“വിഴിഞ്ഞം പോർട്ടിന് ഉമ്മൻ ചാണ്ടിയുടെ പേര് ഇടണം. അന്ന് പദ്ധതിയുടെ അന്തകനാകാൻ ശ്രമിച്ചത് പിണറായി വിജയൻ”. എന്നാണ് ആദ്യത്തെ മദർഷിപ്പ് ബർത്ത് ചെയ്യുന്ന വേളയിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന. അദാനിയുമായി ഉണ്ടാക്കിയ കരാറിനെ ദേശാഭിമാനി കടൽക്കൊള്ള എന്നു വിളിച്ചില്ലേ? പാർടി സെക്രട്ടറി പിണറായി വിജയൻ എതിർത്തില്ലേ? നിയമസഭയിലെ എന്റെയൊരു ചോദ്യവും ചിലർ ഉദ്ധരിച്ചു കണ്ടു. അന്നു പ്രതിപക്ഷത്തിന്റെ വിമർശനത്തിന് ഉമ്മൻ ചാണ്ടി വഴങ്ങിയിരുന്നെങ്കിൽ വിഴിഞ്ഞം തുറമുഖം ഉണ്ടാകുമായിരുന്നോ എന്നാണു ചോദ്യം.
ഇതിന് ഉത്തരം പറയണമെങ്കിൽ വിഴിഞ്ഞത്തിന്റെ നാൾവഴിയിലൂടെ ഒന്നു സഞ്ചരിക്കണം. വി.എസ് സർക്കാരിന്റെ കാലത്ത് എം. വിജയകുമാർ തുറമുഖ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ 2007-ൽ Zoom Developers എന്ന കമ്പനിക്ക് കരാർ ഉറപ്പിച്ചതാണ്. എന്നാൽ ഈ കമ്പനിയുടെ ഷെയർ ഹോൾഡർമാരിൽ ചൈനീസ് കമ്പനിയും ഉണ്ടെന്ന പറഞ്ഞ് പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി അനുവാദം നിഷേധിക്കുകയാണുണ്ടായത്.
വി.എസ് സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചു. പദ്ധതി റീടെണ്ടർ ചെയ്യുന്നതിനു മുന്നോടിയായി ആഗോള മീറ്റ് സംഘടിപ്പിച്ചു. റീടെണ്ടറിൽ കൊണ്ടപ്പള്ളിയുടെ ലാൻകോ പദ്ധതി അവരെ ഏൽപ്പിക്കുകയാണെങ്കിൽ സർക്കാർ പണം മുടക്കണ്ട, മറിച്ച് 115 കോടി രൂപ സർക്കാരിന് ഇങ്ങോട്ടു തരാമെന്നു വാഗ്ദാനം ചെയ്തു. സ്വാഭാവികമായും ടെണ്ടർ അവർക്ക് ഉറപ്പിച്ചു. അവരുടെ ബിസിനസ് എതിരാളിയായ സൂം കൺസോർഷ്യം കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ കോടതിയിൽ പോയി. നിയമക്കുരുക്കിൽ കുടുങ്ങിയതിനാൽ ലാൻകോ പദ്ധതിയിൽ നിന്നും പിന്മാറി.
തുടർന്ന് എൽഡിഎഫ് സർക്കാർ ലാൻഡ് ലോഡ് മോഡലിൽ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചു. എന്നു വച്ചാൽ സർക്കാരിന്റെ മുൻകൈയിൽ ഹാർബർ നിർമ്മിക്കുക. പിന്നീട് നടത്തിപ്പിന് ഒരു പങ്കാളിയെ കണ്ടുപിടിക്കുക. ടെണ്ടറിൽ പങ്കെടുത്തവരിൽ ഹൈദ്രാബാദിലെ ലാന്‍കോ കൊണ്ടപ്പള്ളിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ നൽകിയത്.
അവർ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായമില്ലാതെ തന്നെ തുറമുഖം നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 30 വര്‍ഷത്തിനു ശേഷം സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്നായിരുന്നു എല്‍ഡിഎഫ് കാലത്തുണ്ടാക്കിയ വ്യവസ്ഥ. കമ്പനിയില്‍ സര്‍ക്കാരിന് 24 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. ഇതിനായി 225 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപിക്കും. 30 വര്‍ഷം കഴിയുമ്പോള്‍ തുറമുഖത്തിന്റെ പൂര്‍ണ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്‌തമാകും.
പക്ഷേ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിൽ എത്തിയപ്പോള്‍ കമ്പനിയെ പിന്മാറ്റാന്‍ ചരടുവലി നടന്നു. ലാൻകോ കൊണ്ടപ്പള്ളിയുടെ മേധാവിയായ ഒരു കോൺഗ്രസ് എംപിയെ സ്വാധീനിച്ച് ദേശീയതലത്തിൽ തന്നെ ഇടപെട്ട് അട്ടിമറിക്കുകയായിരുന്നു എന്ന് അന്നു തന്നെ വാർത്തകൾ ഉണ്ടായിരുന്നു. ഒടുവിൽ ദുരൂഹസാഹചര്യത്തില്‍ അവർ പിന്മാറി.
വിഎസ് സർക്കാർ പദ്ധതി നടപ്പാക്കുന്നതിൽ നിന്നും പിൻവാങ്ങിയില്ല. ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പറേഷനെ തുറമുഖ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിച്ചു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന "ഡ്യൂറി" എന്ന സ്ഥാപനത്തെ മാര്‍ക്കറ്റ് പഠനത്തിന് ചുമതലപ്പെടുത്തി. ഡ്യൂറി നടത്തിയ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ലാൻഡ് ലോർഡ് മോഡലിൽ വിഴിഞ്ഞം തുറമുഖം നടപ്പാക്കാൻ തീരുമാനിച്ചു.
ഈ രീതി പ്രകാരം തുറമുഖം സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും. നിര്‍മാണത്തിനാവശ്യമായ തുക സര്‍ക്കാര്‍ കണ്ടെത്തും. നടത്തിപ്പില്‍ മാത്രം നാമമാത്ര സ്വകാര്യപങ്കാളിത്തം അനുവദിക്കും. 450 കോടി രൂപ ബജറ്റ് വഴിയും 2500 കോടി രൂപ എസ്ബിറ്റി ലീഡ് പാര്‍ട്ണറായുള്ള ബാങ്ക് കണ്‍സോര്‍ഷ്യം വഴിയും സമാഹരിക്കാന്‍ നിശ്ചയിച്ചു. ഇതിനു സമാന്തരമായി പദ്ധതി നടപ്പാക്കാനുള്ള സ്ഥലം ഏറ്റെടുക്കൽ, ശുദ്ധജലവിതരണം, ദേശീയപാതയില്‍ നിന്ന് തുറമുഖത്തേക്കുള്ള നാലുവരിപ്പാത, റെയില്‍ കണക്ടിവിറ്റി ഇവയ്ക്കെല്ലാം വേണ്ടിയുള്ള കരട് പദ്ധതികൾ തയ്യാറാക്കാനും തുടങ്ങി.
തുറമുഖ നിര്‍മാണം ആരംഭിക്കുന്നതിനുള്ള പരിസ്ഥിതി ക്ലിയറന്‍സിനായി 2010 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാരിനു സമർപ്പിച്ചു. പക്ഷേ കോൺഗ്രസ് നേതാവ് ജയറാം രമേശിനു കീഴിലുള്ള പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി പഠനത്തിനുള്ള അനുവാദം നിഷേധിച്ചു. കേന്ദ്രം പറഞ്ഞ ഒരു പ്രധാന ന്യായം വല്ലാര്‍പാടം, കുളച്ചല്‍, മദ്രാസ്, തൂത്തുക്കുടി തുറമുഖങ്ങൾ സമീപമുണ്ട് എന്നതായിരുന്നു. കേരളം നൽകിയ രണ്ടാമത്തെ അപേക്ഷയും കേന്ദ്രം തള്ളി. ഇതിന്റെ പിന്നിലെല്ലാം കളിച്ചത് കേരളത്തിലെ കോൺഗ്രസ് നേതാക്കളായിരുന്നു.
അതു കഴിഞ്ഞ് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നു. ഇടതുപക്ഷം ആവിഷ്കരിച്ച ലാൻഡ് ലോർഡ് മോഡലിൽ തന്നെ തുറമുഖം നിർമ്മിക്കുമെന്നായിരുന്നു നിയമസഭയിൽ പറഞ്ഞത്. പക്ഷേ, 2015 ഓഗസ്റ്റ് വരെ ഒരു നടപടിയും സ്വീകരിച്ചില്ല. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരണം. എന്നിട്ടും ഒന്നും സംഭവിച്ചില്ല. അന്ന് കേന്ദ്രമന്ത്രി ആയിരുന്ന എ.കെ. ആന്റണി കേരളത്തിലേക്ക് പുതിയൊരു വികസന പദ്ധതി കൊണ്ടു വരുന്നതിനു തനിക്കു ധൈര്യമില്ലായെന്നു പരസ്യമായി വിളിച്ചു പറഞ്ഞ കാലമാണ്. അത്രയ്ക്കു കെടുകാര്യസ്ഥത നിറഞ്ഞതായിരുന്നു ഉമ്മൻ ചാണ്ടി ഭരണം. ഇതിനെതിരെ വിഴിഞ്ഞം പദ്ധതിക്കു വേണ്ടി ശക്തമായ പ്രക്ഷോഭം എൽഡിഎഫ് സംഘടിപ്പിച്ചു. ആ പ്രക്ഷോഭത്തിന്റെ നാൾവഴി ഇതാ:
🔴 വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്ന അന്താരാഷ്ട്ര തുറമുഖ ലോബിക്കും യുഡിഎഫ് സർക്കാരിനും എതിരെ 23-10-2012-ന് ജനകീയ കൺവെൻഷൻ നടന്നു ഉദ്ഘാടകൻ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ.
🔴 വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി 3-4-2013-ല്‍ വീണ്ടും ജനകീയ കൺവെൻഷൻ നടന്നു. ഉദ്ഘാടകൻ ഡോ. ടി.എം. തോമസ് ഐസക്ക്.
🔴 പദ്ധതിക്കു വേണ്ടി 16-4-2013-ന് വിഴിഞ്ഞം മുതൽ സെക്രട്ടേറിയറ്റ് വരെ മനുഷ്യ ചങ്ങല തീർത്തു. പിണറായി വിജയൻ ആദ്യ കണ്ണി. പന്ന്യൻ രവീന്ദ്രൻ അവസാന കണ്ണി.
🔴 സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ 212 ദിവസം നീണ്ടുനിന്ന രാപ്പകൽ സമരം നടന്നു. ഉദ്ഘാടകൻ പിണറായി വിജയൻ. തിരുവനന്തപുരം പാർടി നടത്തിയിട്ടുള്ള എക്കാലത്തെയും ഏറ്റവും നീണ്ട പ്രക്ഷോഭമായിരുന്നു ഇതെന്നു വേണമെങ്കിൽ പറയാം.
വിഴിഞ്ഞം പദ്ധതിക്കു വേണ്ടിയുള്ള തെരുവിലെ ഈ പ്രക്ഷോഭം നിയമസഭയ്ക്കുള്ളിലും പ്രതിഫലിച്ചു:
🔴 8-1-2014-ന് “വിഴിഞ്ഞം പോര്‍ട്ടിന്റെ പ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കുന്നതിനു വേണ്ടി” പ്രതിപക്ഷ ഉപനേതാവായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയം.
🔴 3-2-2014-ന് മദര്‍ പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ നടത്തിയിരുന്ന നിരാഹാര സമരം നാല് ദിവസം പിന്നിട്ട വേളയില്‍ ജമീല പ്രകാശം, വി ശിവന്‍കുട്ടി, കോവൂര്‍ കുഞ്ഞുമോന്‍, എകെ ശശീന്ദ്രന്‍ എന്നിവരുടെ സംയുക്ത അടിയന്തര പ്രമേയം. അങ്ങനെ നിരന്തരമായ ഇടതുപക്ഷ സമരത്തിന് ശേഷമാണ് ഉമ്മൻചാണ്ടി സർക്കാർ അനങ്ങി തുടങ്ങിയത്.
തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ ടെൻഡർ വിളിച്ച് തുറമുഖ നിർമാണം അദാനിക്ക് കരാർ കൊടുത്തു. അദാനി മാത്രമേ ടെണ്ടറിൽ പങ്കെടുത്തിരുന്നുള്ളൂ. ടെണ്ടറിൽ പറഞ്ഞതിനേക്കാൾ വ്യവസ്ഥങ്ങൾ കൂടുതൽ ഉദാരമാക്കിയാണ് കരാർ ഉറപ്പിച്ചത്. ആ കരാറിനെ സിപിഐ(എം) രൂക്ഷമായി വിമർശിച്ചു.
ഉമ്മൻ ചാണ്ടി സർക്കാർ ഡൽഹിയിൽ വച്ച് എത്തിച്ചേർന്ന കരാർ തികച്ചും ഏകപക്ഷീയമായിരുന്നു. പദ്ധതി ചെലവിൽ സിംഹ പങ്കും സംസ്ഥാന സർക്കാരിന്റേത്. പക്ഷേ, 30 വർഷക്കാലത്തെ പോർട്ടിന്റെ നടത്തിപ്പിന്റെ ലാഭം മുഴുവൻ അദാനിക്ക്. അതുകഴിഞ്ഞ് 10 വർഷം സംസ്ഥാനത്തിന് ലാഭത്തിന്റെ ഒരു ശതമാനം ലഭിക്കും. 40 വർഷം കഴിയുമ്പോഴേ പോർട്ട് സംസ്ഥാനത്തിന്റേതാകൂ. ഇതിനെയാണ് വിമർശിച്ചത്.
പക്ഷേ കരാർ യാഥാർഥ്യമായി. എന്നാൽ വിമർശനമുള്ള എൽഡിഎഫ് എന്തു കൊണ്ട് കരാറിൽ നിന്നും പിൻവാങ്ങിയില്ലായെന്ന ചോദ്യത്തിന് ഉത്തരങ്ങൾ വ്യക്തമാക്കട്ടെ:
🟥 കേരളമാണ് കോർപ്പറേറ്റ് ഇൻവെസ്റ്റ്മെന്റ് ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന്. കേരളത്തിന്റെ വികസനത്തിന് കോർപ്പറേറ്റ് നിക്ഷേപം അത്യന്താപേക്ഷിതമാണ്. ഈയൊരു സാഹചര്യത്തിൽ കരാർ ഒപ്പിട്ട് പ്രവർത്തനം ആരംഭിച്ച ഒരു കമ്പനിയെ പുറംതള്ളുന്നത് സർക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കും.
🟥 മാത്രമല്ല, നിയമക്കുരുക്കിൽ പദ്ധതി ഇല്ലാതാകും. തമിഴ്നാട്ടിലെ കുളച്ചലിൽ പുതിയൊരു തുറമുഖത്തിനു കേന്ദ്രസർക്കാർ അനുവാദം കൊടുത്തിട്ടുണ്ട്. അത് വരുന്നതിന് മുൻപ് വിഴിഞ്ഞം പോർട്ട് പൂർത്തീകരിക്കാൻ കഴിയണം. അതു കൊണ്ട് എൽഡിഎഫ് സർക്കാർ പലവിധ തടസ്സങ്ങൾ മറികടന്ന് വേഗത്തിൽ പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
🟥 വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുമെന്നതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ വലിയൊരു തലസ്ഥാന മേഖല വികസന പരിപാടിക്ക് (Capital City Region Development Program) രൂപം നൽകിയിട്ടുണ്ട്. ഏതാണ്ട് 60,000 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി ദക്ഷിണ കേരളത്തിന്റെ മുഖച്ഛായ മാറ്റും.
🟥 എല്ലാറ്റിലും ഉപരി ഇന്ന് പദ്ധതിയെ എതിർക്കുന്ന ലത്തീൻ സഭ അടക്കമുള്ളവർ പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നു പറഞ്ഞ് സമരം വരെ നടത്തി. ഇതിന്റെ പശ്ചാത്തലത്തിൽ പദ്ധതിയിൽ നിന്നും പിന്മാറില്ല, മുന്നോട്ട് കൊണ്ടു പോകുമെന്ന് പ്രകടനപത്രികയിൽ എൽഡിഎഫ് വ്യക്തമാക്കി. വിമർശനങ്ങൾ ഒന്നും പിൻവലിക്കാതെ കേരളത്തിന്റെ ഉത്തമ താല്പര്യത്തെ മുൻനിർത്തി പദ്ധതി നടപ്പാക്കാൻ തീരുമാനമെടുത്തത് അങ്ങനെയാണ്.
യുഡിഎഫിന്റെ ശക്തമായ എതിർപ്പുകളെ മറികടന്ന് ഈ തീരുമാനം ഇച്ഛാശക്തിയോടെ നടപ്പാക്കിയതിന്റെ വിജയമാണ് വിഴിഞ്ഞത്ത് ആഘോഷിക്കുന്നത്.
https://www.facebook.com/share/p/Nt9xrGLSG7X1hox1/?mibextid=oFDknk
No comments:
Post a Comment