Friday, December 9, 2022

ഏക സിവില്‍കോഡ് സ്വകാര്യ ബില്ലായി രാജ്യസഭയില്‍ ; ഒളിച്ചോടി കോണ്‍​ഗ്രസ് ; വോട്ടിനിട്ടപ്പോഴുണ്ടായത്‌ മൂന്ന് കോൺഗ്രസ് എംപിമാർ മാത്രം

ബില്ലവതരണത്തെ എതിര്‍ത്ത് സിപിഐ എം അം​ഗങ്ങള്‍
ഏക സിവില്‍കോഡ് സ്വകാര്യ ബില്ലായി രാജ്യസഭയില്‍ ; ഒളിച്ചോടി കോണ്‍​ഗ്രസ് ; വോട്ടിനിട്ടപ്പോഴുണ്ടായത്‌ മൂന്ന് കോൺഗ്രസ് എംപിമാർ മാത്രം 

ഏക സിവിൽകോഡ്‌ സ്വകാര്യബില്ലായി ബിജെപി രാജ്യസഭയിൽ എത്തിച്ചപ്പോള്‍ എതിര്‍പ്പുന്നയിക്കാതെ വിട്ടുനിന്ന് കോണ്‍​ഗ്രസ്. പ്രമുഖ അഭിഭാഷകനിരയുള്ള കോണ്‍​ഗ്രസിന്റെ ഒറ്റയം​ഗംപോലും ബില്ലവതരിപ്പിച്ചപ്പോൾ സഭയില്‍ ഉണ്ടായിരുന്നില്ല. ബില്‍ അവതരണ നോട്ടീസ്‌ വോട്ടിനിട്ടപ്പോഴാകട്ടെ 31 കോൺഗ്രസ്‌ അംഗങ്ങളിൽ സഭയില്‍ എത്തിയത് വെറും മൂന്നുപേർ. 28 പേരും ബില്ലിനെ പരോക്ഷമായി പിന്തുണച്ച്‌ വിട്ടുനിന്നു.

ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർടികളുടെ ശക്തമായ എതിർപ്പിനിടെ രാജസ്ഥാനിൽനിന്നുള്ള ബിജെപി അംഗം കിരോദി ലാൽ മീണയാണ്‌ ഏകീകൃത പൗരനിയമത്തിനായി ദേശീയസമിതി രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തുള്ള സ്വകാര്യബിൽ അവതരിപ്പിച്ചത്‌. ബില്ലവതരണത്തിന്‌ അനുമതി നൽകരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഇടതുപക്ഷ അംഗങ്ങൾ ചട്ടം 67 പ്രകാരം നൽകിയ നോട്ടീസ്‌ 23നെതിരെ 63 വോട്ടിന്‌ സഭ തള്ളി. സിപിഐ എം രാജ്യസഭാ നേതാവ്‌ എളമരം കരീം, ഉപനേതാവ്‌ ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്‌, എ എ റഹിം എന്നിവരാണ്‌ ബില്ലവതരണത്തെ എതിർത്ത്‌ നോട്ടീസ്‌ നൽകിയത്‌.  മുന്‍കൂര്‍ അറിയിപ്പ് നല്‍കി എത്തിച്ച ബില്‍ അവതരിപ്പിക്കുന്നത് എതിര്‍ത്ത് നോട്ടീസ്‌ നൽകാന്‍പോലും കോൺഗ്രസ്‌ താൽപ്പര്യപ്പെട്ടില്ല.
രാജ്യത്തെ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന ബില്ലിനെതിരായ കോണ്‍​ഗ്രസിന്റെ തണുപ്പന്‍ പ്രതികരണം യുഡിഎഫ് ഘടകക്ഷിയായ മുസ്ലിംലീ​ഗിനെ ചൊടിപ്പിച്ചു. വിവാദ ബിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസിന്റെ ഒരംഗംപോലും ഉണ്ടായില്ലെന്നും കോൺഗ്രസിന്റെ അസാന്നിധ്യം വേദനിപ്പിച്ചെന്നും മുസ്ലിംലീഗ് എം പി പി വി അബ്‌ദുൾവഹാബ്‌ സഭയില്‍ തുറന്നടിച്ചു. ഇക്കാര്യം ചാനല്‍വാര്‍ത്തയായതോടെയാണ് ജെബി മേത്തർ, ഇമ്രാൻ പ്രതാപ്‌ഗഡി, എൽ ഹനുമന്തയ്യ എന്നീ കോൺഗ്രസ്‌ അംഗങ്ങൾ സഭയിലെത്താന്‍ തയ്യാറായത്. ബില്ലവതരണത്തിനെതിരെ ഇടതുപക്ഷം നല്‍കിയ നോട്ടീസില്‍ ചര്‍ച്ച നീണ്ടതിനാലാണ് ഇവര്‍ക്ക് പേരിനെങ്കിലും സഭയില്‍ പ്രതിഷേധം രേഖപ്പെടുത്താനായത്.

സംഘപരിവാർ അജൻഡ ഒന്നൊന്നായി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന്‌ ബില്ലവതരണത്തെ എതിർത്ത്‌ എളമരം കരീം പറഞ്ഞു. ഇത്‌ രാജ്യത്ത്‌ ഭിന്നത സൃഷ്ടിക്കും. രാജ്യം കത്തുന്ന സ്ഥിതിയുണ്ടാകും. ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ്‌. എല്ലാവർക്കും സംരക്ഷണം ഉറപ്പാക്കുന്ന ഭരണഘടനാ സംവിധാനമാണ്‌ രാജ്യത്തുള്ളത്‌.  സ്വത്തുനിയന്ത്രണം, തൊഴിലാളികൾക്ക്‌ മാന്യമായ വേതനം തുടങ്ങി മറ്റ്‌ പല നിർദേശതത്വങ്ങളും ഭരണഘടനയിലുണ്ട്‌. അതൊന്നും നടപ്പാക്കാൻ സംഘപരിവാർ താൽപ്പര്യപ്പെടുന്നില്ല. ഇതിപ്പോൾ അജൻഡ അടിച്ചേൽപ്പിക്കലാണ്‌. പിൻവലിക്കണം–- എളമരം കരീം ആവശ്യപ്പെട്ടു. വി ശിവദാസൻ, ജോൺ ബ്രിട്ടാസ്‌, എ എ റഹിം തുടങ്ങിയവരും ബില്ലിനെതിരെ സംസാരിച്ചു.

വിട്ടുനിന്നത് കോണ്‍​ഗ്രസിന്റെ രാഷ്ട്രീയ തീരുമാനം
ഏക സിവിൽകോഡ്‌ ബിൽ ബിജെപി അംഗം രാജ്യസഭയിലവതരിപ്പിച്ചപ്പോൾ എതിർക്കാൻ നിൽക്കാതെ സംഘടിതമായി വിട്ടുനിന്നത് കോണ്‍​ഗ്രസിന്റെ രാഷ്ട്രീയ തീരുമാനം. ബില്ലവതരണ ഘട്ടത്തിൽ സഭയിൽ കോൺഗ്രസ്‌ അംഗങ്ങൾ ആരുമുണ്ടായില്ല. എഐസിസി പ്രസിഡന്റ്‌ കൂടിയായ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങി മുതിർന്ന നേതാക്കളാരും ബില്ലിനെ എതിർക്കാൻ എത്തിയില്ല.

വെള്ളിയാഴ്‌ച ഉച്ചവരെ മുതിർന്ന നേതാക്കളടക്കം സഭയിൽ സജീവമായിരുന്നിട്ടും ബിൽ അവതരിപ്പിക്കുമ്പോൾ കൂട്ടത്തോടെ വിട്ടുനില്‍ക്കുകയായിരുന്നു. ഏതൊക്കെ സ്വകാര്യ ബില്ലുകളാണ്‌ വെള്ളിയാഴ്‌ച അവതരിപ്പിക്കാൻ പരിഗണിക്കുകയെന്ന്‌ ദിവസങ്ങൾക്ക്‌ മുമ്പേ രാജ്യസഭാ സെക്രട്ടറിയറ്റ്‌ പരസ്യപ്പെടുത്തിയിരുന്നു. എല്ലാ അംഗങ്ങളെയും അറിയിച്ചിട്ടുമുണ്ട്‌.
ബില്ലുകളുടെ പട്ടികയിൽ ഒന്നാമതായതുവഴി, ബില്ലിനെ മോദി സർക്കാർ എത്ര പ്രാധാന്യത്തോടെയാണ്‌  പരിഗണിക്കുന്നതെന്നും വ്യക്തമാകുന്നു. ബില്ലവതരണ വേളയിലാകട്ടെ ബിജെപി അംഗങ്ങളെല്ലാം കൃത്യമായി ഹാജരാകുകയും ചെയ്‌തു.

ബില്ലവതരണത്തെ ഇടതുപക്ഷവും മറ്റും എതിർത്തപ്പോൾ സഭാനേതാവ്‌ കൂടിയായ കേന്ദ്ര മന്ത്രി പീയുഷ്‌ ഗോയലാണ്‌ സർക്കാരിനായി പ്രതിരോധിക്കാൻ രംഗത്തുവന്നത്‌.  ഈ ഘട്ടത്തിൽ ഗോയലിനെ ഖണ്ഡിക്കാൻ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെയോ മറ്റ്‌ കോൺഗ്രസ്‌ അംഗങ്ങളോ ഉണ്ടായില്ലെന്നത്‌ മുസ്ലിംലീഗ്‌ അംഗം അബ്‌ദുൾവഹാബിനെ വേദനിപ്പിച്ചു. ബില്ലിനെ എതിർത്ത്‌ സംസാരിച്ചപ്പോൾ ഈ വേദന അദ്ദേഹം സഭയിൽ പരസ്യമായി പങ്കുവച്ചു. ‘എന്റെ കോൺഗ്രസ്‌ സുഹൃത്തുക്കൾ ഇല്ലാത്തത്‌ വേദനിപ്പിക്കുന്നു’വെന്നായിരുന്നു’ വഹാബിന്റെ പരാമർശം.

എതിർത്തത്‌ ഇടതുപക്ഷവും �ലീഗുമടക്കം ചുരുക്കം പാർടികൾ
സംഘപരിവാറിന്റെ പ്രധാന അജൻഡകളിലൊന്നായ ഏക സിവിൽ കോഡ്‌ സ്വകാര്യബില്ലായി രാജ്യസഭയിൽ എത്തിയപ്പോൾ രാഷ്ട്രീയമായ എതിർപ്പുയർത്തിയത്‌ ഇടതുപക്ഷ പാർടികളും മുസ്ലിംലീഗും എൻസിപിയും എസ്‌പിയുമടക്കം ചുരുക്കം പാർടികൾമാത്രം. ഗുജറാത്തിലെ ദയനീയ തോൽവിക്കുശേഷം കൂടുതൽ തീവ്രഹിന്ദുത്വ നിലപാടിലേക്കാണ്‌ കോൺഗ്രസിന്റെ പോക്കെന്നത്‌ വ്യക്തമാക്കുന്നതാണ്‌ രാജ്യസഭയിലെ വിട്ടുനിൽക്കൽ.

ബില്ലിന്റെ അവതരണത്തെതന്നെ എതിർത്ത്‌ നോട്ടീസ്‌ നൽകിയത്‌ ഇടതുപക്ഷ അംഗങ്ങൾ മാത്രമാണ്‌. രാജ്യത്തിന്റെ ഐക്യം തകർക്കുന്നതാണ്‌ ബില്ലെന്നും സംഘപരിവാർ അജൻഡയാണെന്നും വി ശിവദാസൻ, എ എ റഹിം, ജോൺ ബ്രിട്ടാസ്‌ എന്നിവർ ചൂണ്ടിക്കാട്ടി.

Read more: https://www.deshabhimani.com/news/national/uniform-civil-code-in-rajyasabha/1060654

No comments:

Post a Comment