മഹാശ്വേതാദേവിയുടെ തുറന്ന കത്തിന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കുന്ന മറുപടി
തിരു: മരണത്തിലുള്ള സങ്കടമല്ല, മരണം മുതലെടുക്കാനുള്ള രാഷ്ട്രീയ വ്യഗ്രതയാണ് ടി പി ചന്ദ്രശേഖരന്‍വധത്തിന്റെ പേരില്‍ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തുന്നവരെ നയിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജ്ഞാനപീഠ ജേതാവ് മഹാശ്വേതാദേവിയെ ഓര്‍മിപ്പിച്ചു. പാര്‍ടിവിരുദ്ധ രാഷ്ട്രീയക്കാരും മാധ്യമങ്ങളും നടത്തുന്ന ശക്തമായ അപകീര്‍ത്തിപ്പെടുത്തലിന്റെ വേലിയേറ്റത്തില്‍ പല സത്യങ്ങളും മുങ്ങിപ്പോവുകയാണെന്ന് മഹാശ്വേതാദേവിയുടെ തുറന്ന കത്തിനുള്ള മറുപടിയില്‍ പിണറായി ചൂണ്ടിക്കാട്ടി.
ചന്ദ്രശേഖരന്‍വധത്തെ സിപിഐ എം അപലപിച്ചിട്ടുണ്ടെന്നും വ്യക്തിയെ കൊന്ന് വിശ്വാസത്തെ തകര്‍ക്കാമെന്ന മിഥ്യാധാരണ സിപിഐ എമ്മിന് ഇല്ലെന്നും പിണറായി പറഞ്ഞു. ചന്ദ്രശേഖരന്റെ കൊലപാതകം മുന്‍നിര്‍ത്തി അപ്പപ്പോള്‍ വിവരം നല്‍കിക്കൊണ്ടിരിക്കുന്നവര്‍ ഒന്നരമാസം മുമ്പ് കൊലചെയ്യപ്പെട്ട അനീഷിന്റെ ദയനീയാവസ്ഥയിലുള്ള അമ്മ പെങ്ങന്മാരെക്കുറിച്ച് പറയാത്തതെന്തുകൊണ്ടാണെന്ന് മഹാശ്വേതാദേവിയോട് പിണറായി ചോദിച്ചു. അവിടേക്ക് കൂട്ടിക്കൊണ്ടുപോകാത്തതെന്താണ്? എല്ലാ ചോരയ്ക്കും ഒരേ നിറമാണെന്നും എല്ലാ ജീവനും ഒരേ വിലയാണെന്നും നിങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരോട് നിങ്ങള്‍ പറയണം. ജീവിതമെന്തെന്നുപോലുമറിഞ്ഞിട്ടില്ലാത്ത ഡസന്‍കണക്കിന് കുട്ടികള്‍ അവര്‍ ഇടതുപക്ഷത്താണെന്നതുകൊണ്ടുമാത്രം കോണ്‍ഗ്രസുകാരാലും ആര്‍എസ്എസുകാരാലും കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഭുവനേശ്വരന്‍, മുസ്തഫ, പ്രസാദ്, സുധീഷ് തുടങ്ങി എത്രയോപേര്‍. ഈ പരമ്പരയില്‍ ഒടുവിലത്തെ കണ്ണിയാണ് അനീഷ്. ഇവരെക്കുറിച്ചൊന്നും നിങ്ങളെ അവര്‍ അറിയിക്കാത്തതെന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കാന്‍ കഴിയണം. അപ്പോള്‍ കിട്ടുന്ന ഉത്തരത്തില്‍ നിന്നറിയാം ഇപ്പോഴത്തെ മരണം മുതലെടുക്കാനുള്ള രാഷ്ട്രീയവ്യഗ്രത. ധാരാളംപേര്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തുപോരുന്ന സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാദേവിക്ക് അടുത്തകാലത്തുണ്ടായ മാറ്റം തെറ്റിദ്ധാരണകൊണ്ടാണെന്ന ധാരണ ബലപ്പെടുത്തുന്നതാണ് വെള്ളിയാഴ്ച മാധ്യമങ്ങളില്‍ വന്ന തുറന്ന കത്ത്.
തന്റെ വീട് കാണാന്‍ പിണറായി മഹാശ്വേതാദേവിയെ ക്ഷണിച്ചു. സൗകര്യമുള്ള ഏത് ദിവസവും അവിടേക്ക് വരാം. വീടിന്റെ വാതിലുകള്‍ തുറന്നുതന്നെയിരിക്കും. സത്യം നേരില്‍ കാണാനാണ് വീട്ടിലേക്ക് ക്ഷണിക്കുന്നതെന്നും സിപിഐ എമ്മിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നവരെ തിരിച്ചറിയാന്‍കൂടി ഇത് സഹായകമാവുമെന്നും പിണറായി ചൂണ്ടിക്കാട്ടി. നേരിട്ട് കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നതുകൊണ്ടാവണം കേരളത്തിലെ പ്രമുഖരായ സാഹിത്യ-സാംസ്കാരിക നായകര്‍ മഹാശ്വേതാദേവിയുടെ അഭിപ്രായങ്ങള്‍ പങ്കിടാത്തതെന്ന് കരുതുന്നു. സിപിഐ എം കേരളത്തിലെ സാമൂഹ്യമാറ്റത്തില്‍ വഹിച്ച പങ്ക് എത്ര സുപ്രധാനമാണെന്നും ആ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തി ഇല്ലാതാക്കിയാല്‍ ഉണ്ടാകുന്ന ശൂന്യത എത്ര വിപല്‍ക്കരമാണെന്നും അവര്‍ തിരിച്ചറിയുന്നുണ്ടാവണം. രാഷ്ട്രീയ ഉപയോഗപ്പെടുത്തലിനായി ചുറ്റിലും വന്നുനില്‍ക്കുന്ന സ്ഥാപിതതാല്‍പ്പര്യക്കാരുടെ വലയം മുറിച്ചുകടന്ന് ആദരണീയരായ ആ സാംസ്കാരിക നേതാക്കളോടെങ്കിലും സംവദിച്ചാല്‍ മഹാശ്വേതാദേവിക്ക് ഇപ്പോഴത്തേതില്‍നിന്നു ഭിന്നമായ ഒരു ധാരണയുണ്ടാവുമെന്നും പിണറായി പറഞ്ഞു.
No comments:
Post a Comment