രാമക്ഷേത്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ട രണ്ട് സന്ന്യാസിമാർ രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ സ്വാഗതം ചെയ്‌തതിന് തൊട്ടു പിന്നാലെയാണ് അമിത് ഷാ ഈ പ്രസ്‌താവന നടത്തിയത്. മുതിർന്ന ആർഎസ്‌എസ് നേതാവും ശ്രീരാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായ്, ബാബ്‌റിമസ്‌ജിദ് തകർത്ത സ്ഥലത്തു നിർമിക്കുന്ന രാമ ക്ഷേത്രത്തിന്റെ മുഖ്യപൂജാരിയായ ആചാര്യ സത്യേന്ദ്രദാസ് എന്നിവരാണ് രാഹുലിനെയും ജോഡോ യാത്രയെയും പ്രകീർത്തിച്ചത്. ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം ഉത്തർപ്രദേശ് പിസിസി ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് അയോധ്യയിലെ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾക്കും പൂജാരിമാർക്കും കത്തു നൽകിയിരുന്നു. യാത്രയിൽ പങ്കു ചേർന്നില്ലെങ്കിലും രാഹുലിനെയും ജോഡോ യാത്രയെയും പ്രശംസിക്കാൻ ഇവർ മടികാട്ടിയില്ല. ബാബ്‌റി മസ്‌ജിദ് തകർക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന കേസിൽ സിബിഐ കോടതി കുറ്റവിമുക്തരാക്കിയ 32 പേരിൽ എൽ കെ അദ്വാനിക്കൊപ്പം ഉൾപ്പെടുന്നയാളാണ് ചമ്പത് റായ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി രാഹുലും പ്രിയങ്കയും അയോധ്യ സന്ദർശിക്കുമെന്ന സൂചനയുമുണ്ട്.
ഈ സാഹചര്യത്തിലാണ് രാമക്ഷേത്രം നിർമാണത്തിന്റെ ഖ്യാതി ബിജെപിക്ക് മാത്രമാണെന്ന് അവകാശപ്പെട്ട് അമിത് ഷാ പ്രതികരിച്ചത്. ഈ ചൂണ്ടയിലും കോൺഗ്രസ് കയറി കൊത്തി. രാമക്ഷേത്രം തുറക്കുന്ന തീയതി നിശ്ചയിക്കാൻ അമിത് ഷാ പൂജാരിയാണോ എന്ന് ഹരിയാനയിൽ ജോഡോ യാത്രാവേദിയിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ചോദിച്ചു. ഏകീകൃത സിവിൽ കോഡ്, ജമ്മു–-കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, പൗരത്വ നിയമ ഭേദഗതി എന്നിങ്ങനെ ജനങ്ങളിൽ വർഗീയ ഭിന്നിപ്പ് പടർത്താനുള്ള വിഷയങ്ങളുമായി ബിജെപി വരുമ്പോൾ ഈ കെണിയിൽ വീഴുകയാണ് കോൺഗ്രസ് നേതൃത്വം. ജനങ്ങൾ കോൺഗ്രസിനെ കൈവിട്ടതിന്റെ കാരണം മനസ്സിലാക്കാനോ അല്ലെങ്കിൽ പരാജയ കാരണങ്ങൾ ശരിയായി പരിശോധിക്കാനോ നേതാക്കൾ തയ്യാറല്ല. എ കെ ആന്റണി അടക്കമുള്ളവർ ഈയിടെ നടത്തിയ പ്രസ്‌താവനകളും ഈ സമീപനത്തിന്റെ ഭാഗമാണ്. നെഹ്‌റുവിന്റെ മതനിരപേക്ഷ ആശയങ്ങൾ അപ്രസക്തമായെന്ന് ഇന്നത്തെ കോൺഗ്രസ് നേതൃത്വം കരുതുന്നു.രാജ്യത്ത് ഏതാനും ദശകങ്ങളായി എന്താണ് നടക്കുന്നതെന്ന് എല്ലാവർക്കും ബോധ്യമുണ്ട്. രാമജന്മഭൂമി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് കോൺഗ്രസ് സർക്കാരുകളുടെ കാലത്താണ്. റാവു സർക്കാരിന്റെ കാലത്ത് ബാബ്‌റി മസ്‌ജിദ് തകർക്കപ്പെടുകയും രാജ്യത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതപ്പെടുകയും ചെയ്‌തു. 2014ൽ മോദിസർക്കാർ വന്ന ശേഷം ആർഎസ്‌എസിന്റെ അജൻഡ നടപ്പാക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നു. ഇപ്പോൾ ഛത്തീസ്‌ഗഢിൽ ക്രൈസ്‌തവർക്കു നേരെ വ്യാപകമായി ആക്രമണം നടക്കുമ്പോൾ കോൺഗ്രസ് നേതൃത്വം മൗനത്തിലാണ്.
തലമുറകൾക്കു മുമ്പേ ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ചവരെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും പുനർ മതപരിവർത്തനം നടത്തുകയാണ്. നൂറുകണക്കിനു പേർ സംഘടിച്ച് പള്ളി തകർത്തപ്പോൾ ഭരണസംവിധാനങ്ങൾ നോക്കുകുത്തിയായി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ന്യൂനപക്ഷത്തിനു നേരെ തുടർച്ചയായ ആക്രമണം നടക്കുമ്പോഴാണ് നേതാക്കളുടെ വ്യാജവിലാപങ്ങൾ. രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന ആവശ്യം രാജ്യസഭയിൽ ബിജെപി അംഗം സ്വകാര്യ ബില്ലായി അവതരിപ്പിച്ചപ്പോൾ എതിർക്കാൻ കോൺഗ്രസ് അംഗങ്ങൾ തയ്യാറാകാതിരുന്നതും ശ്രദ്ധേയമാണ്. ജനകീയ വിഷയങ്ങളിന്മേൽ പ്രക്ഷോഭം നടത്താനോ ജനങ്ങളെ സംഘടിപ്പിക്കാനോ തയ്യാറാകാതെ കുറുക്കുവഴികളിലൂടെ അധികാരത്തിൽ തിരിച്ചെത്താൻ കഴിയുമെന്ന അബദ്ധധാരണയിൽ കഴിയുകയാണ് കോൺഗ്രസ് നേതൃത്വം.
Read more: https://www.deshabhimani.com/articles/rss-agenda-and-congress/1066713
No comments:
Post a Comment