Sunday, June 17, 2012

ഐസ്ക്രീം അട്ടിമറിക്കേസ് എഴുതിത്തള്ളി.ഹേ ..പുണ്യവാളാ ഇതോ നിയമത്തിന്റെ വഴി ?




 ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിച്ചുവെന്ന പരാതിയില്‍ അന്വേഷണത്തിലിരുന്ന കേസ് എഴുതിത്തള്ളി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേകാന്വേഷണസംഘം കോടതിക്ക് സമര്‍പ്പിച്ചു. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഒരാഴ്ച മുമ്പ് റിപ്പോര്‍ട്ട് നല്‍കിയതായി പ്രത്യേകാന്വേഷണസംഘത്തിലെ ഡിവൈഎസ്പി ജയ്സണ്‍ കെ അബ്രഹാം പറഞ്ഞു. കുറ്റപത്രം നല്‍കാന്‍ പര്യാപ്തമായ തെളിവ് ലഭിക്കാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത് മജിസ്ട്രേട്ട് കോടതി പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കും. ഏറെ കോളിളക്കം ഉണ്ടാക്കിയ കേസാണ് അതീവരഹസ്യമായി എഴുതിത്തള്ളിയത്. മുസ്ലിംലീഗ് നേതാവും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി ജഡ്ജിമാര്‍ക്കും ഇരകള്‍ക്കും പണംനല്‍കി ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിച്ചെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസെടുത്തത്. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരി ഭര്‍ത്താവ് കെ എ റൗഫാണ് കേസില്‍ വിധി അനുകൂലമാക്കാന്‍ പണവും അധികാരവുമുപയോഗിച്ചുവെന്ന വിവരം പുറത്തുവിട്ടത്. ഇതില്‍ താനും പങ്കാളിയാണെന്നും റൗഫ് പറഞ്ഞു. 2011 ജനുവരി 28 ന് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിലായിരുന്നു ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍. എന്നാല്‍, കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. ജഡ്ജിമാര്‍ പണം വാങ്ങിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമവിരുദ്ധവും അസാധാരണവുമായ നീക്കത്തിലൂടെയാണ് കേസ് എഴുതിത്തള്ളാനുള്ള തീരുമാനം. യുഡിഎഫ് അധികാരത്തിലെത്തുകയും കുഞ്ഞാലിക്കുട്ടി മന്ത്രിയാവുകയും ചെയ്തതോടെ കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഈ ആശങ്ക കോടതിയിലുമെത്തി. തുടര്‍ന്ന്, ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലായി അന്വേഷണം. കേസ് സംബന്ധിച്ച രണ്ട് ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാരും പൊലീസും ക്രമവിരുദ്ധമായ നടപടിയെടുത്തതെന്നത് ആക്ഷേപം ബലപ്പെടുത്തുന്നു. അന്വേഷണ റിപ്പോര്‍ട്ടിനായും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജികളാണ് കോടതിയിലുള്ളത്. അന്വേഷണറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തേടിയുള്ള പ്രതിപക്ഷനേതാവിന്റെ ഹര്‍ജി സുപ്രീംകോടതിയിലാണുള്ളത്. ഈ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ശേഷം ഹൈക്കോടതി കേസ് ഡയറിയും രേഖകളും അഡ്വക്കറ്റ് ജനറലിനെ തിരിച്ചേല്‍പ്പിച്ചു. ഇതാണ് പ്രത്യേകാന്വേഷണ സംഘത്തിന്റെ പരാമര്‍ശത്തോടെ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. അഡ്വക്കറ്റ് ജനറലിന് റിപ്പോര്‍ട്ട് ലഭിച്ചശേഷം മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തിയാണ് അന്വേഷണം അവസാനിപ്പിച്ച് കേസ് എഴുതിത്തള്ളാന്‍ തീരുമാനിച്ചത്. ഹൈക്കോടതി ഹര്‍ജി തള്ളിയതിനു തൊട്ടുപിന്നാലെ കേസ് എഴുതിത്തള്ളിയതും സംശയകരമാണ്. യുഡിഎഫ് അധികാരമേറ്റയുടന്‍ അന്വേഷണം അവസാനിപ്പിക്കാനും തേച്ചുമാച്ചുകളയാനും ഇടപെടലുണ്ടായി. പ്രത്യേകാന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മറ്റു ചുമതലകള്‍ നല്‍കി സംഘത്തെ കടലാസിലൊതുക്കി. റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കോഴിക്കോട് ടൗണ്‍പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അട്ടിമറി അന്വേഷിക്കാന്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ എഡിജിപി വിന്‍സന്‍ എം പോള്‍ തലവനായി പ്രത്യേകാന്വേഷണസംഘത്തെയും നിയോഗിച്ചു. ഇന്നത്തെ എഐജി അനൂപ് കുരുവിള ജോണ്‍, എസ്പി പി വിജയന്‍, ഡിവൈഎസ്പിമാരായ ജയ്സണ്‍ കെ അബ്രഹാം, വേണുഗോപാല്‍ എന്നിവരായിരുന്നു സംഘത്തില്‍. നൂറിലേറെ സാക്ഷികളെ വിസ്തരിച്ചു. 150 ഓളം തെളിവുകളും രേഖകളും പരിശോധിച്ചു. പീഡനത്തിനിരയായ റജീന, റജുല, ബിന്ദു എന്നിവരെയും ചോദ്യംചെയ്തു. കുഞ്ഞാലിക്കുട്ടിയെ മൂന്നുതവണ ചോദ്യംചെയ്തു. ആരോപണവിധേയരായ ജസ്റ്റിസുമാരായ പി നാരായണക്കുറുപ്പ്, കെ തങ്കപ്പന്‍ എന്നിവരില്‍ നിന്നും തെളിവെടുത്തു. കോഴിക്കോട് ബീച്ചിനടുത്ത് ഐസ്ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് 1997 ല്‍ അരങ്ങേറിയ പെണ്‍വാണിഭമാണ് ഒരിക്കല്‍ക്കൂടി തേച്ചുമാച്ചുകളഞ്ഞത്.

No comments:

Post a Comment