Thursday, May 30, 2024

കുടനാടും മുരിക്കനും ;ഗോപകുമാർ മുകുന്ദൻ

മുരിക്കും മൂട്ടിൽ തൊമ്മൻ എന്ന മുരിക്കൻ്റെ "സൃഷ്ടിയാണ് " കുട്ടനാട് എന്ന ആഖ്യാനം പുതിയതല്ല. ശ്രീ ടിജെഎസ് ജോർജ് തൻ്റെ ഘോഷയാത്രയിൽ എഴുതിയത് മുരിക്കൻ സൃഷ്ടിച്ച കുട്ടനാടിനെ ഭൂപരിഷ്കരണം നശിപ്പിച്ചു എന്നാണ്. അക്കാലത്തു തന്നെ അതിനോടു പ്രതികരിച്ചിരുന്നു. പല പ്രൊഫൈലുകളും കൊണ്ടാടിയ ഈ കഥ ഇപ്പോൾ ഒരു സംഘടിത ശ്രമമായി മാറുന്നു എന്നു വേണം മനസിലാക്കാൻ . സുഹൃത്തും അഭിഭാഷകനും രാഷ്ട്രീയ നേതാവുമായ ശ്രീ. പ്രദീപ് കൂട്ടാല ഏതാണ്ട് സമാനമായ ഒരു ആഖ്യാനം ഇന്നു പങ്കുവെച്ചു കണ്ടു. Kuttanadu Integrated Development Society എന്ന ഒരു പഴക്കം ചെന്ന ഒരു NGO യുടെ അദ്ധ്യക്ഷനായി പ്രദീപ് സമീപ ദിവസം തെരഞ്ഞെടുക്കപ്പെട്ടു എന്നാണ് മനസിലാക്കുന്നത്. അദ്ദേഹത്തിൻ്റെ പുതിയ ചുമതലയുടെ പശ്ചാത്തലത്തിലായിരിക്കണം മുരിക്കൻ സൃഷ്ടിച്ച കുട്ടനാട് എന്ന നരേറ്റീവിനു സമാനമായ ഒന്നു പ്രദീപ് മുന്നോട്ടു വയ്ക്കുന്നത്. മുരിക്കൻ്റെ അൻപതാം ചരമ വാർഷികം ഡിസംബറിൽ ആണെന്നു തോന്നുന്നു. മുരിക്കൻ എന്ന നല്ല അഗ്രിപ്രണറെ ഓർമ്മിക്കേണ്ടതുണ്ട്. തർക്കമില്ല. എന്നാൽ കുട്ടനാട് മുരിക്കൻ്റെ സൃഷ്ടിയാണ് എന്നൊക്കെയുള്ള ആഖ്യാനം അത്യധികം അതിശയോക്തിപരവും ചരിത്ര വിരുദ്ധവുമാണ്. 

കുട്ടനാട്ടിലെ നികത്തിൻ്റേയും കൃഷിയുടേയും ചരിത്രം ആവർത്തിച്ചു പറയേണ്ടതുണ്ട്. വസ്തു നിഷ്ഠമായി കാര്യങ്ങൾ ചർച്ചചെയ്യപ്പെടണം.

1. കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ ഏതാണ്ട് 55000 ഹെക്ടർ വരും.  എന്ന് പറഞ്ഞാൽ 136000 ഏക്കർ. ഇതിൽ 33000 ഹെക്റ്റർ കരപ്പാടങ്ങളാണ്. കരപ്പാടങ്ങൾ എന്ന് പറഞ്ഞാൽ താരതമ്യേന ഉയർന്ന നിലങ്ങൾ എന്നേ മനസ്സിലാക്കേണ്ടൂ. വൈക്കം, തുറവൂർ , പുറക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ കരിനിലങ്ങൾ 9000 ഹെക്ടർ വരും.13000 ഹെക്ടർ ആണ് കായൽ  നിലങ്ങൾ. നദികൾ ഒഴുക്കിക്കൊണ്ടൂ വന്ന എക്കൽ അടിഞ്ഞ് സ്വാഭാവികമായി രൂപപ്പെട്ട നിലങ്ങളും മനുഷ്യർ നികത്തിയെടുത്ത നിലങ്ങളുമുണ്ട്.  

2. “ പാലക്കാട്ടുള്ള പാടങ്ങൾ പോലെയായിരുന്നില്ല കുട്ടനാടൻ പാടങ്ങൾ. പ്രകൃതി നിർമ്മിതമായിരുന്നു പാലക്കാട്ടെ സമൃദ്ധി. കുട്ടനാട്ടിൽ നീണ്ടു നിവർന്നു കിടന്ന പച്ചപ്പരവതാനികൾ മുരിക്കൻ നിർമ്മിതിയായിരുന്നു.” ഈ ഉദ്ധരണി ശ്രീ ജോർജിൻ്റെ പുസ്തകത്തിൽ നിന്നാണ്. 

കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ മുരിക്കൻ എന്ന് അറിയപ്പെടുന്ന മുരിക്കും മൂട്ടിൽ തൊമ്മൻ  അഥവാ ജോസഫ് മുരിക്കൻ എന്ന കഠിനാദ്ധ്വാനിയും വിശ്വാസിയുമായ,  സിറിയൻ കത്തോലിക്കനായ ഒറ്റയാൾ പ്രസ്ഥാനം ഒരുനാൾ ഉണ്ടായ വെളിപാടിൻ പ്രകാരം  ( ഇതൊന്നും എന്റെ   പ്രയോഗങ്ങളല്ല ) പടുത്തുണ്ടാക്കിയതാണ് എന്ന് ടി. ജെ. എസ് ജോർജ്ജിനെ പോലെ പരിണിത പ്രജ്ഞനെന്നും മലയാളം ലോക പത്രപ്രവർത്തന മേഖലയ്ക്ക് നല്കിയ സംഭാവന എന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഒരാൾ,  കൊട്ടിഘോഷിക്കപ്പെടുന്ന ഘോഷയാത്രയിൽ കെട്ടി എഴുന്നള്ളിക്കുന്നത് എന്തിനാണ് എന്ന് അത്ഭുതം തോന്നിയിരുന്നു. എന്താണ് വാസ്തവം?

മുരിക്കൻ എന്ന കായൽ രാജാവിന്റെ മുൻകൈയ്യിൽ നികത്തിയത്,  ടി. ജെ. എസ് ജോർജ്ജിന്റെ അഭിപ്രായം അനുസരിച്ച് തന്നെ,  ചിത്തിര ക്കായൽ (900 ഏക്കർ), മാർത്താണ്ഡം കായൽ (652 ഏക്കർ) റാണിക്കായൽ ( 600 ഏക്കർ) എന്നിങ്ങനെയാണ്.  . അങ്ങനെ ആകെ 2152 ഏക്കർ അഥവാ 871 ഹെക്റ്റർ. അപ്പോൾ ആകെ കുട്ടനാടൻ നെൽപ്പാടത്തിന്റെ വിസ്തൃതിയായ 136000 ഏക്കറിന്റെ 1.58 ശതമാനമാണ് മൂരിക്കും മൂട്ടിൽ തൊമ്മൻ   സൃഷ്ട്ടിച്ചതെന്ന് ശ്രീ ടി. ജെ. എസ്. ജോർജ് തന്നെ. പറയുന്നത്.

3. അതുപോട്ടെ , കായൽ നിലങ്ങളുടെ ആകെ അളവ് 13000 ഹെക്ടർ ആണല്ലോ? ഇതിൽ എത്രയാണ് അദ്ദേഹത്തിന്റെ സംഭാവന ? 6.7 ശതമാനം. കായൽ നികത്തി നെൽപ്പാടം ഉണ്ടാക്കുന്നതിൽ ശ്രീ മുരിക്കും മൂട്ടിൽ തൊമ്മൻ ഒരു സംരഭകൻ എന്ന നിലയിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. അത് അങ്ങനെ പറയണം. അല്ലാതെ  മുരിക്കൻ പടച്ചതാണ് കുട്ടനാടൻ പാടങ്ങൾ എന്നൊക്കെ പറയുന്ന രീതിയ്ക്കാണ്  തള്ള് എന്ന് നാടൻ മലയാളത്തിൽ  പറയുന്നത്.

4.  വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും വളർന്ന  ഔത ആഴം കുറഞ്ഞ പ്രദേശത്തെ അടിത്തട്ട് കൃഷിയോഗ്യമാക്കാൻ മട കുത്തി വെള്ളം വറ്റിച്ച് പാടം ഉണ്ടാക്കിയ കഥയും ശ്രീ ജോർജ്   വിശദീകരിച്ചിരുന്നു. നികത്തിൻ്റെ സങ്കേതവും മെരുങ്ങും എല്ലാം മുരിക്കനു പേറ്റൻ്റു പോലെ എന്തോ ബൗദ്ധിക സ്വത്തവകാശമുള്ള സംഗതിയാണ് എന്ന നരേറ്റീവാണ് സൃഷ്ടിക്കപ്പെടുന്നത്.

 എന്താണ് വസ്തുത? കുട്ടനാട്ടിൽ എക്കൽ അടിഞ്ഞ് രൂപപ്പെട്ട നിലങ്ങൾ ഒഴികെ ബാക്കിയെല്ലാം  നികത്തി എടുത്തതാണ്.
ചതുപ്പിൽ  നിന്നോ അല്ലെങ്കിൽ കായലിൽനിന്നോ നികത്തിയതും, കുത്തിയെടുത്തതും.കുട്ടനാടിന്റെ വികസന ചരിത്രം തന്നെ നികത്തലിന്റെതാണ് ( Reclamations). 

 5. കുട്ടനാടൻ നികത്തലിന്റെ സാങ്കേതിക രീതി ആരുടേതാകും? അതറിയണമെങ്കിൽ ഈ ചതുപ്പിൽ ആദ്യം വന്നവർ ആര് എന്നറിയണം. ഭൂമി ലഭ്യമല്ലാതിരുന്ന സാധുക്കള്‍ ആകും. ഇത്തിരിപ്പോന്ന ഭൂമിയില്‍ താമസിച്ച് ജീവിതം തുടങ്ങിയവര്‍ ആണ് എക്കല്‍ തടത്തിന്റെ ഗുണം അറിഞ്ഞു കൃഷിയിറക്കിയവര്‍.  ഇത്തിരി ഭൂമി കൂടി ഉണ്ടെങ്കില്‍ എന്ന് കണ്ട് താമസ സ്ഥലത്തോട് ചേര്‍ന്ന ആഴം കുറഞ്ഞ ഭാഗം നികത്തി തുടങ്ങിയതും അപ്പോളാകും എന്ന അനുമാനമാണ് പണ്ടിതന്മമാര്‍ പങ്ക് വയ്ക്കുന്നത്.   കുട്ടനാട്ടില്‍ പില്‍ക്കാലത്ത് നടന്ന വന്‍കിട  കായല്‍ നികത്തിന്റെ സാങ്കേതിക വിദ്യ വാസ്തവത്തില്‍  ഈ ആദിമ കുട്ടനാട്ടുകാരുടെതാണ്.  നികത്തിയെടുത്ത  നിലത്തിന്റെ  കൃഷി സാധ്യത  തമ്പുരാക്കന്മാരെ  ആകര്‍ഷിക്കുകയാണ് ചെയ്തത്. ക്രമേണ നിലം നികത്തിച്ചെടുത്തവര്‍ തമ്പ്രാക്കളും പിന്നീട് മുതലാളിമാരുമായി.  തങ്ങള്‍ രൂപപ്പെടുത്തിയ സങ്കേതം കൊണ്ടുണ്ടാക്കിയ മടകളില്‍ പുലയരും പറയരും  ബലി കൊടുക്കപ്പെടുകയും  ചെയ്തു. (The saga of the commons in Kuttanad: appropriations, contests, developments, Mathew Kuriakose, 2014) . നികത്തിന്റെ സാങ്കേതിക രീതി പുലയന്റേതാണ്.അത് ആർക്കും ഓളപ്പരപ്പിൽ ഊളിയിട്ടപ്പോൾ വെളിപാടു വഴി കൈവന്നതല്ല. 

6. കുട്ടനാട്ടിലെ  ആസൂത്രിതമായ കായൽ നികത്ത് മൂന്നു  ഘട്ടങ്ങളായാണ് നടക്കുന്നത്.  1880 മുതല്‍1888 വരെയുള്ള ഒന്നാം ഘട്ടം. 1888 മുതല്‍ 1903 വരെയാണ് രണ്ടാം ഘട്ടം. 1903 – 1912 കാലത്ത് കായല്‍ നികത്ത് നിര്‍ത്തി വച്ചു. കായല്‍ നികത്ത് കൊച്ചി തുറമുഖത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് കണ്ട് മദ്രാസ്‌ പ്രസിഡന്‍സി  അധികാരികളുടെ  ആവശ്യ പ്രകാരം നികത്ത് നിര്‍ത്തി വയ്ക്കുകയായിരുന്നു. 1912 മുതല്‍ 1945 വരെയാണ് മൂന്നാം ഘട്ടമായി പറയുന്നത്. മൂന്നാം ഘട്ടത്തിലാണ് മൂരിക്കും മൂട്ടിൽ തൊമ്മൻ ജോസഫ് എന്ന മുരിക്കൻ റാണി, ചിത്തിര, മാർത്താണ്ടം കായലുകൾ  കുത്തുന്നത്. ഈ മൂന്നാം ഘട്ടത്തിലാണ് ഏറ്റവും അധികം കായൽ നികത്തപ്പെട്ടത്. 4406.68 ഹെക്റ്റർ. ഇതിൽ  871 ഹെക്റ്റർ മാത്രമാണ് മുരിക്കന്റെ നികത്ത്.
7.  അപ്പോൾ  മുരിക്കനും ഏതാണ്ട് നാലു പതിറ്റാണ്ട് മുൻപു തന്നെ ആസൂത്രിതമായ കായൽ കുത്ത് ഉണ്ടായിരുന്നു എന്നർത്ഥം. രണ്ട്, നികത്തിന്റെ അവസാന  ഘട്ടത്തിൽ    കുത്തിയ കായൽ നിലങ്ങളുടെ 19.7 ശതമാനം മാത്രമാണ് മുരിക്കൻ മുൻകൈ എടുത്ത് കുത്തിയത്. ശ്രീ ജോർജ് പറയുന്നത് പോലെ അദ്ദേഹത്തിനുണ്ടായ വെളിപാടാണ് കുട്ടനാടൻ പാടങ്ങൾ എന്നൊന്നും ശ്രീ മുരിക്കനോ  അദ്ദേഹത്തിന്റെ പിൻഗാമികളോ പറഞ്ഞിട്ടില്ല.

8. കായൽ നികത്തിലേക്ക് എത്തുന്നതിന് കൃത്യമായ ഒരു പൊളിറ്റിക്കൽ ഇക്കോണമി യുക്തിയുണ്ട്. അത് ഇവിടെ വിശദമായി പറയുക എളുപ്പമല്ല. എന്നാലും രണ്ട് കാര്യങ്ങൾ സൂചിപ്പിക്കണം. തിരുവിതാംകൂർ ലോക മുതലാളിത്ത ഉല്പ്പാദന- കൈമാറ്റ ശൃംഖലയിലെ കണ്ണിയായി മാറി. വെട്ടിപ്പിടിച്ച് വിപുലമാക്കിയ തങ്ങളുടെ രാജ്യം കാക്കാൻ  തിരുവിതാംകൂർ രാജാക്കന്മാർക്ക്  ബ്രിട്ടീഷുകാരുടെ സാമന്തൻമ്മാരാകുക എന്നത് അനിവാര്യമായി മാറി. കൃഷിയിലും ചെറുകിട വ്യവസായങ്ങളിലും എല്ലാം അങ്ങനെ ബ്രിട്ടീഷ് മൂലധനം കടന്നു വന്നു. മലയോരത്ത് അന്ന് ഏതാണ്ട് ആയിരം ചതുരശ്ര മൈൽ നെൽ കൃഷി ഉണ്ടായിരുന്നു. 1911 ആയപ്പോൾ മല വാരത്ത് പുതിയ നെൽകൃഷി നിരോധിക്കപ്പെട്ടു.പത്തൊൻപതാം നൂറ്റാണ്ടിന്റെ ഏതാണ്ട് പാതി മുതൽ മല വാരത്തെ നെൽകൃഷി പ്ലാന്റേഷന് വഴിമാറി തുടങ്ങിയിരുന്നു. ഇതിന്റെ ഫലമായി തിരുവിതാംകൂർ അരി ക്ഷാമത്തിൽ  എത്തി. കൂടുതൽ കൃഷി നിലങ്ങൾ വേണം എന്ന നില വന്നു. മലവാരത്ത് പറ്റില്ല. തീരത്ത് തെങ്ങും, ചെറുകിട വ്യവസായങ്ങളും. ഈ പശ്ചാത്തലമാണ് കായലിലേക്ക് അധികാരികളുടെ കണ്ണ്  എത്തുന്നതിന് അടിസ്ഥാനം. 

9. തിരുവിതാം കൂർ  സർക്കാർ  കായൽ നികത്തിന് ആനുകൂല്യങ്ങൾ  നൽകി. നഗരങ്ങളിൽ മദ്ധ്യ വർഗ്ഗ തൊഴിലുകൾ ചെയ്ത് ജീവിച്ച ജന്മി തമ്പുരാക്കൻമാരുടെ പിൻഗാമികൾക്ക്   അധികാരികളുമായുള്ള അടുത്ത  ബന്ധം നികത്തിനുള്ള അനുമതിയും ആനുകൂല്യങ്ങളും തരപ്പെടുത്താൻ ഉതകി. പണ്ഡാരപ്പാട്ട വിളംബരം ഭൂമിയിൽ ഉടമസ്ഥതയും ഉറപ്പ് വരുത്തി. ഇങ്ങനെ പഴയ ഭൂസ്വാമിമാരുടെ പിന്മുറക്കാർ  കായൽ നികത്തുകാരുമായി. ആദ്യത്തെ കായൽ നികത്ത് ചാലയിൽ ഇരവി കേശവപണിക്കരും കൂട്ടരുമാണ് സംഘടിപ്പിച്ചത്. ഇവിടെ ഒരു ചോദ്യമുണ്ട്. സുറിയാനി ക്രിസ്ത്യാനിയായ മുരുക്കും മൂട്ടിൽ തൊമ്മൻ  ജോസഫ് എങ്ങനെ രംഗത്ത് വന്നു? നായർക്ക് താഴെ ഒരു ജാതി വിഭാഗത്തിനും ഭൂ ഉടമസ്ഥത പോയിട്ട് ഭൂമി പാട്ടത്തിന് എടുക്കാൻ  പോലും അവകാശമുണ്ടായിരുന്നില്ല. ഇവിടെയാണ് സുറിയാനി ക്രിസ്ത്യാനികൾ ഭൂ ഉടമസ്ഥതയിലേക്ക് ഉയരുന്നത്. ഇത് എങ്ങനെ വന്നു പെട്ടു ?  തിരുവിതാം കൂർ  രാജാക്കന്മാർക്കു നായൻമാരോട് ഉണ്ടായ ചില കാലുഷ്യങ്ങളുണ്ട്. സാമൂഹ്യ ശ്രേണിയിൽ  സ്വധീനം ഉള്ള ഒരു ജാതി വിഭാഗത്തിന്റെ ഉദയം ഈ കണക്കു തീർക്കലിന് വേണ്ടിയുള്ളതായിരുന്നു. ഭൂ ഉടമസ്ഥതയോളം സ്വാധീനം സിദ്ധിച്ച വിഭാഗമായി സുറിയാനി ക്രിസ്ത്യാനികൾ ഉയരുന്നതിലെ അടിസ്ഥാനം ഇതു കൂടിയാണ്.   

10. തമ്പുരാക്കാൻമാരുടെ പിന്നാമ്പുറത്ത് കാലികളെപ്പോലെ കെട്ടിയിടപ്പെട്ട അടിമത്തൊഴിലാളികളായിരുന്നു (Attached Slave Labour)  കുട്ടനാട്ടിലെ അധസ്ഥിതർ.വൻകിട കായൽ നികത്തലുകൾ ഒരേ സമയത്ത്  ഒരു സ്ഥലത്ത് കൂടുതൽ തൊഴിലാളികളെ വേണ്ട   സ്ഥിതിയുണ്ടാക്കി. അക്കാലമായപ്പോൾ അടിമ 
വേല നിരോധിക്കപ്പെട്ടിരുന്നു. എന്നാലും ഇവർ  ജന്മിത്തമ്പുരാക്കളുടെ ദാസ്യ വേലക്കാരായി( Servile Labour ) തുടർന്നു.ഇവർ  കൂട്ടമായി കായൽ നിലങ്ങളിലേക്ക് നീങ്ങി. അതും പോരാതെ വന്നു.  കായൽ നികത്തിയ പുതിയ കൃഷിക്കാർ പഴയ ജന്മിമാരെ പോലെയല്ല. മുടക്കു  മുതലിനു കണക്കുണ്ട്. അത് ലാഭം സഹിതം  തരികെ വേണം. അതിനു  വേണ്ട ഉൽപ്പാദക ഘടകങ്ങൾ സംഘടിപ്പിക്കും. അങ്ങനെ കുട്ടനാടിനു പുറത്തു  നിന്നും കൃഷിക്കാലത്ത് പണിയെടുക്കാൻ  കരാർ  തൊഴിലാളികൾ എത്തി. ഇത് വലിയ തൊഴിലാളി കൂട്ടായ്മയ്ക്ക് വേദിയൊരുക്കി. ഇതേ സമയം ആലപ്പുഴയിലെ കയർ തൊഴിലാളികൾ സംഘടിക്കുകയും സമരം ചെയ്യുകയും ഒക്കെ പതിവായി. ഇതു  കൂലിയെ കുറിച്ചും അവകാശങ്ങളെ കുറിച്ചും എല്ലാം ചർച്ചയുണ്ടാക്കി. പിന്നെ കർഷക തൊഴിലാളി പ്രസ്ഥാനം. അവരുടെ അവകാശ സമരങ്ങൾ. പിന്നെ ആദ്യ കേരള സർക്കാർ . ഭൂപരിഷ്ക്കരണം. അതു പ്രയോഗികമാക്കാൻ തീക്ഷ്ണമായ സമരങ്ങൾ. മിച്ചഭൂമി പിടിച്ചെടുക്കൽ. അങ്ങനെ ചരിത്രം വികസിക്കുകയാണ് . 

11 . ഈ വികാസ ക്രമം അറിയാത്തത് കൊണ്ടാണോ  മുരിക്കൻ  സൃഷ്ടിച്ച  കുട്ടനാടിനെ കുറിച്ചുള്ള നരേറ്റീവുകൾ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത് അല്ല. പിന്നെയോ? അതിന്റെ പൊരുൾ  TJS ജോർജ്   പറയൂന്നുണ്ട്. 
ഭൂപരിഷ്ക്കരണം  മുരിക്കൻ പടുത്ത പച്ചത്തുരുത്തിനെ സർവ്വ നാശത്തിൽ എത്തിച്ചുവത്രേ. കുട്ടനാടിന്റെ നെൽകൃഷി ഖ്യാതി പൊയ്മറഞ്ഞുവത്രെ. സിദ്ധാന്ത ശാഠ്യം വരുത്തുന്ന വിന  എന്നതാണ് ശ്രീ ജോർജിന്റെ വിവരണം.  ഇതാണ് ഇപ്പോൾ ഉയരുന്ന ആഖ്യാനങ്ങളുടെ പൊരുൾ.

12 . ഇപ്പോൾ കുട്ടനാട്ടിൽ   ആണ്ടോടാണ്ടു 40000 ഹെക്ടർ  നെൽ കൃഷി ചെയ്യുന്നുണ്ട്. ശ്രീ ജോർജ് പറയുന്ന നല്ല  കാലത്ത് കൃഷി രണ്ടാണ്ട് കൂടുമ്പോഴായിരുന്നു എന്നു മറക്കരുത്. 

ഈ വികാസ ക്രമം കുട്ടനാട്ടിലെ മനുഷ്യർക്ക് എന്നു നൽകി. കൃഷി വിസ്തൃതിയുടെ കാര്യം പറഞ്ഞല്ലോ. ജീവിത ഗുണതയിലോ? 1911 ൽ പുലയന്റെ സാക്ഷരത 1.5 ശതമാനമായിരുന്നു. ഇപ്പോൾ 90  ശതമാനം. മട  കുത്തി കായൽ കൃഷി ചെയ്യുന്ന സാങ്കേതിക വിദ്യ പുലയന്റേതാണ് എന്ന് പറയാൻ അനുവദിക്കാത്ത പുഴുത്ത സവർണ്ണ ബോധമുണ്ടല്ലോ,  അത് ഈ മാറ്റം പുരോഗതിയായി അംഗീകരിക്കില്ല. 

കായൽ നികത്തും, അതിലെ കൃഷിയും, അവിടെ വളർന്ന  കാർഷിക ബന്ധങ്ങളും അതുണ്ടാക്കിയ സാമൂഹ്യ മാറ്റവും ഒന്നും ഒറ്റപ്പെട്ട വെളിപാടുകൾ സൃഷ്ട്ടിച്ച സംഗതികളല്ല . അത് അങ്ങനെയാണെന്ന് വരുത്താൻ  നടത്തുന്ന ശ്രമം  അത്ര നിഷ്ക്കളങ്കമല്ല.
https://www.facebook.com/share/JbYMnKQSEp1uKKtN/?mibextid=oFDknk

No comments:

Post a Comment