അതേസമയം ഗവണ്‍മെന്റിന്റെ തോന്നിവാസങ്ങള്‍ക്കു കൂട്ടുനില്ക്കുന്ന പൊതുജനസേവകരായ നേതാക്കളുടെ പ്രവൃത്തികളും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.
തൊഴില്‍തര്‍ക്ക ബില്ലിന്റെ അവതരണം വീക്ഷിക്കാനാണ് ഞങ്ങള്‍ അസംബ്ലിയില്‍ വന്നത്. പക്ഷേ, ഇവിടത്തെ ചര്‍ച്ചകള്‍ കണ്ടപ്പോള്‍ തൊഴിലാളിവര്‍ഗത്തിന് ഇന്ന് സര്‍ക്കാറില്‍നിന്നും ഒരു ഗുണവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ക്കു ബോധ്യമായി. ഈ നാട്ടിലെ
പട്ടിണിപ്പാവങ്ങള്‍ക്ക് അവരുടെ പ്രാഥമികാവകാശങ്ങള്‍വരെ നിഷേധിക്കപ്പെട്ടിരിക്കുന്നു. അവരെ രക്ഷിക്കാന്‍ ഗവണ്‍മെന്റ് ഒന്നും ചെയ്യുന്നില്ല. ഈ അനീതികള്‍ കണ്ട് കൈയും കെട്ടി നോക്കിനില്ക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഇവരോടുള്ള സഹാനുഭൂതിമൂലം ഞങ്ങളുടെ ഹൃദയങ്ങളിലൂടെ രക്തം കിനിഞ്ഞിറങ്ങുകയാണ്.
ഞങ്ങളുടെ പ്രതിഷേധമറിയിക്കാന്‍ മറ്റൊരു മാര്‍ഗവും കണ്ടെത്താനാവാത്തതുകൊണ്ടാണ് ഞങ്ങള്‍ ബോംബിട്ടത്. ഞങ്ങളുടെ ഒരേയെരു ഉദ്ദേശ്യം ചെകിടന്മാരെ കേള്‍പ്പിക്കലായിരുന്നു. ജനങ്ങളെ അവഗണിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്കലും. ഞങ്ങളെപ്പോലെതന്നെ ഈ പാവങ്ങളുടെ കാര്യത്തില്‍ സഹാനുഭൂതിയുള്ള അനേകര്‍ ഈ രാജ്യത്തുണ്ട്.
ക്രൂരമായ ബലപ്രയോഗമാണ് അക്രമം. ധാര്‍മികമായി അതു കുറ്റകരമാണ്. ജനങ്ങള്‍ക്കു മുഴുവന്‍ ഗുണം ചെയ്യുന്ന ന്യായമായ ഒരു കാര്യത്തിനുവേണ്ടിയാണ് അക്രമമെങ്കില്‍ അതു ന്യായീകരിക്കത്തക്കതാണ്. ഗുരു ഗോബിന്ദ് സിങ്, ശിവജി, കമാല്‍ പാഷ, റിസാഖാന്‍, വാഷിങ്ടണ്‍, ഗാരിബാല്‍ഡി, ലഫായത്തി, ലെനിന്‍ തുടങ്ങിയ മഹാപുരുഷന്മാരുടെ ജീവിതാദര്‍ശങ്ങളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഉയര്‍ന്നുവന്ന പ്രസ്ഥാനമാണ് ഞങ്ങളുടേത്.
വിദേശസര്‍ക്കാറും പൊതുജനനേതാക്കളും ഈ പ്രസ്ഥാനങ്ങളെ കണ്ടില്ലെന്നു നടിക്കുമ്പോള്‍ അവര്‍ക്കു മുന്നറിയിപ്പ് നല്കല്‍ ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു.
ബോംബേറില്‍ പരിക്കു പറ്റിയവരോടോ അസംബ്ലി അംഗങ്ങളോടോ ഞങ്ങള്‍ക്ക് ഒരു വ്യക്തിവൈരാഗ്യവുമില്ല. മനുഷ്യജീവന്‍ പരിശുദ്ധമായിട്ടാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങള്‍ മനുഷ്യസേവകരാണ്. ഈ സേവനത്തിനിടയില്‍ ഒരാള്‍ക്കുപോലും ഉപദ്രവമുണ്ടാകാന്‍ ഞങ്ങളാഗ്രഹിക്കുന്നതില്ല. അങ്ങനെ വരാതിരിക്കാന്‍ ഞങ്ങളെത്തന്നെ ബലികൊടുക്കാന്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ. ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ നിരപരാധികളെ കൊന്നൊടുക്കുന്ന ബ്രിട്ടീഷ് പട്ടാളക്കാരെപ്പോലെയല്ല ഞങ്ങള്‍. ഞങ്ങള്‍ മനുഷ്യരുടെ രക്ഷകരാണ്. എന്നിട്ടും ഞങ്ങള്‍ അസംബ്ലി ഹാളില്‍ ബോംബിട്ടു. ഞങ്ങള്‍ ചെയ്ത പ്രവൃത്തിയുടെ ഉദ്ദേശ്യംകൂടി നോക്കി വേണം ഞങ്ങള്‍ക്കെതിരേ വിധി പറയാന്‍.
ഒഴിഞ്ഞുകിടന്ന ഒരു ബെഞ്ചിന് കേടുപറ്റിയെന്നല്ലാതെ ഞങ്ങളെറിഞ്ഞ ബോംബുകൊണ്ട് ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടായില്ല.
ഇതൊരദ്ഭുതമാണെന്നാണ് ഗവണ്‍മെന്റ് വിദഗ്ധരും ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടത്. ഇതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. ഒഴിഞ്ഞ സ്ഥലത്തേക്കാണ് ഞങ്ങള്‍ ബോംബിട്ടത്. പൊട്ടിത്തെറിച്ച സ്ഥലത്തുനിന്നും രണ്ടടി അകലത്തില്‍ ഇരുന്ന പി. റാവു ശങ്കര്‍റാവു, സര്‍ ജോര്‍ജ് ഷൂസ്റ്റര്‍ തുടങ്ങിയവര്‍ക്കുപോലും നേരിയ പോറലുകള്‍ മാത്രമേ ഉണ്ടായുള്ളൂ. ബോംബിനെക്കുറിച്ചുള്ള ഗവണ്‍മെന്റ് വിദഗ്ധന്റെ വിശദീകരണം അതിശയോക്തിയാണ്. പൊട്ടാസ്യം ക്ലോറേറ്റും പിക്‌റിക് ആസിഡുമാണ് ബോംബിന്റെ ചേരുവ എന്ന അവരുടെ അഭിപ്രായം ശരിയായിരുന്നെങ്കില്‍ ആ ഹാള്‍ മുഴുവന്‍ തകര്‍ന്നുപോയേനേ. ഇനി മറ്റെന്തെങ്കിലും അപകടകാരിയായ വസ്തുക്കള്‍ ബോംബിലുണ്ടായിരുന്നെങ്കില്‍ അംഗങ്ങള്‍ മുഴുവനും കൊല്ലപ്പെടുമായിരുന്നു. ഗവണ്‍മെന്റിന്റെ അതിപ്രധാന വ്യക്തികള്‍ ഇരുന്ന ഭാഗത്തേക്ക് ബോംബിട്ടിരുന്നെങ്കില്‍ അവരെല്ലാം മരിച്ചുവീഴുമായിരുന്നു. ആ സമയത്ത് സൈമണ്‍ കമ്മീഷന്‍ തലവന്‍ സര്‍ ജോണ്‍ സൈമണ്‍ അസംബ്ലിയിലുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അദ്ദേഹത്തെ വേണമെങ്കിലും കൊല്ലാമായിരുന്നു. ആരെയും കൊല്ലാന്‍ ഞങ്ങളുദ്ദേശിച്ചിരുന്നില്ല എന്നതാണ് സത്യം. ബോംബ് എന്തു കാര്യത്തിനുവേണ്ടി നിര്‍മിച്ചോ, ആ ഉദ്ദേശ്യം അതു പൂര്‍ത്തിയാക്കി.
ചെയ്ത പ്രവൃത്തിക്കു തക്ക ശിക്ഷ നല്കാന്‍ ഞങ്ങള്‍ ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. ബ്രിട്ടീഷുകാര്‍ക്ക് ആളുകളെ കൊല്ലാന്‍ കഴിഞ്ഞേക്കും. പക്ഷേ, ആശയങ്ങളെ അവര്‍ക്കു തകര്‍ക്കാനാവില്ല.
ഫ്രാന്‍സിലുണ്ടായ വിപ്ലവത്തെ തകര്‍ക്കാന്‍ രാജാവ് വെച്ചുനീട്ടിയ ബഹുമതിപത്രങ്ങള്‍ക്കോ ജയിലറകള്‍ക്കോ കഴിഞ്ഞില്ല എന്ന സത്യം നമുക്കു മുന്നിലുണ്ട്. വിപ്ലവകാരികളെ കാത്തിരുന്ന മരണ അറകള്‍ക്കോ സൈബീരിയയിലെ മഞ്ഞുറഞ്ഞ ഭൂഗര്‍ഭ അറകള്‍ക്കോ റഷ്യന്‍ വിപ്ലവത്തെ ഇല്ലാതാക്കാനും കഴിഞ്ഞില്ല.
ഇതാണ് മറ്റു രാജ്യങ്ങളുടെ സ്ഥിതിയെങ്കില്‍ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യവാഞ്ഛയെ കെടുത്തിക്കളയാന്‍ ഓര്‍ഡിനന്‍സുകളും സുരക്ഷാ ബില്ലുകളും മതിയാവുമോ? ആദര്‍ശധീരരായ യുവജനങ്ങള്‍ക്കെതിരേ ഗൂഢാലോചനക്കേസുകള്‍ കെട്ടിച്ചമച്ചതുകൊണ്ട് അവരുടെ വിപ്ലവമുന്നേറ്റത്തെ ഇല്ലാതാക്കാന്‍ കഴിയുമോ? തക്കസമയത്തുള്ള ഒരു മുന്നറിയിപ്പ് ഒരുപക്ഷേ, വിലപ്പെട്ട പല മനുഷ്യജീവനെയും രക്ഷപ്പെടുത്തിയേക്കാം.
ഈ മുന്നറിയിപ്പ് സര്‍ക്കാറിനു നല്കാന്‍ ഞങ്ങള്‍ ഞങ്ങളെത്തന്നെ
ഭരമേല്പിക്കുകയായിരുന്നു. ആ കൃത്യം ഞങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നു.'
ചന്ദ്രശേഖര്‍ ആസാദ് കൊല്ലപ്പെടുന്നു
എച്ച്.എസ്.ആര്‍.എയിലെ ഒരു സഹ വിപ്ലവകാരിയുടെ ഒറ്റുകൊടുക്കലിനെത്തുടര്‍ന്ന് ഒളിവില്‍പ്പോയിരുന്ന ചന്ദ്രശേഖര്‍ ആസാദിനെ 1931 ഫിബ്രവരി 27-ന് അലാഹാബാദിലെ ആല്‍ഫ്രഡ് പാര്‍ക്കില്‍വെച്ച് പോലീസ് കണ്ടെത്തി. ബിശ്വേശ്വര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തെ കണ്ടെത്തിയത്. അദ്ദേഹം ഉടനെ ആ വിവരം മേലുദ്യോഗസ്ഥനായ നട്ട്ബവറിനെ അറിയിച്ചു. നട്ട്ബവര്‍ ചന്ദ്രശേഖറെ വെടിവെക്കുകയായിരുന്നു. ചന്ദ്രശേഖര്‍ അവിടെ വെടിയേറ്റ് മരിച്ചുവീണു.
പോലീസിന്റെ പിടിയില്‍പ്പെടുമെന്ന് മനസ്സിലാക്കിയ അദ്ദേഹം, സ്വയം വെടിവെച്ച് മരിച്ചതാണെന്നും പറയുന്നുണ്ട്.
ആസാദിന്റെ മരണത്തോടെ എച്ച്.എസ്.ആര്‍.എ ശിഥിലമായി. ഭഗത്‌സിങ് ജയിലിലായിരുന്നു. കുറെയേറെ അംഗങ്ങള്‍ മാപ്പുസാക്ഷികളായി വിപ്ലവകാരികള്‍ക്കെതിരേ തെളിവു കൊടുത്തു.
ഇതു സംബന്ധിച്ച് ഭഗത്‌സിങ്ങിന്റെ സുഹൃത്തും പിന്നീട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന അജയഘോഷ് രേഖപ്പെടുത്തുന്നത് ഇങ്ങനെ: 'ഏറ്റവും ഖേദകരമായ അനുഭവം പോലീസ് മര്‍ദനം സഹിക്കവയ്യാതെ പലരും മാപ്പുസാക്ഷികളായി മാറിയതായിരുന്നു. മാപ്പുസാക്ഷികളായ ഏഴു പേരില്‍ രണ്ടു പേര്‍ എച്ച്.എസ്.ആര്‍.എയുടെ കേന്ദ്രസമിതി അംഗങ്ങളായിരുന്നു.'
ജയിലുകളില്‍ ബ്രിട്ടീഷ് തടവുകാര്‍ക്കു മാത്രമായി ലഭിക്കുന്ന പ്രത്യേക പരിഗണന ഭഗത്‌സിങ്ങിനെയും ദത്തിനെയും അസ്വസ്ഥരാക്കി. ഈ അനീതിക്കെതിരേ പ്രതിഷേധിച്ചുകൊണ്ട് അവര്‍ ജയിലധികൃതര്‍ക്ക് നിവേദനം നല്കി. തുടര്‍ന്ന് നിരാഹാരസമരം ആരംഭിച്ചു. രാഷ്ട്രീയ ത്തടവുകാര്‍ക്ക് നല്ല ഭക്ഷണം നല്കുക, വായിക്കാന്‍ പത്രമാസികകളും പുസ്തകങ്ങളും നല്കുക, നല്ല വസ്ത്രങ്ങള്‍ നല്കുക, ടോയ്‌ലറ്റ് സൗകര്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ഭഗത്‌സിങ്ങും ദത്തും ഒപ്പിട്ട ഒരു കത്ത് 24-06-1929ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഹോം മെമ്പര്‍ക്ക് അയച്ചു.
അതില്‍ താഴെ പറയുന്ന കാര്യങ്ങള്‍ രാഷ്ട്രീയത്തടവുകാര്‍ക്ക് അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു:
1. നല്ല ഭക്ഷണം നല്കണം. യൂറോപ്യന്‍ തടവുകാര്‍ക്കു നല്കുന്ന ഭക്ഷണമെങ്കിലും ഞങ്ങള്‍ക്കും നല്കണം.
2. കഠിനാധ്വാനം ചെയ്യിക്കരുത്.
3. നിരോധിത ഗ്രന്ഥങ്ങളൊഴിച്ചുള്ള ഗ്രന്ഥങ്ങള്‍ വായിക്കാന്‍ നല്കണം. എഴുതാനുള്ള സാമഗ്രികളും അനുവദിക്കണം.
4. ഒരു നല്ല ദിനപത്രമെങ്കിലും ഓരോ രാഷ്ട്രീയത്തടവുകാരനും അനുവദിക്കണം.
5. അവര്‍ക്കു പ്രത്യേകം വാര്‍ഡുകള്‍ അനുവദിക്കണം. യൂറോപ്യന്‍ തടവുകാര്‍ക്കുള്ള സൗകര്യങ്ങള്‍ അവയിലുണ്ടാവണം.
6. ടോയ്‌ലറ്റ് സൗകര്യങ്ങള്‍ വേണം.
7. നല്ല വസ്ത്രങ്ങള്‍ നല്കണം.
ഈ ആവശ്യങ്ങള്‍തന്നെ ജയിലധികൃതരുടെ മുന്‍പില്‍ സമര്‍പ്പിച്ചെങ്കിലും ആ അപേക്ഷ നിരസിക്കപ്പെട്ടതായി അവര്‍ ഹോം മെമ്പറെ അറിയിച്ചു. പണ്ഡിറ്റ് ജഗത് നാരായണനും കെ.ബി. ഹാഫിസ് ഹിദായത്തു ഹുസൈനും അംഗങ്ങളായ യു.പി. ജയില്‍ കമ്മിറ്റി ഗവണ്‍മെന്റിനു നല്കിയ ശിപാര്‍ശകളില്‍ പ്രധാനം രാഷ്ട്രീയത്തടവുകാരെ ഉയര്‍ന്ന ക്ലാസ് തടവുകാരായി പരിഗണിക്കണമെന്നായിരുന്നു എന്ന വിവരവും അവര്‍ എഴുതി.
നിരാഹാരസമരത്തിന്റെ 64-ാം ദിവസം സമരത്തില്‍ ഏര്‍പ്പെട്ടിരുന്ന ജതീന്‍ദാസ് എന്ന വിപ്ലവകാരി മരണപ്പെട്ടു. 32 ദിവസംകൂടി ഭഗത്‌സിങ്് നിരാഹാരമനുഷ്ഠിച്ചു.
സമരം 115 ദിവസം പിന്നിട്ടപ്പോള്‍ അധികൃതര്‍ ഭഗത്‌സിങ്ങിന്റെ ആവശ്യങ്ങള്‍ അനുവദിച്ചുകൊണ്ട് ഉത്തരവായി. ജയിലിലെ ഈ സഹനസമരത്തെത്തുടര്‍ന്ന് ഭഗത്‌സിങ്ങിന്റെയും സഹവിപ്ലവകാരികളുടെയും പ്രശസ്തി ഇന്ത്യ മുഴുവന്‍ വ്യാപിച്ചു.
ഭഗത്‌സിങ്ങിനു മരണശിക്ഷ ഭഗത്‌സിങ്ങിനെതിരെ പ്രമാദമായ രണ്ടു കേസുകളാണുണ്ടായിരുന്നത്. ഒന്ന് സാന്റേഴ്‌സനെ കൊന്ന കേസില്‍ ഭഗത്‌സിങ് ഒന്നാം പ്രതിയായിരുന്നു. രണ്ടാമത്തേത്, അസംബ്ലിയില്‍ ബോംബെറിഞ്ഞ കേസ്.
അസംബ്ലി ബോംബ് കേസില്‍ ഭഗത്‌സിങ്ങിനെയും ദത്തിനെയും അന്തമാനിലേക്ക് ജീവപര്യന്തം നാടുകടത്താന്‍ കോടതി വിധിയായി. 1929 ജൂണ്‍ 12-നായിരുന്നു കോടതിവിധി.
സാന്റേഴ്‌സന്‍ വധക്കേസ് 'രണ്ടാം ലാഹോര്‍ ഗൂഢാലോചനാക്കേസ്' എന്ന പേരിലാണ് പ്രസിദ്ധമായത്. 1929 ജൂലായ് 10-ന് ആരംഭിച്ച വിചാരണ 1930 ഒക്ടോബര്‍ 7-നാണ് അവസാനിച്ചത്.
ഭഗത്‌സിങ്, സുഖ്‌ദേവ്, രാജഗുരു എന്നീ മൂന്നു പ്രതികളെയും മരണംവരെ തൂക്കിക്കൊല്ലാന്‍ വിധിച്ചു.
വധശിക്ഷയ്ക്കു വിധേയനാകുന്നതിന് ഏതാനും ദിവസം മുന്‍പ് 1931 മാര്‍ച്ചില്‍ ഭഗത്‌സിങ് ജയിലില്‍നിന്ന് പഞ്ചാബ് ഗവര്‍ണര്‍ക്ക് ഒരു കത്തയച്ചു. അതില്‍ ഭഗത്‌സിങ് എഴുതി: 'ഞങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധത്തില്‍ ഏര്‍പ്പെട്ടെന്ന് കോടതി കുറ്റം ചുമത്തിയ നിലയ്ക്ക് ഞങ്ങള്‍ യുദ്ധക്കുറ്റവാളികളാണ്. അതുകൊണ്ട് തൂക്കിലേറ്റാതെ ഞങ്ങളെ വെടിവെച്ചു കൊല്ലണം.' തന്നെ കൊല്ലാന്‍ പോകുന്നു എന്ന വ്യാകുലചിന്തയൊന്നും ഭഗത്‌സിങ്ങിനുണ്ടായിരുന്നില്ല. തൂക്കിക്കൊല്ലുന്നതിനു പകരം വെടിവെച്ചു കൊല്ലണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ ഗവണ്‍മെന്റ് തള്ളിക്കളഞ്ഞു.
ഭഗത്‌സിങ്ങിനെയും കൂട്ടുകാരെയും മരണശിക്ഷയില്‍നിന്നൊഴിവാക്കി ജീവപര്യന്തമാക്കാന്‍ ദേശീയനേതൃത്വം നിവേദനം സമര്‍പ്പിച്ചെങ്കിലും വിപ്ലവകാരികളെ നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയുണ്ടായിരുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റ് നേതാക്കളുടെ അപേക്ഷ അവഗണിച്ചുകൊണ്ട് 1931 മാര്‍ച്ച് 23 വൈകീട്ട് 7 മണിക്ക് ഭഗത്‌സിങ്, സുഖ്‌ദേവ്, രാജഗുരു എന്നീ മൂന്നു വിപ്ലവകാരികളെയും തൂക്കിലേറ്റി.
മരണദിവസം ഈ മൂന്നു വിപ്ലവകാരികളും ഏറെ സന്തോഷത്തിലായിരുന്നു. അവര്‍ മൂന്നു പേരും തൂക്കുകയര്‍ ചുംബിച്ചു. അതിനുശേഷം സ്വയം കയറെടുത്ത് കഴുത്തിലിട്ടു. 'ഭാരത്മാതാ' എന്ന മുദ്രാവാക്യം അവരുടെ മനസ്സിലും ചുണ്ടിലും നിറഞ്ഞു.
ആ ദിവസം ലാഹോര്‍ ജയിലിലെ ഒരു തടവുകാരനും ഭക്ഷണം കഴിച്ചില്ല. കണ്ണുനീരോടെ തങ്ങളുടെ പ്രിയപ്പെട്ട സഖാക്കള്‍ക്ക് അവര്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചു.
ആരെയും അറിയിക്കാതെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ജയിലധികൃതര്‍ തിടുക്കംകാട്ടി. ആ രാത്രിതന്നെ ശവശരീരങ്ങള്‍ ഫിറോസ്പൂരിലെത്തിച്ച് സത്‌ലജ് നദിക്കരയില്‍ ദഹിപ്പിച്ചു.
ഇവര്‍ കൊല്ലപ്പെട്ടതറിയാതെ അടുത്ത ബന്ധുക്കള്‍ അടുത്ത ദിവസം ജയിലിലെത്തിയിരുന്നു. അവിടെയെത്തിയപ്പോഴാണ് തലേന്നുതന്നെ വധശിക്ഷ നടപ്പിലാക്കിയ വിവരം അവരറിയുന്നത്.
ഭഗത്‌സിങ്ങിന്റെ ഇളയസഹോദരി ബീബി അമര്‍കൗര്‍ നദിക്കരയിലെത്തി, മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കൊണ്ടുപോയി.
ഭഗത്‌സിങ്ങിന്റെ മരണവാര്‍ത്തയറിഞ്ഞ് രാജ്യം ഒന്നാകെ വിഷാദമൂകമായി. എല്ലാ സ്ഥലങ്ങളിലും മൗനജാഥകളും പ്രതിഷേധപ്രകടനങ്ങളും നടന്നു. രോഷാകുലരായ ജനക്കൂട്ടം പോലീസുമായി ഏറ്റുമുട്ടി. വെടിവെപ്പും ലാത്തിച്ചാര്‍ജും നടന്നു. നൂറിലേറെ ആളുകള്‍ കൊല്ലപ്പെട്ടു. കാണ്‍പൂരില്‍ വര്‍ഗീയലഹള പൊട്ടിപ്പുറപ്പെട്ടു. ആ ലഹളയ്ക്കിടയിലാണ് പ്രസിദ്ധ വിപ്ലവകാരിയും ഭഗത്‌സിങ്ങിന്റെ ഗുരുവും സുഹൃത്തുമായിരുന്ന ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടത്.
1931 മാര്‍ച്ച് 23 ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു ദിനമായി.
നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വന്തം ജീവരക്തം പകര്‍ന്നുനല്കിയ അത്യുദാരനായ ആ മഹാവിപ്ലവകാരിയുടെ നനവൂറുന്ന ഓര്‍മയ്ക്കു മുന്‍പില്‍ ശിരസ്സു കുനിക്കട്ടെ!
സ്വാതന്ത്ര്യത്തിനും ദേശീയപുരോഗതിക്കും സോഷ്യലിസത്തിനും വേണ്ടി പോരാടുന്നവര്‍ക്ക് ആ നാമം എന്നും ആവേശം പകരുകതന്നെ ചെയ്യും.