ബഹു. പ്രധാനമന്ത്രി, 21 ദിവസം കൊണ്ട് ഈ യുദ്ധം ജയിക്കുമെന്നായിരുന്നു അങ്ങയുടെ പ്രഖ്യാപനം | വഴിപോക്കന്‍
https://www.mathrubhumi.com/news/columns/vazhipokkan/respected-prim-minister-we-will-win-this-war-within-21-days-is-your-promise-vazhipokkan-1.4822295
മുൻ വിദേശകാര്യ മന്ത്രി കെ. നട്വർ സിങ് രേഖപ്പെടുത്തിയിട്ടുള്ള രസകരമായ ഒരു സംഭവമുണ്ട്. കാലം 1975. നട്വർ അന്ന് ലണ്ടനിൽ ഇന്ത്യയുടെ ഡപ്യൂട്ടി ഹൈക്കമ്മീഷണർ. ഒരു ദിവസം നട്വറിനെ ചന്ദ്രസ്വാമി ഫോണിൽ വിളിക്കുന്നു. രണ്ടാവശ്യങ്ങളായിരുന്നു ചന്ദ്രസ്വാമിക്ക്. ഇന്ത്യയുടെ മുൻ വൈസ്റോയ് മൗണ്ട്ബാറ്റൻ പ്രഭുവിനെയും അന്നത്തെ ഇംഗ്ളണ്ടിലെ പ്രതിപക്ഷ നേതാവ് മാർഗരറ്റ് താച്ചറിനെയും കാണണം.
ഇരുപത്തേഴുകാരനായ ചന്ദ്രസ്വാമി അന്നേ ഡെൽഹിയിലെ രാഷ്ട്രീയക്കാർക്കിടയിൽ അറിയപ്പെടുന്ന കക്ഷിയാണ്. യുക്തിവാദിയായിരുന്ന നട്വറിന് ചന്ദ്രസ്വാമിയെപ്പോലുള്ളവരോട് വലിയ മതിപ്പുണ്ടായിരുന്നില്ല. എങ്കിലും ലണ്ടനിലെത്തുന്ന ഇന്ത്യക്കാരെ സഹായിക്കേണ്ടത് ഡപ്യൂട്ടി ഹൈക്കമ്മീഷണറെന്ന നിലയിൽ നട്വറിന്റെ ചുമതലയാണ്. ആ ദിവസങ്ങളിലൊന്നിൽ അമേരിക്കയിലേക്ക് പോകുംവഴി ലണ്ടനിലെ വിമാനത്താവളത്തിലെത്തിയ വിദേശ മന്ത്രി വൈ. ബി. ചവാനും ചന്ദ്രസ്വാമിയെ സഹായിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്ന് നട്വറിനോട് പറഞ്ഞു.
നട്വർ മൗണ്ട്ബാറ്റനെ വിളിച്ചു. വടക്കൻ അയർലണ്ടിലേക്ക് പോവുകയാണെന്നും സ്വാമിയെ കാണാനാവില്ലെന്നും മൗണ്ട്ബാറ്റൻ പറഞ്ഞു. താച്ചറെ നട്വർ അവരുടെ ഓഫീസിൽ പോയിക്കണ്ടു. എന്തിനാണ് ഇന്ത്യയിൽനിന്നുള്ള സന്യാസി തന്നെ കാണുന്നതെന്ന് താച്ചർ ചോദിച്ചു. അത് സ്വാമി നേരിട്ടുപറയുമെന്ന് താച്ചറോട് നട്വർ പറഞ്ഞു. പത്തു മിനിറ്റ് സമയമാണ് സ്വാമിക്ക് താച്ചർ അനുവദിച്ചത്. പറഞ്ഞ സമയത്ത് ചന്ദ്രസ്വാമിയുമായി നട്വർ താച്ചറുടെ ഓഫീസിലെത്തി. കാഷായവസ്ത്രവും കഴുത്തിൽ രുദ്രാക്ഷമാലകളും കൈയ്യിൽ യോഗദണ്ഡുമൊക്കെയായി ചന്ദ്രസ്വാമി ശരിക്കും സ്റ്റൈലിലായിരുന്നു.
എന്തിനാണ് താങ്കൾ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടത്?
താച്ചർ സ്വാമിയോട് ചോദിച്ചു.
സ്വാമിയുടെ സംസാരം ഹിന്ദിയിലായിരുന്നതിനാൽ നട്വറായിരുന്നു മൊഴിമാറ്റം.
അതു താങ്കൾ ഉടനെ അറിയും.
ഇതു പറഞ്ഞിട്ട് സ്വാമി ഒരു ഷീറ്റ് പേപ്പറെടുത്ത് അഞ്ചായി കീറി താച്ചർക്ക് കൊടുത്തു. എന്നിട്ട് ഓരോ പേപ്പറിലും ഓരോ ചോദ്യങ്ങൾ എഴുതാൻ പറഞ്ഞു. സംഗതി അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ലെങ്കിലും അതിഥിയെ അപമാനിക്കരുതല്ലോ എന്നു കരുതി താച്ചർ അനുസരിച്ചു. എഴുതിയത് താൻ കാണാതിരിക്കാനായി അഞ്ചു പേപ്പറും പന്തു പോലെ ചുരുട്ടിവെയ്ക്കാൻ സ്വാമി താച്ചറോട് പറഞ്ഞു. താച്ചർ അതു ചെയ്തപ്പോൾ ആദ്യത്തെ പേപ്പർ പന്ത് തുറക്കാമെന്നായി സ്വാമി.
താച്ചർ താനെഴുതിയ ചോദ്യത്തിലേക്ക് നോക്കിയിരിക്കെ സ്വാമി അതിന്റെ ഉള്ളടക്കം ഹിന്ദിയിൽ പറഞ്ഞു. അഞ്ചാമത്തെ ചോദ്യവും കൃത്യമായി സ്വാമി പറഞ്ഞതോടെ താച്ചർ സ്വാമിയിൽ ഒരു ദിവ്യപുരുഷനെ കണ്ടു. താച്ചർ വീണുവെന്ന് മനസ്സിലാക്കിയ സ്വാമി സോഫയിൽ പത്മാസനത്തിലിരുന്നു. താച്ചർ പല ചോദ്യങ്ങളും ചോദിച്ചു. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനിടയിൽ സ്വാമി പെട്ടെന്ന് കണ്ണുകളടച്ചു.
സൂര്യൻ അസ്തമിച്ചിരിക്കുന്നു. ഇന്നിനി ചോദ്യങ്ങളില്ല.
എങ്കിൽ പിന്നെ ഇനിയെപ്പോഴാണ് സ്വാമിയെ കാണാൻ പറ്റുകയെന്നായി താച്ചർ.സ്വാമി ഒന്ന് മന്ദഹസിച്ചു, എന്നിട്ട് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് രണ്ടരയ്ക്ക് നട്വർ സാഹിബ്ബിന്റെ വീട്ടിൽ.
നട്വർ അങ്കലാപ്പിലായി. ബ്രിട്ടന്റെ പ്രതിപക്ഷ നേതാവിനോട് ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മീഷണറുടെ വീട്ടിലേക്ക് വരാൻ പറയുന്നത് മര്യാദയല്ല. പക്ഷേ, താച്ചറിന്റെ ചോദ്യം ഇതായിരുന്നു.
ഡപ്യൂട്ടി ഹൈക്കമ്മീഷണർ, താങ്കളുടെ വീടെവിടെയാണ്?
അപ്പോൾ സ്വാമി തന്റെ ളോഹയുടെ കീശയിൽനിന്ന് ഒരു രക്ഷാച്ചരടെടുത്തിട്ട് നട്വറിന് കൊടുത്തിട്ടു പറഞ്ഞു.
വരുമ്പോൾ ഇടത്തേ കയ്യിൽ ഇതു കെട്ടണമെന്നും ചുവന്ന ഉടുപ്പ് ധരിച്ചിരിക്കണമെന്നും മാഡത്തോട് പറയൂ.
സ്വാമിക്ക് വട്ടാണെന്നും ഇതൊക്കെ താച്ചറോട് എങ്ങിനെയാണ് പറയുകയെന്നും ആലോചിച്ച് കുഴങ്ങിയ നട്വറിനോട് താച്ചർ സ്വാമി എന്താണ് പറയുന്നതെന്ന് ചോദിച്ചു. മടിച്ച് മടിച്ച് നട്വർ കാര്യം പറഞ്ഞു. താച്ചർ രക്ഷാച്ചരട് വാങ്ങി. നട്വറും സ്വാമിയും താച്ചറുടെ ഓഫീസിൽ നിന്നിറങ്ങി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ താച്ചർ നട്വറിന്റെ വീട്ടിലെത്തി. ഇടത്തേ കയ്യിൽ രക്ഷാച്ചരടും ചുവന്ന സ്കേർട്ടും ധരിച്ചെത്തിയ താച്ചറെ കണ്ട് നട്വർ അമ്പരന്നു. താച്ചറിന് മുഖ്യമായും അറിയേണ്ടിയിരുന്നത് താൻ പ്രധാനമന്ത്രിയാവുമോ എന്നായിരുന്നു. താച്ചർ പ്രധാനമന്ത്രിയാവുമെന്നും ഒമ്പത് വർഷമോ 11 വർഷമോ 13 വർഷമോ ആ സ്ഥാനത്ത് തുടരുമെന്നും സ്വാമി പ്രവചിച്ചു (താച്ചർ 1979-ൽ പ്രധാനമന്ത്രിയായി. 11 വർഷം ആ പദവിയിൽ തുടരുകയും ചെയ്തു).
സംഗതിയുടെ ക്ലൈമാക്സ് ഇതൊന്നുമല്ല. 1979-ൽ പ്രധാനമന്ത്രിയായ ശേഷം കോമൺവെൽത്ത് സമ്മേളനത്തിൽ പങ്കെടുക്കാനായി താച്ചർ സാംബിയയിലെ ലുസാക്കയിലെത്തി. അന്ന് നട്വർ അവിടത്തെ ഇന്ത്യൻ ഹൈക്കമ്മീഷണറാണ്. വിമാനത്താവളത്തിൽ താച്ചറെ അഭിവാദ്യം ചെയ്ത ശേഷം നട്വർ പതുക്കെ പറഞ്ഞു
നമ്മുടെ ആളുടെ പ്രവചനം ശരിയായി.
ഒരു നിമിഷം താച്ചറൊന്ന് അമ്പരന്നതുപോലെ നട്വറിന് തോന്നി. അടുത്ത നിമിഷം താച്ചർ നട്വറിനെ അടുത്തേക്ക് മാറ്റി നിർത്തിയിട്ട് പറഞ്ഞു.
ഹൈക്കമ്മിഷണർ, ഇത്തരം കാര്യങ്ങളൊന്നും നമ്മൾ സംസാരിക്കാറില്ല.
അതങ്ങിനെയാണ് ചില കാര്യങ്ങൾ പിന്നീടോർമ്മിപ്പിക്കുന്നത് പലർക്കും ഇഷ്ടപ്പെടില്ല. പക്ഷേ, ചില സംഗതികൾ ഓർമ്മിപ്പിക്കാതിരിക്കുന്നത് ചരിത്രത്തോടും കാലത്തോടുമുള്ള അനീതിയായിരിക്കും. ഓർമ്മകളില്ലെങ്കിൽ ജീവിതത്തിന് പിന്നെന്ത് അർത്ഥമാണുള്ളത്?
ചന്ദ്രസ്വാമിയുടെ ദിവ്യശക്തി വർണ്ണിക്കുന്നതിനോ താച്ചറെപ്പോലൊരു ഉരുക്കുവനിത പോലും എത്ര എളുപ്പത്തിലാണ് കൺകെട്ടുവിദ്യകളിൽ വീണുപോകുന്നത് ചൂണ്ടിക്കാട്ടാനോ അല്ല നട്വർ സിങ് വിവരിച്ച കഥ ഇവിടെ എഴുതിയത്. ഭൂതകാലം ആരുമങ്ങിനെ എളുപ്പത്തിൽ മറക്കരുതെന്നും മറക്കുന്നവരെ അതോർമ്മിപ്പിക്കേണ്ടത് പൗരസമൂഹത്തിന്റെ കമടമയാണെന്ന് വ്യക്തമാക്കാനുമാണ് ഇത്രയും വിശദമായി ഇക്കാര്യം ഇവിടെ എടുത്തുകൊടുത്തത്.
ഉദാഹരണത്തിന് ഇക്കഴിഞ്ഞ മാർച്ച് 25-ന് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ഒരു കാര്യം ഒന്നോർമ്മിപ്പിക്കുകയാണ്. 2020 മാർച്ച് 25 സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായൊരു ദിവസമാണ്. കൊവിഡ് 19-നെതിരെയുള്ള ദേശീയ ലോക്ക്ഡൗണിന്റെ ഒന്നാം ദിനം. അന്ന് തന്റെ ലോക്സഭ മണ്ഡലമായ വാരാണസിയിലെ ജനങ്ങളുമായി നടത്തിയ വീഡിയൊ കോൺഫറൻസിൽ മോദി ഒരു പ്രഖ്യാപനം നടത്തി.
മഹാഭാരത യുദ്ധം 18 ദിവസം കൊണ്ടാണ് കൃഷ്ണന്റെ നേതൃത്വത്തിൽ വിജയിച്ചത്. കൊറോണ വൈറസിനെതിരെയുള്ള ഈ യുദ്ധം നമ്മൾ 21 ദിവസം കൊണ്ട് വിജയിച്ചിരിക്കും.
മാർച്ച് 25-ന് ബുധനാഴ്ച രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 606 ആയിരുന്നു. ഇന്നിപ്പോൾ രണ്ടര മാസം പിന്നിടുമ്പോൾ ഇതെഴുതുമ്പോൾ 2,86,576 പേരാണ് വൈറസ് ബാധിതർ. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ഈ രോഗം മൂലം മരിച്ചത് 357 പേരാണ്.
യുദ്ധം വിജയിച്ചോ എന്ന് പ്രധാനമന്ത്രിയോട് രാജ്യത്തെ ആർക്കും ചോദിക്കാനാവില്ല. കാരണം പത്രസമ്മേളനങ്ങൾ അദ്ദേഹം നടത്താറില്ല. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രതിനിധികളെന്ന നിലയ്ക്ക് മാദ്ധ്യമപ്രവർത്തകർക്ക് അദ്ദേഹത്തോട് ഈ ചോദ്യമെന്നല്ല ഒരു ചോദ്യവും ചോദിക്കാനാവില്ല.
ചോദ്യങ്ങൾക്ക് അതീതനാണ് താനെന്നാണ് പ്രധാനമന്ത്രി മോദി കരുതുന്നത്. ഏകപക്ഷീയമായ ഭാഷണങ്ങളോടാണ് അദ്ദേഹത്തിന് താൽപര്യം. അദ്ദേഹം ഇങ്ങോട്ട് പറയും .അതാണതിന്റെ രീതി. അങ്ങിനെയൊരു പ്രഭാഷണത്തിലാണ് അദ്ദേഹം ഇന്ത്യൻ പുരാണത്തെ കൂട്ടുപിടിച്ച് കൊറോണയെ മൂന്നാഴ്ചകൊണ്ട് പമ്പ കടത്തിയിരിക്കുമെന്ന് പറഞ്ഞത്. പക്ഷേ, കൊറോണ ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലേക്കുമെത്തിക്കൊണ്ടിരിക്കെ പ്രധാനമന്ത്രി എവിടെ എന്ന ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്.
ഇനിയിപ്പോൾ ഇന്ത്യ എന്താണ് ചെയ്യേണ്ടതെന്ന് പറയേണ്ട ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുണ്ട്. കാരണം ഈ പോരാട്ടത്തിന്റെ നായകസ്ഥാനം അദ്ദേഹം സ്വമേധയാ ഏറ്റെടുത്തതാണ്. ഒരു സംസ്ഥാന ഭരണകൂടത്തോടും ചർച്ച ചെയ്യാതെയാണ് മാർച്ച് 24-ന് രാത്രി എട്ടു മണിക്ക് പ്രധാനമന്ത്രി ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
ജനവരി 30-നാണ് കേരളം രാജ്യത്തെ ആദ്യ കൊവിഡ് 19 രോഗിയെക്കറിച്ച് പറഞ്ഞത്. അതിനു ശേഷം മുന്നൊരുക്കത്തിന് എത്രയോ സമയമുണ്ടായിരുന്നു. പക്ഷേ, ഫെബ്രുവരി 24-ന് അഹമ്മദാബാദിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ വരവേൽക്കണമായിരുന്നു. ഭോപ്പാലിൽ ശിവ്രാജ്ചൗഹാന് വീണ്ടും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയാവണമായിരുന്നു. മാർച്ച് 23-ന് രാത്രി ഒമ്പത് മണിക്കാണ് കോൺഗ്രസിനെ പിളർത്തി ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അടുത്ത ദിവസം പ്രധാനമന്ത്രി കൊറാണയ്ക്കെതിരെ 21 ദിവസത്തെ യുദ്ധം പ്രഖ്യാപിച്ചു.
തപ്പ് കൊട്ടൽ, വിളക്ക് കൊളുത്തൽ, പുഷ്പവൃഷ്ടി എന്നിങ്ങനെ പല തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ ഇതിനിടയിലുണ്ടായി. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ഭരണകൂടത്തിന്റെ കാരുണ്യരഹിതമായ നടപടികൾക്ക് മുന്നിൽ അനാഥരും നിരാലംബരുമായി. കഴിഞ്ഞ ദിവസം ഒരു പത്രപ്രവർത്തക സുഹൃത്ത് ഒരു മഹാനഗരത്തിൽനിന്നു ഫോണിൽ പറഞ്ഞത് നഗരത്തിലെ ഒരു മേൽപാലത്തിന് താഴെ ഭക്ഷണവും കാത്തിരിക്കുന്ന നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികളെ കുറിച്ചാണ്.
ഇന്ത്യയിലെ പല നഗരങ്ങളിലും ഇപ്പോൾ കൊവിഡ് 19 രോഗികൾക്ക് കിടക്കകളില്ലാത്ത അവസ്ഥയാണ്. സ്വകാര്യ ആസ്പത്രികൾ രോഗികളെ കൊള്ളയടിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ഷിഫ്റ്റിൽ ചുമതല കൈമാറാനാളില്ലാതെ ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ളവർ വശംകെടുന്നു. തോൽക്കുന്ന യുദ്ധത്തിലാണോ ഇന്ത്യ?
ഏത് ശത്രുവിനെയും വീഴ്ത്താൻ കഴിയുന്ന ആ അഭിനവ പാർത്ഥസാരഥി പക്ഷേ, എവിടെയാണ്? എവിടെ ആ മനം കവരുന്ന പ്രഭാഷണങ്ങൾ? വഴികാട്ടിയായി ജ്വലിച്ചുനിൽക്കേണ്ട ആ നക്ഷത്രം എവിടെ? ചിലപ്പോൾ സർജിക്കൽ സൈ്ട്രക്കുകൾക്കായുള്ള ഒരുക്കത്തിലായിരിക്കും. ചിലപ്പോൾ മഴക്കാറുള്ള രാത്രികൾക്കായി കാത്തിരിക്കുകയായിരിക്കും.
ഒന്നും നടക്കുന്നില്ലെന്ന് പറയാനാവില്ല. 20,000 കോടി രൂപ ചെലവുള്ള പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ പണി മുടക്കമില്ലാതെ നടക്കും. രണ്ടു കൊല്ലത്തിനുള്ളിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് പുതിയ ഭവനമുണ്ടാവും. ആയിരക്കണക്കിന് കോടി വില വരുന്ന പുതിയ വിമാനങ്ങൾ പ്രധാനമന്ത്രിയേയും പ്രസിഡന്റിനേയും കാത്തിരിക്കുന്നു. വരുന്ന സ്പെറ്റംബറിനുള്ളിൽ ഈ പുതിയ ബോയിങ് വിമാനങ്ങൾ ഡൽഹിയിലെത്തുമെന്നാണ് സൂചന.
അപ്പോഴേക്കും ഇന്ത്യ കൊറോണയെ കീഴടക്കിയേക്കുമോയെന്നു മാത്രം ചോദിക്കരുത്. അയോദ്ധ്യയിൽ പുതിയ രാമക്ഷേത്രത്തിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഉത്തർപ്രദേശിൽ അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് ക്ഷേത്രം പൂർത്തിയായിരിക്കും. ഏത് കൊറോണയ്ക്കുമുള്ള മരുന്ന് എവിടെയാണുള്ളതെന്ന് മോദിജിക്കും യോഗിജിക്കും ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. എത്രയോ കാലമായി പരീക്ഷിച്ചു വിജയിച്ച മരുന്നാണത്. ആ മരുന്ന് കൈയ്യിലുള്ളപ്പോൾ മോദിജിയെ വെല്ലുവിളിക്കാൻ ഈ ഇന്ത്യ മഹാരാജ്യത്ത് ആരാണുള്ളത്?
വഴിയിൽ കേട്ടത്: രാജസ്ഥാനിലും ഓപ്പറേഷൻ താമരയ്ക്ക് നീക്കം. ഇതിനെയാക്കെ നമ്മൾ അഭിമുഖങ്ങളിലൂടെ നേരിടുമെന്ന് രാഹുൽ ഗാന്ധി. അടുത്ത അഭിമുഖം മിക്കവാറും ഈ ഓപ്പറേഷനുകളുടെ നേതാവ് അമിത്ജിയുമായിട്ടായിരിക്കും.
Content Highlights:Respected Prim Minister, We will win this war within 21 days is your promise | Vazhipokkan
No comments:
Post a Comment