കൂ. 1961-ൽ ദേശീയ വരുമാനത്തിന്റെ 32.9 ശതമാനം ഈ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ വിഹിതം 27.7 ശതമാനം മാത്രമാണ്. 1961-ൽ ഇവരുടെ പ്രതിശീർഷ വരുമാനം ദേശീയ നിരക്കിന്റെ 80 ശതമാനം വരുമായിരുന്നു. എന്നാൽ ഇപ്പോൾ 70 ശതമാനമേ വരൂ. ഇവർക്ക് കൂടുതൽ പണം കൊടുക്കാത്തതു കൊണ്ടല്ല. 15-ാം ധനകാര്യ കമ്മീഷൻ കേന്ദ്ര നികുതി വിഹിതത്തിന്റെ 50 ശതമാനവും ഇവർക്കാണ് നൽകുന്നത്.

ഇത്രയും വലിയ വിഹിതം ലഭിച്ചിട്ടും സാമ്പത്തിക വളർച്ചയിൽ ഇവർക്ക് എന്തു കൊണ്ട് മുന്നേറാൻ കഴിയുന്നില്ല? ഈ സംസ്ഥാനങ്ങളിൽ വലിയൊരു യന്ത്ര ഫാക്ടറി സ്ഥാപിച്ചെന്നിരിക്കട്ടെ. ഈ ഫാക്ടറിയുടെ യന്ത്രസാമഗ്രികളും അസംസ്കൃത വസ്തുക്കളും പുറത്തു നിന്നായിരിക്കും വരിക. ജീവനക്കാരിൽ സിംഹപങ്കും അന്യ സംസ്ഥാനക്കാർ ആയിരിക്കും. അതു കൊണ്ട് മുതൽ മുടക്കിന്റെ അനുരണനങ്ങൾ പ്രാദേശിക സമ്പദ്ഘടനയിൽ വളരെ പരിമിതമായിരിക്കും. അവ പുറത്തോട്ട് ഒഴുകിപ്പോകും. ഈ സംസ്ഥാനങ്ങളിലെ എല്ലാം ക്രെഡിറ്റ് ഡെപ്പോസിറ്റ് തോത് താഴ്ന്നതാകും. സമ്പാദ്യം പോലും പുറത്തേക്ക് ഒഴുകുകയാണ്.

ഈയൊരു സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളുടെ ഉചിതമായ വികസന നയം എന്തായിരിക്കും? ഇത്തരത്തിൽ നിക്ഷേപം പൊടുന്നനെ പുറത്തേക്കു പോകാത്ത മാനവവികസന മേഖലയിൽ വേണം ഇടപെടൽ. കേരളവും തമിഴ്നാടും ചെയ്തതു പോലെ വിദ്യാഭ്യാസ-ആരോഗ്യ സുരക്ഷാ മേഖലകളിൽ വലിയ തോതിൽ പണം മുടക്കണം. ഇത് ചെയ്യണമെന്നുണ്ടെങ്കിൽ റവന്യു കമ്മി പൂജ്യം ആക്കാൻ നിർബന്ധിക്കരുത്. വായ്പയായി എടുക്കുന്ന പണവും ഈ മേഖലകളിൽ മുതൽ മുടക്കാൻ അനുവാദം നൽകണം. ഇന്നിപ്പോൾ കോവിഡ് കാലത്തു പോലും കടപ്പേടി മൂലം ഈ സംസ്ഥാനങ്ങൾ വായ്പ പൂർണ്ണമായും എടുത്തില്ല. എടുത്ത വായ്പയിൽ സിംഹപങ്കും റവന്യുക്കമ്മി പേടി മൂലം ട്രഷറിയിൽ ചെലവാക്കാതെ സൂക്ഷിക്കുകയാണ് ചെയ്തത്. കോവിഡ് കാലത്ത് 3,00,000 കോടി രൂപ ചെലവാക്കാതെ സംസ്ഥാനങ്ങൾ സൂക്ഷിച്ചൂവെന്നത് ഞെട്ടിപ്പിക്കേണ്ടതാണ്.

കേരളത്തിന്റെ സ്ഥിതി ഇതിനു നേർ വിപരീതമാണ്. സാമൂഹ്യക്ഷേമ മേഖലയിൽ ഉയർന്ന നിലയാണ്. പശ്ചാത്തല സൗകര്യങ്ങളിൽ ഏറ്റവും പിന്നാക്കമാണ്. അടിയന്തരമായി ഈ പിന്നാക്കാവസ്ഥ മറികടക്കണം. അതിനുള്ള മാർഗം കേരളത്തെ കൂടുതൽ വായ്പയെടുത്ത് പശ്ചാത്തല സൗകര്യങ്ങളിൽ മുതൽ മുടക്കുന്നതിന് അനുവദിക്കുകയാണ്. എന്നാൽ കേന്ദ്രം ഇപ്പോൾ ചെയ്യുന്നതോ പൊതുമേഖലാ സ്ഥാപനത്തിലൂടെ വായ്പയെടുത്ത് പശ്ചാത്തല സൗകര്യസൃഷ്ടി നടത്തിയതിന് കേരളത്തെ ശിക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാണ്. അതേ സമയം കേന്ദ്ര സർക്കാർ ഇഷ്ടംപോലെ വായ്പ എടുക്കുന്നു. ബജറ്റിനു പുറത്തും വായ്പയെടുക്കുന്നു. ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം.

ഇനി സാമ്പത്തിക വളർച്ചയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളോ? അവ പശ്ചാത്തലസൗകര്യ പിന്നാക്കാവസ്ഥ മറികടന്നു കഴിഞ്ഞു. വലിയ തോതിൽ റെയിൽവേ, ദേശീയപാത, തുറമുഖ നിക്ഷേപങ്ങൾ അവർക്കുണ്ട്. അവർക്ക് ഇല്ലാത്തത് സാമൂഹ്യക്ഷേമ മേഖലകളുടെ പിന്നാക്കാവസ്ഥയാണ്. ഇവർക്കും റവന്യുക്കമ്മിയിൽ ഇളവ് അനുവദിച്ചേ തീരൂ.

ഇതൊക്കെ ചർച്ച ചെയ്യുന്നതിനാണ് അന്തർസംസ്ഥാന കൗൺസിൽ വേണ്ടത്. ഈ ഭരണഘടനാ സ്ഥാപനം ഇന്ന് പ്രവർത്തിക്കുന്നില്ല. കേന്ദ്രം ഏകപക്ഷീയമായി ഓരോ കാര്യങ്ങളും തീരുമാനിക്കുകയാണ്. ഈ സ്ഥിതി അവസാനിപ്പിക്കണം. അതിനൊരു മാർഗം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങളുടെ വ്യത്യസ്ത വികസനപാത അംഗീകരിക്കുകയാണ്. അവരുമായി ചർച്ച ചെയ്ത് ഉചിതമായ ധനദൃഡീകരണ (fiscal stabilization) തന്ത്രം ആവിഷ്കരിക്കുകയാണ് വേണ്ടത്.

പക്ഷേ, ഇതൊന്നുമല്ല നടക്കുന്നത്. കാരണം ബിജെപി ഇന്ത്യയിലെ വൈവിധ്യത്തെ അംഗീകരിക്കാത്ത പാർടിയാണ്. രാഷ്ട്രത്തിനുള്ളിലെ എല്ലാം ഒരു പോലെ ആകണമെന്നാണ് അവരുടെ ശാഠ്യം. ഈ നിലപാടിനെ എതിർത്തു തോൽപ്പിച്ചു കൊണ്ടേ സംസ്ഥാനങ്ങളുടെ വികസനം ഉറപ്പു വരുത്താനാകൂ.

#പതിനാറാം ധനകാര്യകമ്മീഷൻ
© ഡോ.തോമസ് ഐസക് 
https://www.facebook.com/share/p/8fsdtWtRK7Rn6Jkh/?mibextid=Nif5oz

No comments:

Post a Comment