Tuesday, September 5, 2023

നാലാം ഭരണപരിഷ്കാര കമ്മീഷൻ ഷീലാ തോമസ് ഐഎഎസ് (റിട്ട)

സാമൂഹ്യ സാമ്പത്തിക, ശാസ്ത്ര സാങ്കേതിക മേഖലകളിൽ സംഭവിക്കുന്ന പുരോഗമനപരമായ മാ റ്റങ്ങൾക്ക് അനുസൃതമായി ഭരണ നിർവഹണ സംവിധാനങ്ങളിൽ രൂപപെടുത്തേണ്ട പരിഷ്കരണങ്ങളെ കണ്ടെത്തുകയും അടയാളപ്പെടുത്തുകയും ചെയ്യുക, ഇത്തരം മാറ്റങ്ങളെ കാര്യക്ഷമമായി പ്രതിഫലിപ്പിക്കുന്ന പ്രവർത്തന മാതൃകകൾ ഭരണയന്ത്രത്തിലെ ഓരോ ഘടകങ്ങൾക്കും നിർദേശിക്കുക എന്നീ ലക്ഷ്യങ്ങളോടെ മുൻ മുഖ്യമന്ത്രി വി എസ് അച്യതാനന്ദൻ അദ്ധ്യക്ഷനായി കേരള സർക്കാർ നാലാം ഭരണപരിഷ്കാര കമ്മീഷനെ നിയോഗിക്കുകയും പൊതു ഭരണ രംഗവുമായി ബന്ധപ്പെട്ട 13 പരിഗണനാ വിഷയങ്ങ ളിൽ ഉൾപ്പെട്ട മേഖലകൾ തിരഞ്ഞെടുത്ത് നിലവിലെ പ്രശ്നങ്ങൾ വിലയിരുത്തി അവ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനുള്ള ശുപാർശകൾ സർക്കാരിൽ സമർപ്പിക്കുക എന്ന ചുമതല കമ്മീഷനെ ഏൽപ്പിക്കുകയും ചെയ്തു. പരിഗണനാ വിഷയങ്ങൾ 1. സർക്കാരിന്റെ ഭരണയന്ത്രത്തിന്റെ ഘടനയും പ്രവർത്തനവും അവലോകനം ചെയ്യുന്നതിനും അതിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും പ്രതികരണ രീതിയും മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ നിർദേശിക്കുകയും ചെയ്യേണ്ടത് ഒരു ക്ഷേമരാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ആവശ്യമാണ്. 2. വകുപ്പുകളുടെ പങ്കിനെക്കുറിച്ചും വകുപ്പുകളുടെയും സർക്കാരിന്റെ പ്രധാന ഏജൻസികളുടെയും പങ്കിനെക്കുറിച്ചും പുനഃപരിശോധിക്കുകയും പുനർനിർവചിക്കുകയും ചെയ്യുന്നത് സംബന്ധിച്ച്. 3. ഗുണപരമായ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപിതവും കൂട്ടായതുമായ പ്രവർത്തനത്തിനുവേണ്ട നടപടികൾ നിർദേശിക്കലും. 4. സ്വജനപക്ഷപാതം, പക്ഷപാതിത്വം, അഴിമതി, കാലതാമസം വരുത്തൽ എന്നിവ ഇല്ലാതാക്കുന്നതിനും ഭരണസംവിധാനം കൂടുതൽ ഫലദായകമാകുന്നതിനും വേണ്ട നടപടികൾ നിർദേശിക്കുന്നതിനും. 5. കാര്യക്ഷമതയും പൗരരുടെ സംതൃപ്തിയും മെച്ചപ്പെടുത്തുന്നതിനുള്ള അധികാരം നൽകുന്നതിനുവേണ്ട നടപടികൾ നിർദേശിക്കൽ. 6. ഗവൺമെന്റിനു സ്വീകരിക്കാൻ കഴിയുന്ന ആധുനിക മാനേജ്മെന്റ് ശെെലികളും വിവരസാങ്കേതികവിദ്യാ സംവിധാനങ്ങളെയും ഉപകരണങ്ങളെയും നിർദേശിക്കുന്നതിനും. 7. സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കുന്നതിന് റിക്രൂട്ട‍മെന്റുമായും ഉദ്യോഗക്കയറ്റവുമായും ബന്ധപ്പെട്ട നയങ്ങൾ അവലോകനം ചെയ്യുന്നതിന്. 8. വിവിധ തലങ്ങളിലുള്ള വ്യത്യസ്ത സർക്കാർ സംവിധാനങ്ങളുടെ ജനാധിപത്യവത്കരണത്തിനുള്ള രീതികൾ നിർദേശിക്കുന്നതിനും ഭരണനിർവഹണത്തിൽ ജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും വേണ്ട നിർദേശങ്ങൾ നൽകുന്നതിനും. 9. പ്രധാന പൊതുസേവനങ്ങളുടെ നിർവഹണം വിലയിരുത്തുന്നതിനും അവയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ നിർദേശിക്കുന്നതിനും. 10. ഗവൺമെന്റിനെ കൂടുതൽ തുറന്ന സമീപനമുള്ളതും സമൂഹത്തോട് ഉത്തരവാദിത്തമുള്ളതും ബാധ്യസ്ഥതയുള്ളതുമാക്കുന്നതിനും വേണ്ട നടപടികൾ നിർദ്ദേശിക്കൽ. 11. ജൻഡർ ബജറ്റിങ്ങും ശിശു ബജറ്റിങ്ങും പ്രവർത്തനക്ഷമമാക്കുന്നതിനു വേണ്ട നടപടികൾ നിർദേശിക്കുന്നതിന്. 12. അനന്തരഫലവും പരിണത-ഫലവും അടിസ്ഥാനമാക്കിയ ബജറ്റിങ് പോലെയുള്ള ആധുനിക ധന ആസൂത്രണ ഉപകരണങ്ങൾ നിർദേശിക്കുന്നതിനും. 13. സർക്കാരിന്റെ ശേഷി കെട്ടിപ്പടുക്കൽ സംവിധാനം വിലയിരുത്തുന്നതിനും അതു കൂടുതൽ ഫലപ്രദമാക്കുന്നതിനും വേണ്ട നടപടികൾ നിർദേശിക്കുന്നതിനും. 14. മേൽസൂചിപ്പിച്ച കാര്യങ്ങളിൽനിന്ന് ഉയർന്നുവരുന്നതോ അവയുമായി ബന്ധപ്പെട്ടതോ കമ്മീഷന് അനുയോജ്യമെന്നോ ആവശ്യമെന്നോ തോന്നുന്ന മറ്റു ശുപാർശകൾ നൽകുന്നതിന്. ഏഴ് മുഖ്യ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് കമ്മീഷൻ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. അവ ചുവടെ ചേർക്കുന്നു 1. പൗരകേന്ദ്രീകൃത സേവനങ്ങൾ (Citizen First Services) 2. പരിസ്ഥിതിയും സുസ്ഥിര വികസനവും (Environment and Sustainable Development). 3. പാർശ്വവൽകൃത സമൂഹം മുഖ്യധാരയിലേക്ക് (Reaching the unreached) 4. ആസൂത്രണവും ധനകാര്യവും (Planning and Finance) 5. ഫലപ്രാപ്തിയള്ളതും കാര്യക്ഷമവുമായ ഭരണം (Result oriented and Effective Governance). 6. അടിസ്ഥാന സൗകര്യങ്ങളുടെ ഉപയോഗവും സംരക്ഷണവും (Infrastructure -Usage and Conservation) 7. ഉത്തരവാദിത്വ ഉദ്യോഗസ്ഥ ഭരണ സംവിധാനം (Towards more accountable bureaucracy) പ്രവർത്തന കാലയളവിൽ പ്രവർത്തന റിപ്പോർട്ട് ഉൾപ്പെടെ 14 റിപ്പോർടുകൾ കമ്മീഷൻ സർക്കാരിനു സമർപ്പിച്ചു. നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും ജനകേന്ദ്രിതമായി നടപ്പാക്കുന്നതിനും അതുവഴി കാലതാമസമില്ലാതെ ജനങ്ങൾ ആഗ്രഹിക്കുന്ന നിലയിൽ അവർക്കു സേവനങ്ങൾ ലഭ്യമാക്കുന്നു എന്നുറപ്പാക്കുന്നതിനും വേണ്ടി ആവശ്യമായ കാര്യപ്രാപ്തിയുള്ള ഭരണസംവിധാനത്തെ സജ്ജീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് നാലാം ഭരണപരിഷ്കാര കമ്മീഷന്റെ എല്ലാ റിപ്പോർട്ടുകളിലെയും പ്രധാന പ്രമേയം. സെക്രട്ടറിയേറ്റ് പരിഷ്കാരങ്ങൾ 
(13–ാമത് റിപ്പോർട്ട്) ‘സെക്രട്ടറിയേറ്റ് സംവിധാനത്തിൽ പരിഷ്കരണം നടപ്പാക്കുകയെന്നത് തീർച്ചയായും, ശ്രമകരമായൊരു ഉദ്യമമാണ്. പരിഷ്കരണം നടപ്പാക്കാനുള്ള ഗവൺമെന്റിന്റെ ശേഷിയെക്കുറിച്ചുള്ള ഒരു പരിശോധനയാണത്; മാറ്റം കൊണ്ടുവരുന്നതിനുള്ള ഗവൺമെന്റിന്റെ ഇച്ഛാശക്തിയുടെ ഉരകല്ലാണത്. ഭരണം മെച്ചപ്പെടുത്തുന്നതിനുള്ള ഏതൊരു ഗവൺമെന്റിന്റെയും പ്രതിബദ്ധതയുടെ തെളിവാകുന്ന ഒന്നാണത്. തീർച്ചയായും അത് പ്രയാസകരമായൊരു വെല്ലുവിളിയാണ്. ഈ കേന്ദ്ര സ്ഥാപനത്തിന്റെ പ്രവർത്തനത്തിന്മേലുള്ള ചെറിയ പുരോഗതികളും അതിന്റെ ഘടനയിലുള്ള നേരിയ മാറ്റവും പോലും താഴേക്ക് പ്രസരിക്കുമെന്നതിനാൽ സെക്രട്ടറിയേറ്റ് സംവിധാനത്തിന്റെ പരിഷ്കാരമെന്നത് തികച്ചും സമചിത്തതയോടെ സമീപിക്കേണ്ട ഒന്നാണ്. ഒരു ഉത്തരവാദ ഭരണം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിൽ ഗവൺമെന്റ് പ്രവർത്തനം അർത്ഥമാക്കുന്നു എന്നുള്ള ശക്തമായ സൂചനകൾ അത് കാണിക്കും. അത് ഉയർന്ന ദൃശ്യപരതയും നിർണായകമായ പ്രകടനാത്മക ഫലവുമുളവാക്കും. (മൂന്നാമത് ഭരണപരിഷ്കാര കമ്മിഷൻ, കേരള സർക്കാർ). സംസ്ഥാന സെക്രട്ടറിയേറ്റിനെക്കുറിച്ച് സമഗ്രമായൊരു പഠനം നടത്തുവാൻ മേൽപ്പറഞ്ഞ മൗലിക തത്വം ഭരണപരിഷ്കാര കമ്മീഷനെ (എആർസി) പ്രേരിപ്പിച്ചു. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ പരിഷ്കാരം കൊണ്ടുവരുന്നത് ഭരണ നിർവഹണത്തിന്റെ എല്ലാ ശാഖകളിലും സ്വാധീനമുണ്ടാക്കുമെന്നതുകൊണ്ട് സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട എല്ലാ പരിഷ്കാരങ്ങളും സെക്രട്ടറിയേറ്റിൽ നിന്ന് തുടങ്ങണമെന്ന് ആവർത്തിച്ചു പറയേണ്ടതില്ലല്ലോ. സെക്രട്ടറിയേറ്റിൽ ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാതെ ഗവൺമെന്റിന്റെ മറ്റ് ഏജൻസികളെ പരിഷ്കരിക്കുന്നതിനുള്ള ഏതൊരു ശ്രമവും വ്യർത്ഥമാണ്. ‘സേവനത്തിനുള്ള അവകാശ’ത്തിന്റെ ആദ്യതത്വം, സേവനങ്ങൾ ജനകേന്ദ്രിതമായി നിറവേറ്റുകയെന്നതാണ്. ജനകേന്ദ്രിതമായി സേവനങ്ങൾ നടപ്പാക്കുന്നു എന്നുറപ്പാക്കുന്നതിനുവേണ്ടി വിവിധ മേഖലകളിലായി നടപ്പാക്കേണ്ട അനേകം പരിഷ്കാര നടപടികൾ എന്തൊക്കെയെന്ന് ഭരണപരിഷ്കാര കമ്മീഷൻ അതിന്റെ ആദ്യകാല റിപ്പോർട്ടുകളിൽ തന്നെ നിർദ്ദേശിച്ചിരുന്നു. സെക്രട്ടേറിയറ്റ‍് പരിഷ്കാരങ്ങളെ സംബന്ധിച്ച റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ശുപാർശകൾ, സംസ്ഥാന ഭരണത്തിന്റെ പരമോന്നത സ്ഥാപനത്തെ പരിഷ്കരിക്കുന്നതിലൂടെ ഈ പ്രക്രിയ വേഗത്തിലാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സെക്രട്ടേറിയറ്റിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്; സെക്രട്ടേറിയറ്റിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഘടനയിലും ചട്ടങ്ങളിലും നടപടി ക്രമങ്ങളിലും മാന്വലുകളിലും നടപ്പാക്കേണ്ട പരിഷ്കാരങ്ങളും അതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു ; ഒപ്പം തന്നെ സെക്രട്ടേറിയറ്റിൽ ഇ– ഗവേണൻസ് നടപ്പാക്കൽ, അടിസ്ഥാന സൗകര്യങ്ങളും പരിതഃസ്ഥിതിയും മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത, സെക്രട്ടേറിയറ്റിന്റെ ഫലപ്രദമായ നടത്തിപ്പിനുതകുന്ന മറ്റുകാര്യങ്ങൾ തുടങ്ങിയവയും റിപ്പോർട്ട് പ്രതിപാദിക്കുന്നു. ധനകാര്യവും ആസൂത്രണവും 
(12–ാമത് റിപ്പോർട്ട്) ‘‘ധനകാര്യമെന്നാൽ കേവലം കണക്കല്ല; ധനകാര്യം മഹത്തായൊരു നയമാണ്; കാര്യക്ഷമമായ ധനകാര്യമില്ലാതെ കാര്യക്ഷമമായൊരു ഗവൺമെന്റ് സാധ്യമാകില്ല; കാര്യക്ഷമമായ ഗവൺമെന്റില്ലാതെ കാര്യക്ഷമമായ ധനകാര്യവും സാധ്യമാകില്ല’’ – ജയിംസ് വിൽസൺ. ജനങ്ങൾക്ക് സാമ്പത്തികവും സാമൂഹികവുമായ നീതി ഉറപ്പാക്കുക എന്നതാണ് ലോകത്താകെയുള്ള ഗവൺമെന്റുകളുടെ പ്രാഥമിക പരിഗണന; നികുതികളിൽ നിന്നും മറ്റ് പൊതു ധനകാര്യ ഉറവിടങ്ങളിൽ നിന്നും സൃഷ്ടിക്കപ്പെട്ട വിഭവങ്ങളുടെ കൃത്യമായ വിനിയോഗത്തിലൂടെയാണത് നടപ്പാക്കുന്നത്. ജനങ്ങളോടുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന് ഗവൺമെന്റുകൾക്കുവേണ്ട ഒരു മുന്നുപാധിയാണ് ധനകാര്യ വിഭവങ്ങളുടെ കൃത്യവും ഫലപ്രദവുമായ മാനേജ്മെന്റ് എന്നത്. വിഭവ ഉൽപാദനം, വിഭവവിന്യാസം, വിഭവ വിനിയോഗം എന്നിവ പൊതു ധനകാര്യ മാനേജ്മെന്റ് സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങളാണ്. ധനകാര്യ മേഖലയിലെ പരിഷ്കാരങ്ങൾ മറ്റു മേഖലകളിൽ പ്രതീക്ഷാനിർഭരമായ പ്രചോദനം ഉണ്ടാക്കുന്നതിന് അനിവാര്യമാണ്. ധനകാര്യപരിഷ്കാരങ്ങൾ ഗവൺമെന്റിനെ അതിന്റെ മുൻഗണനകളുടെ കാര്യത്തിൽ പുനരാലോചന നടത്താനും പരിപാടികളും നയങ്ങളും കൈക്കൊള്ളുന്നതിൽ വ്യക്തമായ ഉൾക്കാഴ്ച ഉറപ്പാക്കാനും സഹായിക്കും; ധനകാര്യ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പരിപ്രേക്ഷ്യങ്ങളിലെ നിഗൂഢത ഇല്ലാതാക്കാനും ഉത്തരവാദപ്പെട്ട കാഴ്ചപ്പാടുകളെയും പെരുമാറ്റത്തെയും പ്രോത്സാഹിപ്പിക്കുവാനും അത് ഗവൺമെന്റിനെ സഹായിക്കും. ജനങ്ങൾക്ക് പരമാവധി നേട്ടങ്ങൾ നൽകുകയും അതേസമയം ധനകാര്യ സുസ്ഥിരതയിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും മൊത്തത്തിലുള്ള വികസനത്തിലേക്കും നയിക്കുന്ന ആസ്തികളുടെ രൂപീകരണത്തിനും ജാഗ്രതയാർന്ന വിഭവ വിന്യാസം നടപ്പാക്കുന്നതിനും വേണ്ടി ഒന്നിച്ചു കൊണ്ടുപോകേണ്ട പരസ്പര പൂരകങ്ങളായ രണ്ട് പ്രക്രിയകളാണ് ധനകാര്യവും ആസൂത്രണവും. സമ്പദ്ഘടനയിൽ നിന്നും ഉചിതമായ രീതിയിൽ മതിയായ വിഭവങ്ങൾ ശേഖരിക്കുന്നതിനോടൊപ്പം ഈ വിഭവങ്ങൾ കാര്യക്ഷമമായും ഫലപ്രദമായും വിന്യസിക്കുകയും ഉപയോഗിക്കുകയും ചെയ്യുകയെന്നത് നല്ല ധനകാര്യ മാനേജ്മെന്റിന്റെ ഭാഗമാണ്. വിഭവോത്പാദനം, വിഭവ വിന്യാസം, വിഭവ വിനിയോഗം എന്നിവ പൊതു ധനകാര്യ മാനേജ്മെന്റിന്റെ അടിസ്ഥാന ഘടകങ്ങളാണ്. ഗവൺമെന്റിന്റെ ലക്ഷ്യങ്ങളെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളായി പരിവർത്തിപ്പിക്കുന്നതിനും ബഹുവിധമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വിഭവങ്ങൾ കാര്യഗൗരവത്തോടെ കൈമാറ്റം ചെയ്യുന്നതിനുമുള്ള ഗവൺമെന്റിന്റെ പരമപ്രധാനമായ സാമ്പത്തിക നയ ഉപകരണമാണ് ബജറ്റ്. കൃത്യമായി ആസൂത്രണം ചെയ്തുള്ള ബജറ്റ് രൂപവൽക്കരണവും അതിന്റെ നടപ്പാക്കലും, സുസ്ഥിരമായ ധനകാര്യ നയങ്ങളും സാമ്പത്തിക വളർച്ചയും വികസിപ്പിക്കുന്നതിന് നിർണായകമായും വേണ്ട ഒന്നാണ്. നിലവിൽ ബജറ്റ് വിന്യാസങ്ങളുടെ അവശ്യ വിലയിരുത്തലിനുവേണ്ടി യാതൊരുവിധത്തിലുള്ള സ്വതേയുള്ള വ്യവസ്ഥകളൊന്നും തന്നെയില്ലാത്ത ഇൻക്രിമെന്റൽ ബജറ്റിങ് സംവിധാനമാണ് ഗവൺമെന്റ് പിന്തുടരുന്നത്. ചെലവിന്റെ വളർച്ചാ നിരക്ക്, ഈ ചെലവുകൾ നിറവേറ്റുന്നതിനുള്ള വിഭവങ്ങളുടെ വളർച്ചാനിരക്കിനെ മറികടക്കുന്നതിനാൽ ധനകാര്യ വിഭവങ്ങളുടെ ഡിമാന്റും സപ്ലൈയും തമ്മിലുള്ള വിടവ് നിരന്തരമായി വിപുലീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്; ഇത് ഊതിവീർപ്പിക്കപ്പെട്ട വിഭവ എസ്റ്റിമേറ്റുകൾക്കും നിറവേറ്റപ്പെടാത്ത ടാർഗറ്റുകൾക്കും വഴിവയ്ക്കുന്നു. ചെയ്യുമെന്നേറ്റ, എന്നാൽ ഇനിയും പൂർത്തിയാക്കപ്പെട്ടിട്ടില്ലാത്ത സ്കീമുകളുടെ കാര്യത്തിലുള്ള ബാധ്യത, അടുത്ത സാമ്പത്തിക വർഷത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നു; ഇത് പരിമിതമായ വിഭവങ്ങൾക്കുമേലുള്ള സമ്മർദ്ദം വർധിപ്പിക്കുന്നു. സാമ്പത്തിക വികസനത്തിന്റെ സുസ്ഥിരതയും ദൃഢതയും നിലനിർത്തുന്നതിന് ഫണ്ടുകളുടെ അകത്തേക്കും പുറത്തേക്കുമുള്ള ഒഴുക്കുകൾ തമ്മിലുള്ള യുക്തിസഹമായ സമതുലിതാവസ്ഥ ഉറപ്പാക്കേണ്ടതുണ്ട്. പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യത്തിലും ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിലും കേരളം ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഒട്ടേറെ മേഖലകളിൽ സാങ്കേതികവിദ്യാപരമായ മാറ്റങ്ങൾ കെെക്കൊള്ളുന്നതിൽ സംസ്ഥാനം പിന്നിലാണ്. വാർഷിക പദ്ധതികൾ അധികവും ഹ്രസ്വകാല–തദ്ദേശീയമായ ആവശ്യങ്ങൾ സഫലീകരിക്കുന്നതിൽ കേന്ദ്രീകരിച്ചുള്ളവയാണ്. ഇത് അത്യാവശ്യമാണെന്നിരിക്കെത്തന്നെ, അതിവേഗ വികസനം ലക്ഷ്യംവച്ചുകൊണ്ടുള്ള ദീർഘകാല പദ്ധതികളിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. ഇത് സാമ്പ്രദായികമായ ആസൂത്രണ പ്രക്രിയ സംബന്ധിച്ച് ഗഹനമായൊരു പഠനവും ശാസ്ത്രീയാടിത്തറയുള്ളതും സാങ്കേതികവിദ്യയെ ഉൾക്കൊള്ളുന്നതും ആവാസവ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കുന്നതുമായ ദീർഘകാല ആസൂത്രണ സംവിധാനം വികസിപ്പിക്കുന്നതിനുള്ള പരിഷ്കാരങ്ങളുടെ നിർദേശവും അനിവാര്യമാക്കിതീർക്കുന്നു. ഇതിനു പുറമെ, സോഷ്യൽ ആഡിറ്റിന്റെ പ്രാധാന്യവും പ്രസക്തിയും റിപ്പോർട്ട് പരിശോധിക്കുകയും അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ടുമെന്റുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കുകയും ചെയ്തു; കോഡുകളിലെ ഏതാനും വ്യവസ്ഥകളിലും ധനകാര്യ ഉത്തരവാദിത്തങ്ങളുടെ/അധികാരങ്ങളുടെ പ്രതിനിധികളിലും പരിഷ്കാരങ്ങൾ/മാറ്റങ്ങൾ/ഭേദഗതികൾ റിപ്പോർട്ട് ശുപാർശ ചെയ്തു. മെച്ചപ്പെട്ട ഭരണനിർവഹണത്തിനും ഡിജിറ്റൽ കേരളത്തിനും 
ഇ–ഗവേണൻസ് 
(11-–ാമത് റിപ്പോർട്ട്) റിപ്പോർട്ടിൽ 2 ഭാഗങ്ങളാണുള്ളത്. ഭാഗം ഒന്നിൽ രണ്ട് വീക്ഷണത്തിലൂടെ സംസ്ഥാനത്ത് ഇ–ഗവേണൻസ് സംവിധാനങ്ങൾ കെെക്കൊള്ളുന്നതിനെ സംബന്ധിച്ച് വിലയിരുത്തുന്നു: അതായത് സംസ്ഥാന ഡിപ്പാർട്ട്മെന്റുതലത്തിലും ജനങ്ങളുടെ കാഴ്ചപ്പാടിൽനിന്നുകൊണ്ടും പ്രവർത്തിക്കുന്ന ഇ–ഗവേണൻസ് സംവിധാനം. ഇതിൽ ആദ്യം പറഞ്ഞതിനെ സേവനദാതാക്കൾ എന്ന നിലയിൽ വിപുലമായി കാണുകയും രണ്ടാമത് പറഞ്ഞതിൽ ജനങ്ങളെയും പൊതുസേവന കേന്ദ്രങ്ങൾ പോലെയുള്ള സഹായികളെയും ഉൾപ്പെടുത്തുകയും ചെയ്യാം. റിപ്പോർട്ടിലെ ഭാഗം രണ്ട്, സംസ്ഥാനത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചുള്ളതാണ്. ജനകേന്ദ്രിതമായി സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള ഭാവി പദ്ധതികളുടെ ഡിസെെനിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള ശുപാർശകൾ ഇതിലടങ്ങിയിരിക്കുന്നു. കാര്യക്ഷമമായ, സുതാര്യമായ, വിശ്വസനീയമായ, ചെലവിന്റെ കാര്യത്തിൽ ഫലപ്രദമായ രീതിയിൽ ജനങ്ങൾക്കും എല്ലാ തൽപ്പരകക്ഷികൾക്കും സേവനങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇ–ഗവേണൻസ് സംവിധാനം അവതരിപ്പിച്ചത്. സേവനദാതാവിൽനിന്ന്, സേവന സഹായിയിൽനിന്ന് സേവന സ്വീകർത്താവിലേക്കുള്ള കേരളത്തിലെ ഇ–ഗവേണൻസിന്റെ യാത്രയെക്കുറിച്ച് പഠിക്കുന്നതിന് റിപ്പോർട്ട് ശ്രമിച്ചു. പരിഷ്കാര ശുപാർശകൾ നടത്തുന്നതിനുവേണ്ടിയുള്ള അപഗ്രഥനാപരമായൊരു റിപ്പോർട്ട് എന്ന നിലയിൽ സംസ്ഥാനത്തെ ഇ–ഗവേണൻസ് സംവിധാനത്തിന്റെ അപര്യാപ്തതകളിൽ/പരിമിതികളിൽ ഈ റിപ്പോർട്ട് പ്രധാനമായും കേന്ദ്രീകരിച്ചു. ജനങ്ങൾ അപേക്ഷിച്ച സർട്ടിഫിക്കറ്റുകളിൽ 90 ശതമാനത്തിലധികവും മറ്റൊരു ഡിപ്പാർട്ട്മെന്റിന്റെ അല്ലെങ്കിൽ കാര്യാലയത്തിന്റെ സബ്മിഷനുവേണ്ടിയുള്ളതാണ്. ഒട്ടുമിക്ക സേവനങ്ങളും, ഗവൺമെന്റ് സംവിധാനത്തിനകത്തു നിന്നുതന്നെ ലഭ്യമായിട്ടുള്ള, പരിശോധിച്ചുറപ്പിക്കപ്പെട്ടതും ആധികാരികവുമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ നൽകാൻ സാധിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ സർട്ടിഫിക്കറ്റുകളുടെ ആവശ്യകതയെ സംബന്ധിച്ച് ഗവൺമെന്റ് പുനരാലോചന നടത്തണമെന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നത്. പ്രോ ആക്ടീവ് അഥവാ റിയൽ ടെെം സേവനവും ഭരണനിർവഹണവും എന്ന ആശയത്തിന് വരുംതലമുറയിലെ ഇ–ഗവേണൻസ് സംവിധാനത്തെ ആശയവത്കരിക്കുകയും രൂപകൽപ്പന ചെയ്യുകയും ചെയ്യേണ്ടതുണ്ട്. സംസ്ഥാനത്ത് ഇ–സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഏതെങ്കിലും വിധത്തിലുള്ളൊരു പുറന്തള്ളൽ/ബഹിഷ്കരണം കാണുന്നില്ല എന്നായിരുന്നു റിപ്പോർട്ടിലെ ഒരു പ്രധാന കണ്ടെത്തൽ. ഇ–ഗവേണൻസിന് വളരെ ഉയർന്ന പൊതുമൂല്യമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനകേന്ദ്രിത സേവനം 
(10–ാമത് റിപ്പോർട്ട്) ഗവൺമെന്റ് സേവനങ്ങളെക്കുറിച്ച്, അത് കേന്ദ്ര സർക്കാരിന്റേതായാലും സംസ്ഥാന സർക്കാരിന്റേതായാലും തദ്ദേശീയ സ്ഥാപനങ്ങളുടേതായാലും, ഉയർന്ന പ്രതീക്ഷയാണ് കേരളം പോലെയൊരു സാക്ഷര സമൂഹത്തിനുള്ളത്. ഏതെങ്കിലുമൊരു സമയത്ത് പൗരർക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഗുണമേന്മയും സേവനനിലവാരവുമാണ് ഇൗ പ്രതീക്ഷകളെ രൂപപ്പെടുത്തുന്നത്. ഈ പ്രതീക്ഷകൾക്കു തുടർച്ചയായി മാറ്റങ്ങൾ സംഭവിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കുമുന്നിലുള്ള വെല്ലുവിളി, അതിനുള്ളിലെ നിവാസികളുടെ എക്കാലവും വർധിക്കുന്ന പ്രതീക്ഷകൾ നിറവേറ്റുക എന്നതാണ്; അത് നിരന്തരമായ മെച്ചപ്പെടുത്തലുകളിലൂടെ മാത്രമേ നേടിയെടുക്കാൻ സാധിക്കുകയുമുള്ളൂ. സ്ഥാപനപരമായ പരിപ്രേക്ഷ്യത്തിനുമപ്പുറം ജനങ്ങളുടെ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ട് പ്രശ്നങ്ങളെ പഠിക്കുവാനായിരുന്നു ഭരണപരിഷ്കാര കമ്മിഷൻ ശ്രമിച്ചത്. കൃത്യമായ ഫീൽഡ് വർക്കിലൂടെ രൂപപ്പെടുത്തിയെടുത്ത ശുപാർശകളുടെ നടപ്പാക്കൽ, ലഭ്യമായ രേഖകളിന്മേലുള്ള കൂടിയാലോചനയും പുനരവലോകനവും എന്നിവ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങളിൽ നിർണായകമായ പുരോഗതിയുണ്ടാക്കും. ഫലപ്രദമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനെ ബാധിക്കുന്ന തടസ്സങ്ങളെ മനസ്സിലാക്കുവാൻ റിപ്പോർട്ട് ശ്രമിച്ചു; അതായത് സംവിധാന പ്രക്രിയകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അടിസ്ഥാന സൗകര്യം, മനുഷ്യവിഭവങ്ങൾ, ശ്രേണീബന്ധമായ ബന്ധങ്ങൾ, വകുപ്പുകൾ തമ്മിലുള്ള സംയോജനം, സേവന നിലവാരങ്ങളുടെ ലഭ്യത തുടങ്ങി ഫലപ്രദമായ സേവനത്തെ ബാധിക്കുന്ന തടസ്സങ്ങൾ കണ്ടെത്താൻ റിപ്പോർട്ട് ശ്രമിക്കുകയും ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ നിർദേശിക്കുകയും ചെയ്തു. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ രണ്ടു രീതിയിൽ പൗരർക്ക് സേവനങ്ങൾ ലഭ്യമാക്കുന്നു: ഒന്നാമത്തേത്, നേരിട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴിയുള്ളവ; അതായത് സർട്ടിഫിക്കറ്റുകൾ, ലെെസൻസ് എന്നിവ നൽകുക, നികുതി ശേഖരിക്കുക, പൗരർക്കുവേണ്ട സേവനങ്ങൾ നൽകുക തുടങ്ങിയവ. അടുത്തത്, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ലെെൻ ഡിപ്പാർട്ട്മെന്റുകളുടെ തൃണമൂലതല സ്ഥാപനങ്ങളുടെ സേവനങ്ങളാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ‘പ്രാദേശിക ഗവൺമെന്റുകളാണ്’ എന്നതുകൊണ്ടുതന്നെ, ഗുണന്മേയുള്ള പൊതുസേവനങ്ങൾ കാര്യക്ഷമമായും സമയബദ്ധമായും ലഭ്യമാക്കുന്ന കാര്യത്തിൽ, അങ്ങനെ പൗരരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിൽ ഈ ‘ഗവൺമെന്റുകൾ’ എത്രത്തോളം വിജയിക്കുന്നുണ്ട് എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഈയൊരു വിശാലമായ അർഥത്തിലാണ് ഭരണപരിഷ്കാര കമ്മിഷൻ തദ്ദേശ തലത്തിൽ ഗവൺമെന്റ് സംവിധാനത്തിന്റെ സേവനങ്ങളുടെ നടപ്പാക്കൽ സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. ഉത്തരവാദിത്വബോധവും/
പൊതുജന തർക്ക പരിഹാര 
സംവിധാനവും സർക്കാരിൽ വെബ്സ്റ്റേഴ്സ് ഡിക്ഷ്ണറിയിൽ ‘‘അക്കൗണ്ടബിലിറ്റി’’ക്ക് നൽകുന്ന നിർവചനം ‘‘കണക്കു പറയാൻ നിർബന്ധിതമാകുന്ന അവസ്ഥയോ ഗുണമോ; അവനവൻ ചെയ്യുന്ന കാര്യത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാനുള്ള സന്നദ്ധതയോ ബാധ്യതയോ’’ എന്നാണ്. കണക്കുപറയാനുള്ള ബാധ്യത എന്നിതനർഥം ശിക്ഷിക്കപ്പെടുക എന്നല്ല. അവനവൻ ചെയ്യുന്ന ജോലിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള സന്നദ്ധത എന്നതാണ്. തൊഴിലിടത്തിൽ അക്കൗണ്ടബിലിറ്റിയുണ്ടാവുക എന്നതിനർഥം അവിടെയുള്ള എല്ലാ ജീവനക്കാരും തങ്ങളുടെ പ്രവൃത്തികൾക്കും പെരുമാറ്റത്തിനും നടപടികൾക്കും തീരുമാനങ്ങൾക്കും ഉത്തരവാദികളായിരിക്കുക എന്നതാണ്. ഇത് ജീവനക്കാരുടെ ജോലിയോടുള്ള പ്രതിബദ്ധതയിലും ധാർമികതയിലുമുള്ള ഉയർന്ന നിലവാരവുമായി ബന്ധപ്പെട്ടതാണ്. ഇതുമൂലം അവർ ചെയ്യുന്ന ജോലിയുടെ പെർഫോമൻസ് മെച്ചപ്പെട്ടതായി മാറുന്നു. കെെക്കൊള്ളുന്ന തീരുമാനങ്ങളുടെയും നടപടികളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കൽ എന്നതിന്റെയർഥം അഴിമുക്തമായിരിക്കുകയും ഭരണനടപടികൾ സുതാര്യമായിരിക്കുകയും ചെയ്യുക എന്നതാണ്. ഉത്തരവാദിത്വമേറ്റെടുക്കൽ സംവിധാനങ്ങളുടെ ഫലപ്രാപ‍്തിയും കാര്യക്ഷമതയും സർക്കാർ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെയും ഉത്തരവാദിത്വം ഉറപ്പാക്കുകയും ഗവൺമെന്റ് പ്രവർത്തനങ്ങളിലെ സുതാര്യതയെ സഹായിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ പ്രതീക്ഷയും യഥാർഥത്തിലുള്ള സേവന ലഭ്യതയും തമ്മിൽ അന്തരമുണ്ടാകുമ്പോഴാണ് പൊതുജനങ്ങളിൽനിന്ന് പരാതികൾ ഉയരുന്നത്. പൊതുജന പരാതി പരിഹാരം ജനകേന്ദ്രിതമായ സേവന ലഭ്യതയ്ക്കുള്ളതും സദ്ഭരണനിർവഹണമായി ബന്ധപ്പെട്ടതുമായ നയങ്ങൾ രൂപീകരിക്കുന്നതിലെ പ്രധാന ഘടകമാണ്. നിലവിലുള്ള അക്കൗണ്ടബിലിറ്റി സംവിധാനത്തിലെ പൊതുജന പരാതി പരിഹാര സ്ഥാപനങ്ങളുടെ പ്രധാന പരിമിതികളിൽ ചിലത് കണ്ടെത്തുന്നതിനുള്ള ശ്രമമാണ് ഈ റിപ്പോർട്ടിൽ നടത്തിയിട്ടുള്ളത്. കണ്ടെത്തിയ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി സർക്കാർ പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്വബോധവും ഉറപ്പാക്കുന്നതിനും വേണ്ട ശുപാർശകൾ നടത്തിയിട്ടുണ്ട്. ജനങ്ങളുടെ പരാതികൾ -ഫലപ്രദമായി പരിഹരിക്കുന്നതിനുവേണ്ട സംവിധാനത്തെ സംബന്ധിച്ചും ശുപാർശ ചെയ്തിട്ടുണ്ട്. റിപ്പോർട്ടിൽ സംസ്ഥാനത്തെ ഭരണനിർവഹണത്തെ ഉത്തരവാദിത്വബോധമുള്ളതാക്കി മാറ്റുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് വിശകലനം ചെയ്യുകയും വകുപ്പുകളും സ്ഥാപനങ്ങളും ജീവനക്കാരും ഉത്തരവാദിത്വം പ്രകടിപ്പിക്കേണ്ട സംവിധാനത്തെക്കുറിച്ച് ഒരു വിഹഗ വീക്ഷണം നടത്തിയിട്ടുമുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കണ്ടുകൊണ്ടും അവരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടും സദ്ഭരണം നടപ്പാക്കുന്നതിൽ ഈ സ്ഥാപനങ്ങൾ വിജയിച്ചതെങ്ങനെയെന്നു മനസ്സിലാക്കുന്നതിന് സംസ്ഥാനത്തെ പൊതുജന പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ചും റിപ്പോർട്ട് പരിശോധിക്കുന്നു. ഈ സ്ഥാപനങ്ങളുടെ സേവനം ലഭ്യമാകുന്നതിൽ ജനങ്ങൾ നേരിടുന്ന തടസ്സങ്ങൾ കണ്ടെത്തി അതു പരിഹരിക്കുന്നതിനുള്ള ശുപാർശകൾ നൽകുകയും ചെയ്തിട്ടുണ്ട്. ജനപക്ഷ സേവന ലഭ്യതയെ സഹായിക്കുന്നതിനും സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രകടനം മെച്ചപ്പെടുത്തുന്നതിനും അക്കൗണ്ടബിലിറ്റി ആന്റ് പബ്ലിക്ക് ഗ്രീവൻസ് മക്കാനിസം സർക്കാരിനെ സഹായിക്കുന്നു. സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും കാര്യക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂതന പദ്ധതികൾ അവർ ആവിഷ്കരിക്കുന്നതാണ്. ഈ സ്ഥാപനങ്ങളെ നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നത് അവയുടെ ദൃഢതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് അനുപേക്ഷണീയമാണ്. നയങ്ങൾക്ക് രൂപംനൽകുന്നവരുടെ ഇച്ഛാശക്തിയാണ് ഇതിന് പ്രധാനമായും ആവശ്യം. പൊതുജന പരാതി പരിഹാര തന്ത്രങ്ങളും ഉത്തരവാദിത്തബോധവും പ്രാബല്യത്തിലാക്കുന്നതിലെ മുഖ്യ വെല്ലുവിളി നിലനിൽക്കുന്ന ധാരണകളെ പൊളിക്കുന്നതിലും ഭരണ സംവിധാനത്തിനുമേൽ ആധിപത്യം സ്ഥാപിച്ചിട്ടുള്ള നിക്ഷിപ്ത താൽപര്യങ്ങളെ തകർക്കുന്നതിലുമുള്ള ബുദ്ധിമുട്ടാണ് പൊതുജനങ്ങളുടെ പരാതികൾക്ക് അതിവേഗം പരിഹാരം കാണുന്നതിനും അക്കൗണ്ടബിലിറ്റി ഉറപ്പാക്കുന്നതിനും ഭരണനിർവഹണ സംവിധാനത്തിൽ എത്രയും വേഗം അടിമുടി മാറ്റംവരുത്തേണ്ടതായുണ്ട്. സദ്ഭരണം സാധ്യമാകുന്നത് വിവര വിനിമയവും സുതാര്യതയും അക്കൗണ്ടബിലിറ്റി ഉറപ്പാക്കുന്നതും പൊതുജനപരാതികൾക്ക് പരിഹാരമുണ്ടാക്കുന്നതും മുൻഗണന ആയിരിക്കുമ്പോൾ മാത്രമാണ്. റിപ്പോർട്ടിൽ ഭരണപരിഷ്കാര കമ്മിഷൻ എത്തിച്ചേരുന്ന നിഗമനം കാര്യക്ഷമവും ഫലപ്രദവുമായ പൊതുസ്ഥാപനങ്ങൾക്ക് അടിത്തറയിടണമെന്നാണ്. അതിന്മേലായിരിക്കണം പൊതുജനവിശ്വാസം വളർത്തിക്കൊണ്ടുവരേണ്ടതും ഭരണത്തിലും സേവന വിതരണത്തിലും പൊതുജനങ്ങൾക്ക് സംതൃപ്തി ഉറപ്പുവരുത്തേണ്ടതും. ഉത്തരവാദിത്തബോധവും പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതും ഉറപ്പുവരുത്തുന്നതും ഏതു ഗവൺമെന്റിന്റെയും മുന്നിലുള്ള പ്രബലവും സങ്കീർണവുമായ വെല്ലുവിളികളായി നിലനിൽക്കുന്നു. ബഹുമുഖവും ബഹുതലവുമായ ഇടപെടലുകൾ ഇതിനാവശ്യമാണ്. സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലെ സുതാര്യതയും വസ്തുനിഷ്ഠതയും ഫലപ്രദവും കാര്യക്ഷമവുമായ അക്കൗണ്ടബിലിറ്റി സംവിധാനങ്ങളിലൂടെ സർക്കാർ ജീവനക്കാരുടെയും രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെയും ഉത്തരവാദിത്വബോധവും പരാതി രഹിത ഭരണനിർവഹണം കെെവരിക്കുന്നതിന് ഗവൺമെന്റിന് സഹായകമാകും. ഉത്തരവാദിത്തപൂർണമായ ഭരണനിർവഹണത്തിനു പുറമേ, പരാതികൾ പ്രകടിപ്പിക്കുന്നതിനും അവയ്ക്കു ഫലപ്രദമായി പരിഹാരം കാണുന്നതിനും ദൃഢതയുള്ള പരാതി പരിഹാര സംവിധാനങ്ങൾ സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. സുസ്ഥിര വികസനം
ഭരണനിർവഹണനത്തിലെ 
പ്രശ്നങ്ങൾ (8-–ാമത് റിപ്പോർട്ട്) സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഭാവിതലമുറകളുടെ കഴിവിനെ കുറച്ചുകാണാതെ ഇപ്പോഴത്തെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ട വികസനം സംബന്ധിച്ചുള്ള കാഴ്ചപ്പാടിന്റെ അനന്തരഫലമായിരിക്കണം സുസ്ഥിര വികസനം. ഈ കാഴ്ചപ്പാട് നടപ്പാക്കുന്നതിന് ഭരണത്തിലെ സദ്ഭരണവുമായി ബന്ധപ്പെട്ട പ്രക്രിയകൾ സ്വീകരിക്കുന്നതിലും നിലവിലുള്ള വികസനകാഴ്ചപ്പാടിലും അടിമുടി മാറ്റം ആവശ്യമാണ്. സുസ്ഥിര വികസനമാണ് ഏതു രാഷ്ട്രത്തിന്റെയും ഭാവിയെ സംബന്ധിച്ച് നിർണായകം; ഇതിന് ഗവൺമെന്റും സ്വകാര്യമേഖലയും സിവിൽ സമൂഹവും തമ്മിലുള്ള പങ്കാളിത്തം ആവശ്യമാണ്. പട്ടിണിയും ദാരിദ്ര്യവും നിർമാർജനം ചെയ്യുന്നതും പരിസ്ഥിതി സംരക്ഷണവും സാമൂഹ്യവികസനവും ഉൾച്ചേർക്കലും സുസ്ഥിരതയും അടിസ്ഥാനമാക്കിയ സാമ്പത്തികവളർച്ചയെയാണ് ഐക്യരാഷ്ട്ര സഭ സദ്ഭരണത്തിന്റെ ലക്ഷ്യങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ഏതു വികസനത്തെയും സുസ്ഥിരമാക്കി മാറ്റുന്നതിന് ബന്ധപ്പെട്ട മേഖലയുടെ വളർച്ചയിൽ എല്ലാ വശങ്ങളും സന്തുലിതമാക്കപ്പെട്ടിട്ടുണ്ടെന്നത് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. മറ്റുള്ളവർക്ക് സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തെ ഹനിച്ചുകൊണ്ട് ഏതെങ്കിലുമൊരു വിഭാഗത്തിന് സ്വസ്ഥമായി ജീവിക്കാൻ കഴിയുന്ന മേഖലകളിൽ മുന്നേറ്റമുണ്ടാക്കുന്നത് സുസ്ഥിരമായ വികസനമല്ല. വരുമാനത്തിൽ മിതമായ വളർച്ചയോടുകൂടി ആരോഗ്യരംഗത്തോ വിദ്യാഭ്യാസരംഗത്തോ മുന്നേറ്റമുണ്ടാക്കുന്നതും സമ്പദ്ഘടന ശക്തമായിരിക്കുമ്പോൾത്തന്നെ ആയുർദെെർഘ്യം മെച്ചപ്പെടുത്താൻ കഴിയാതിരിക്കുന്നതും അസന്തുലിതമായ വളർച്ചയുടെ ഉദാഹരണമാണ്. ജനങ്ങളുടെ ഉത്തരവാദിത്തപൂർണമായ പങ്കാളിത്തം സുസ്ഥിരവികസനത്തിന്റെ വിജയത്തിന് അനുപേക്ഷണീയമായ മുന്നുപാധിയാണ്. ജനങ്ങളുടെ ശബ്ദം സ്വാഗതം ചെയ്യപ്പെടുന്നതും അവരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകപ്പെടുന്നതുമായുള്ള വികസന ആസൂത്രണത്തിന് വികേന്ദ്രീകൃതമായ ഘടന വികസിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ റിപ്പോർട്ടിലെ ശുപാർശകൾ മുന്നോട്ടുവയ്ക്കുന്നത്. ‘‘സുസ്ഥിര വികസന ഭരണനിർവഹണ പ്രശ്നങ്ങൾ’’ സംബന്ധിച്ച പഠനത്തിലൂടെ ഭരണപരിഷ്കാര കമ്മീഷൻ ലക്ഷ്യമിടുന്നത് പാരിസ്ഥിതികമായ സുസ്ഥിരതയെ അടിസ്ഥാനമാക്കിയുള്ള അതിവേഗ സാമ്പത്തികവളർച്ചയും വികസനപ്രശ്നങ്ങളും വെല്ലുവിളികളും വളർച്ചയ്ക്കു നേരിടുന്ന തടസ്സങ്ങളും സൃഷ്ടിക്കുന്ന അനന്തരഫലങ്ങൾ എന്തെന്ന് മനസ്സിലാക്കുകയാണ്. പ്രധാന വകുപ്പുകളിലെ പരിപാടികൾ കൂട്ടിയോജിപ്പിക്കുന്നതും പാരിസ്ഥിതിക നയങ്ങളും നിയമങ്ങളും നടപ്പാക്കുന്നതിൽ നേരിടുന്ന തടസ്സങ്ങളും പഠനവിധേയമാക്കുകയും ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ട നടപടികൾ ശുപാർശ ചെയ്യുകയുമാണ്. പൊതുവിഭവങ്ങൾ ഉപയോഗിച്ചുകൊണ്ടോ പൊതുജനത്തിന്റെ പേരിൽ നടത്തപ്പെടുന്ന ഏതെങ്കിലും പ്രവർത്തനത്തിനോ ഉദ്യോഗസ്ഥർ ബാധ്യതപ്പെട്ടവരായിരിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് സുസ്ഥിര വികസന സംവിധാനത്തിൽ അനിവാര്യമാണ്. സദ്ഭരണത്തിനുവേണ്ട ഒരു മുന്നുപാധിയാണ് ശക്തമായ നിയമവാഴ്ച എന്ന് യുഎൻഡിപി ചൂണ്ടിക്കാണിക്കുന്നു. നിലവിലുള്ള ഭരണനിർവഹണ മാതൃകയിൽ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ആരംഭ ബിന്ദുവാണ് ശക്തമായ നിയമവാഴ്ച. സർക്കാർ സംവിധാനത്തിനു പുറത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കൊപ്പം സർക്കാരിന്റെ നിയമങ്ങളും നയങ്ങളും മുന്നോട്ടുപോകുന്നില്ല എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ പഠനത്തിന് സംസ്ഥാനത്തിലെ പാരിസ്ഥിതികമായി പ്രാധാന്യമുള്ള വിഭവങ്ങളെ അഞ്ച് വിഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്. കൃഷി, മത്സ്യബന്ധനം, ജെെവ വെെവിധ്യവും വനങ്ങളും, വേസ്റ്റ് മാനേജ്മെന്റും പരിസര മലിനീകരണവും, ആരോഗ്യവും ശുചിത്വവും, ഊർജം, വ്യവസായങ്ങൾ, പശ്ചാത്തല വികസനവും ടൂറിസവും.

No comments:

Post a Comment