Sunday, June 2, 2013

ചന്ദ്രികയുടെ ചന്ദ്രഹാസം സ്വന്തം മുഖപ്പത്രത്തിന്റെ മുഖപ്രസംഗം മുസ്ലീം ലീഗ് അറിഞ്ഞില്ലത്രേ !

 

            വിവാദ മുഖപ്രസംഗം 
  • അമ്പത്തേഴില്‍ ആദ്യത്തെ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു മന്നത്ത് പത്മനാഭന്‍. പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി നായരാണെങ്കില്‍ മന്നത്തിനെ പോയി കണ്ടാല്‍ ചില അഡ്ജസ്റ്റ്‌മെന്റുകളൊക്കെ നടക്കുമെന്നായിരുന്നു ശ്രുതി. അതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ തോപ്പില്‍ഭാസിയെന്ന ഭാസ്‌കരപിള്ളയോട് മന്നത്തിനെ പോയി കാണാന്‍ പറഞ്ഞത് സഖാക്കള്‍ തന്നെയാണ്. പക്ഷേ അങ്ങേര്‍ക്ക് ഒരേയൊരു വാശി - അങ്ങനെ തനിക്ക് ജയിക്കേണ്ടതില്ല. ഇതറിഞ്ഞ മന്നത്ത് പത്മനാഭന്‍ ഇപ്രകാരം പറഞ്ഞുവത്രേ - തന്തക്ക് പിറന്ന നായരാണവന്‍. അവനെ നമുക്ക് ജയിപ്പിക്കണം. അങ്ങനെയാണ് തോപ്പില്‍ഭാസി എം.എല്‍.എ ആയത് എന്നാണ് കഥ.
  • കഥ നേരായാലും നുണയായാലും തന്തക്ക് പിറന്ന നായര്‍ എന്നത് മന്നത്തിന്റെ കാലം മുതല്‍ക്കേ എന്‍.എസ്.എസിലുള്ള സങ്കല്‍പമാണ്. തന്തക്ക് പിറന്ന നായരാവാന്‍ പണിപ്പെട്ട് കാലിടറിയവരാണ് സംഘടനയുടെ പല ജനറല്‍ സെക്രട്ടറിമാരും. എന്നാല്‍ അവരെയാരേയും പോലെയല്ല താനെന്നും താന്‍ തന്തക്ക് പിറന്നവന്‍ തന്നെയാണെന്നും ഗോപുരത്തിങ്കല്‍ സുകുമാരന്‍ നായര്‍ എന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഊറ്റത്തോടെ പറയും. പക്ഷേ പറച്ചില്‍ എപ്രകാരമായാലും ഉണ്ടിരിക്കുന്ന നായര്‍ ഒരു വിളികേട്ടുചെന്ന് പുലിവാല് പിടിച്ചതിന്നു തുല്യമായ അവസ്ഥയാണ് ഇപ്പോള്‍ ഈ മനുഷ്യന്റേത് എന്ന് കരുതുന്നവര്‍ നിരവധി.
  • വെറുതെ പെരുന്നയില്‍ ഭക്ഷണവും വിശ്രമവുമായി കഴിഞ്ഞുകൂടിയാല്‍ മതിയായിരുന്നു; പോയിപ്പിടിച്ചത് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുപ്പിക്കുന്ന ദൗത്യത്തിന്റെ വാലില്‍. പിടിച്ചോണ്ടിരിക്കാനും വയ്യ പിടിവിടാനും വയ്യ എന്ന പരുവത്തിലാണിപ്പോള്‍ ഇദ്ദേഹം.
  • കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെയും മുന്നണി സമ്പ്രദായത്തിന്റെയും ഉള്‍ച്ചുഴികള്‍ മനസ്സിലാക്കാതെ ഇറങ്ങിത്തിരിച്ചതുകൊണ്ട് സംഭവിച്ച കാലക്കേടാണിത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബുദ്ധിമോശം.
  • കേരളത്തില്‍ നായന്‍മാര്‍ മൊത്തം പതിനാലര ശതമാനമാണ്. ചാതുര്‍വര്‍ണ്യത്തിന്റെ നിയമാവലി വെച്ചുനോക്കിയാല്‍ വേദം കേള്‍ക്കാന്‍പോലും യോഗ്യതയില്ലാത്ത ശൂദ്രവര്‍ഗത്തിന്റെ കൂട്ടത്തില്‍പെടും ഇവര്‍. എന്നാലും തങ്ങള്‍ മുന്നാക്കക്കാരാണെന്ന മിഥ്യാഭിമാനത്തിന്റെ ബലത്തില്‍ കെട്ടിയുണ്ടാക്കിയതാണ് എന്‍.എസ്.എസിന്റെ അസ്തിവാരം. അതുവെച്ച് കളിക്കുകയും കരയോഗക്കാരുടെ മുമ്പാകെ ആളായിച്ചമയുകയും കിട്ടുന്ന കരമൊഴിയും പാട്ടഭൂമിയുമൊക്കെ വരവുവെച്ച് ചുമ്മായിരുന്നാല്‍ മതിയായിരുന്നു എന്‍.എസ്.എസിന്; നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ സമദൂരമെന്നൊക്കെ പറയുകയും ചെയ്യാം.
  • പക്ഷേ സുകുമാരന്‍ നായര്‍ക്ക് വേറെയും മോഹങ്ങളുണ്ടായിരുന്നു എന്നാണ് കേള്‍വി. മകള്‍ സുജാതയെ വി.സിയോ പി.വി.സിയോ ആക്കണം. തന്റെ വരുതിക്ക് നില്‍ക്കുന്ന ഒരു മന്ത്രിവേണം; മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ടെന്ന പഴഞ്ചൊല്ല് കാണാപ്പാഠം പഠിച്ച സുകുമാരന്‍ നായര്‍ കളി തുടങ്ങിയതങ്ങനെയാണ്.
  • പക്ഷേ നായര്‍ പഠിച്ച പഴഞ്ചൊല്ല് പതിരായിപ്പോയതിലാണ് കഥാന്ത്യം; സുകുമാരന്‍ നായര്‍ ശരിക്കും പടനായരായി യുദ്ധം തുടങ്ങിയത് അതിന്റെ പരിണതി.
  • ജി. സുകുമാരന്‍ നായര്‍ അടവുകള്‍ പഠിച്ചതെവിടെനിന്നാണെന്ന് ചോദിക്കരുത്. രേഖകള്‍ തെരഞ്ഞാല്‍ കേരള സര്‍വീസ് കമ്പനിയില്‍ പ്യൂണായിരുന്നു അദ്ദേഹമെന്ന് വ്യക്തമാവും.
  • എന്‍.എസ്.എസും കേരള സര്‍വീസ് കമ്പനിയും ഒരേ നാണയത്തിന്റെ രണ്ട് മുഖങ്ങള്‍. പിന്നീട് സുകുമാരന്‍ നായര്‍ എയര്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥനായി.
  • 1962 ഫെബ്രുവരി 2ന് ആ ജോലിവിട്ട് എന്‍.എസ്.എസ് ആപ്പീസില്‍ ഗുമസ്തനായി എന്നാണ് നായരുടെ ജീവചരിത്രക്കുറിപ്പില്‍ പറയുന്നത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കണമെങ്കില്‍ നിയമബിരുദം വേണമെന്നതിനാല്‍ അതിനിടയില്‍ അദ്ദേഹം പ്രസ്തുത യോഗ്യത കരസ്ഥമാക്കിപോലും.
  • ഏതായാലും ഒരു കാര്യം തീര്‍ച്ചയാണ്. സംഘടനയില്‍ നായരുടെ ഉയര്‍ച്ചക്ക് പിന്നില്‍ ബന്ധുബലമുണ്ട്. എന്‍.എസ്.എസിന്റെ സ്ഥാപകരിലൊരാളായ വാഴ്പറമ്പില്‍ വേലായുധന്‍ പിള്ളയുടെ മരുമകനാണ് സുകുമാരന്‍ നായര്‍. സൗമ്യനും എല്ലാവര്‍ക്കും ആദരണീയനുമായിരുന്ന നാരായണപ്പണിക്കരുടെ പിന്തുടര്‍ച്ചക്കാരനായി തൊട്ടതൊക്കെ വിവാദമാക്കുന്ന സുകുമാരന്‍ നായര്‍ വന്നെത്തിയതിന്റെ അണിയറ രഹസ്യങ്ങളില്‍ ഇങ്ങനെ പലതുമുണ്ട്.
  • പണിക്കരുടെ കാലത്തും ഡീഫാക്‌ടോ ജനറല്‍ സെക്രട്ടറി നായരായിരുന്നു എന്ന കഥവേറെ.
  • എന്‍.എസ്.എസിന് ഈ പടനായരുടെ സംഭാവനയെന്താണെന്ന് ചോദിക്കുന്ന പലരുമുണ്ട്. സമദൂരം എന്ന ആശയം സുകുമാരന്‍ നായരുടേതായിരുന്നുവത്രേ. മുസ്‌ലിം പ്രീണനമെന്ന ഉമ്മാക്കികാണിച്ച് വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടിയതിന്ന് പിന്നിലെ ചാണക്യസൂത്രവും നായരുടേതാണ് എന്ന് കരുതുന്നവര്‍ ഏറെ.
  • ആര്‍.എസ്.എസിന്റെ അജണ്ടയാണ് അദ്ദേഹത്തിന്റേതെന്ന് കരുതുന്നവരുമുണ്ട്. എങ്ങനെയായാലും ഒരു കാര്യത്തില്‍ സംശയമില്ല - കുളിച്ച് കുറിയിട്ടുവന്ന് സുകുമാരന്‍ നായര്‍ രണ്ടുവാക്ക് മൊഴിഞ്ഞാല്‍ അതില്‍നിന്ന് ഒരു പ്രശ്‌നം ചിറകടിച്ചുയരും.
  • അത് ചിലപ്പോള്‍ വര്‍ഗീയ ധ്രുവീകരണവും രാഷ്ട്രീയാസ്വാസ്ഥ്യവുമൊക്കെ ഉണ്ടാക്കിയെന്നും വരും. തൊട്ടതൊക്കെ വിവാദമാക്കാനുള്ള ഈ ശേഷിയാണ് അദ്ദേഹത്തിന്ന് ഉണ്ടെന്ന് പറയുന്ന നായര്‍ സ്പിരിറ്റ്. ഈ സ്പിരിറ്റ് നമ്മുടെ പല ഈടുവെപ്പുകളും കത്തിച്ച് ചാരമാക്കാന്‍വേണ്ടി അദ്ദേഹം ഉപയോഗിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ചന്ദ്രിക ദിനപ്പത്രത്തോട് കടപ്പാട് 

No comments:

Post a Comment