Thursday, August 31, 2023

മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ലതാനും



മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും.

ആധികൾ വ്യാധികളൊന്നുമില്ല,
ബാലമരണങ്ങൾ കേൾപ്പാനില്ല,
പത്തായിരമാണ്ടിരിപ്പതെല്ലാം
പത്തായമെല്ലാം നിറവതല്ലേ!

എല്ലാ കൃഷികൾക്കുമെന്ന പോലെ
നെല്ലിന്നും നൂറുവിളവതെന്നും
ദുഷ്ടരെക്കൺകൊണ്ടു കാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ.

ആലയമൊക്കെയുമൊന്നു പോലെ
ഭൂലോകമൊക്കെയുമൊന്നു പോലെ
നല്ല കനകംകൊണ്ടെല്ലാവരും
നല്ലാഭരണമണിഞ്ഞ കാലം.

നാരിമാർ, ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ച കാലം
കള്ളവുമില്ല ചതിവുമില്ല-
ന്നെള്ളോളമില്ല പൊളിവചനം!

വെള്ളിക്കോലാദികൾ നാഴികളു-
മെല്ലാം കണക്കിന്നു തുല്യമത്രേ!
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.

നല്ല മഴ പെയ്യും വേണ്ടുന്നേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ

No comments:

Post a Comment