Friday, June 29, 2012

സഭയിലെ തര്‍ക്കങ്ങള്‍ മദ്ധ്യസ്ഥ ഫോറം വേണം: - ജസ് റ്റീസ് സിറിയക്ക് തോമസ്‌

ക്രൈസ്തവ സഭകളിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ മധ്യസ്ഥ ഫോറങ്ങള്‍ക്ക്  രൂപവല്‍ക്കരിക്കണമെന്നു ജസ് റ്റീസ് സിറിയക്ക് തോമസ്‌ അഭിപ്രായപ്പെട്ടു . ജസ് റ്റീസ് വര്‍ഗീസ്‌ കള്ളിയത്ത് അനുസ്മരണ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ " സഭയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം അനുരജ്ഞനത്തിലൂടെ " എന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .ന്യൂമാന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ആണ് പരിപാടി സംഘടിപ്പിച്ചത് .
ഇടവക അംഗങ്ങള്‍ ,കൌണ്‍സില്‍ അംഗങ്ങള്‍ ,സോഷ്യല്‍ വര്‍ക്കര്‍മാര്‍ , അധികാരികള്‍ എന്നിവരുടെ മദ്ധ്യസ്ഥതയില്‍ ആയിരിക്കണം ചര്‍ച്ചകള്‍ .മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ആവശ്യമെങ്കില്‍ അഭിഭാഷകന്മാരെയും ,ബന്ധപ്പെട്ട ആളുകളേയും കൊണ്ടുവരാനുള്ള അവസരം കൂടി കക്ഷികള്‍ക്ക് നല്‍കണം 
.മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഇടവക ,ജില്ല,ഭദ്രാസന ,സഭ ,സംസ്ഥാന തലങ്ങളില്‍ ഉള്ള മദ്ധ്യസ്ഥ സമിതികള്‍ ആണ് ഉണ്ടാകേണ്ടത് .
ജാസ്‌ നെടു നാളത്തെ വ്യവഹാരങ്ങള്‍ക്ക്‌ ശേഷവും ക്രൈസ്തവ സഭകളിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാത്ത  സ്ഥിതിയിലാണ്  ജസ് റ്റീസ് സിറിയക്ക് തോമസിന്റെ അഭിപ്രായം ശ്രദ്ധേയം ആകുന്നത് .

Monday, June 18, 2012

തിരുവനന്തപുരത്ത് അതിക്രൂരമായ പൊലീസ് നരനായാട്ട്


 എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ കൊലയാളികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിലും വിദ്യാര്‍ഥിവേട്ടയിലും പ്രതിഷേധിച്ച് റോഡുപരോധിച്ച വിദ്യാര്‍ഥികളെ പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചു. കേരളം അടുത്തൊന്നും കണ്ടിട്ടില്ലാത്ത പൈശാചികമായ വിദ്യാര്‍ഥിവേട്ടയാണ് തിങ്കളാഴ്ച തലസ്ഥാനത്തുണ്ടായത്. ഗ്രനേഡും കണ്ണീര്‍വാതകഷെല്ലും ഇഷ്ടികയും കരിങ്കല്‍ച്ചീളുകളുമായി വിദ്യാര്‍ഥിവേട്ടയ്ക്കിറങ്ങിയ പൊലീസ് നഗരം യുദ്ധക്കളമാക്കി.

മര്‍ദനമേറ്റുവീണ കുട്ടികളെ പത്തും പതിനഞ്ചും പൊലീസുകാര്‍ വളഞ്ഞിട്ട് അതിഭീകരമായി തല്ലിച്ചതച്ചു. തലയ്ക്കും ശരീരമാസകലവും അടിയേറ്റ കുട്ടികള്‍ ബോധരഹിതരായിട്ടും ചോരക്കൊതിയടങ്ങാത്ത നരാധമന്മാര്‍ ബൂട്ടിട്ട് ചവിട്ടിയരച്ചു. ചില പൊലീസ് ക്രിമിനലുകള്‍ ലാത്തി ഒടിയുംവരെ കുട്ടികളെ തല്ലി. പൊലീസ് ഭീകരതയില്‍ പരിക്കേറ്റ നിരവധി വിദ്യാര്‍ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏഴുപേരുടെ നില ഗുരുതരമാണ്. പേപിടിച്ച പൊലീസ് നഗരത്തില്‍ മണിക്കൂറുകള്‍ അഴിഞ്ഞാടി. ക്രൂരമര്‍ദനത്തിനിരയായ വിദ്യാര്‍ഥികളെ ആശുപത്രിയിലാക്കാന്‍പോലും സമ്മതിക്കാതെ വലിച്ചിഴച്ചുകൊണ്ടുപോയി എആര്‍ ക്യാമ്പിലടച്ച് പൈശാചികമായി മര്‍ദിച്ചു. എസ്എഫ്ഐ ജില്ലാപ്രസിഡന്റ് ബാലമുരളി, ജില്ലാസെക്രട്ടറിയറ്റ് അംഗം ഷിബി, ജില്ലാകമ്മിറ്റി അംഗം പ്രശാന്ത്, പാളയം ഏരിയ സെക്രട്ടറി നിയാസ്, യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്റ് അഭിജിത്, വെള്ളറട ഏരിയ ജോയിന്റ് സെക്രട്ടറി ആനന്ദ് മോഹന്‍, യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥി ഡിജിത് എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. നിരവധിപേരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഉപരോധത്തിനിടെ പൊടുന്നനെ പൊലീസ് ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവും ആരംഭിക്കുകയായിരുന്നു. തിങ്കളാഴ്ച പകല്‍ 12ഓടെ യൂണിവേഴ്സിറ്റി കോളേജിനു സമീപം സ്പെന്‍സര്‍ ജങ്ഷനില്‍ റോഡില്‍ കുത്തിയിരുന്ന് സമരം ആരംഭിച്ച വിദ്യാര്‍ഥികളെ അറസ്റ്റ്ചെയ്തു നീക്കാന്‍പോലും ശ്രമിച്ചില്ല. പതിവുള്ള ജലപീരങ്കി പ്രയോഗവും ഉണ്ടായില്ല. സമരത്തെ ചോരയില്‍മുക്കിക്കൊല്ലണമെന്ന കൃത്യമായ നിര്‍ദേശം മുഖ്യമന്ത്രിയില്‍നിന്നും ആഭ്യന്തരമന്ത്രിയില്‍നിന്നും ലഭിച്ചിരുന്നെന്ന് വ്യക്തമാക്കുന്ന തരത്തില്‍ യുദ്ധസന്നാഹത്തോടെയാണ് പൊലീസ് എത്തിയത്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എ എ റഹീം സമരം ഉദ്ഘാടനം ചെയ്തതിനുപിന്നാലെയായിരുന്നു ആക്രമണം. ഉന്നതനിര്‍ദേശം കിട്ടിയ ഉടന്‍ കാക്കിപ്പട വിദ്യാര്‍ഥികള്‍ക്കു മേല്‍ ചാടിവീണു. കടന്നാക്രമണത്തില്‍ പകച്ചുപോയ വിദ്യാര്‍ഥികള്‍ ചിതറിയോടി. നൂറുകണക്കിന് പൊലീസുകാരെ പലഭാഗങ്ങളില്‍ എന്തിനും സജ്ജരാക്കി നിര്‍ത്തിയിരുന്നു. അവരില്‍ ഒരുവിഭാഗം കല്ലും ഗ്രനേഡുകളുമായി കുട്ടികളെ പിന്തുടര്‍ന്നു.

സമരരംഗത്ത് അടിച്ചുവീഴ്ത്തിയ കുട്ടികളെയാണ് ഭ്രാന്തുപിടിച്ച മര്‍ദകവീരന്മാര്‍ വളഞ്ഞിട്ട് ലാത്തി ഒടിയുംവരെ തല്ലിച്ചതച്ചത്. അടിയേറ്റ് നിലത്തുവീണ എസ്എഫ്ഐ പാളയം ഏരിയസെക്രട്ടറി നിയാസിനെ പതിനഞ്ചോളം സായുധപൊലീസുകാര്‍ വളഞ്ഞിട്ടുതല്ലുകയും ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. യൂണിവേഴ്സിറ്റി കോളേജില്‍ അഭയം പ്രാപിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ മുപ്പതോളം ഗ്രനേഡ് പ്രയോഗിച്ചു. വേട്ടനായ്ക്കളെപ്പോലെ കോളേജ് വളഞ്ഞ പൊലീസ് പെണ്‍കുട്ടികളടക്കമുള്ളവര്‍ക്കുനേരെയാണ് ഗ്രനേഡും കരിങ്കല്‍ച്ചീളുകളും കണ്ണീര്‍വാതകഷെല്ലുകളും തൊടുത്തത്. ഗ്രനേഡില്‍നിന്ന് രക്ഷപെടാന്‍ വിദ്യാര്‍ഥികളും അധ്യാപകരും ക്ലാസുകളില്‍നിന്ന് ഇറങ്ങിയോടി.

സംഭവമറിഞ്ഞ് എംഎല്‍എമാരായ കെ സുരേഷ്കുറുപ്പ്, ജെയിംസ് മാത്യു, ടി വി രാജേഷ്, ആര്‍ രാജേഷ് എന്നിവര്‍ സ്ഥലത്തെത്തിയശേഷമാണ് പൊലീസ് അടങ്ങിയത്. പൊലീസ് ഭീകരതയറിഞ്ഞ് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി, എം സി ജോസഫൈന്‍, കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എ കെ ബാലന്‍, എളമരം കരീം എന്നിവര്‍ സ്ഥലത്തെത്തി. പൊലീസ് വേട്ടയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നഗരത്തില്‍ പ്രകടനം നടത്തി. നിയമസഭയ്ക്കുമുന്നില്‍നിന്ന് എല്‍ഡിഎഫ് എംഎല്‍എമാരുടെ നേതൃത്വത്തിലും പ്രതിഷേധപ്രകടനം നടന്നു.
ഒരു വിദ്യാര്‍ഥിയെ തല്ലാന്‍ 15 പേര്‍; ലാത്തി ഒടിഞ്ഞപ്പോള്‍ ബൂട്ടിട്ടു ചവിട്ടി

: അടിയേറ്റ് റോഡില്‍ തളര്‍ന്നുവീണ വിദ്യാര്‍ഥിക്കുമേല്‍ പേപ്പട്ടികളെപ്പോലെ ചാടിവീഴുക, ആഞ്ഞടിച്ച് ലാത്തികള്‍ ഒടിഞ്ഞപ്പോള്‍ കലിതീരാതെ ബൂട്ടിട്ട് ചവിട്ടിയരയ്ക്കുക. മുഖം പൊത്തി റോഡില്‍ കിടക്കുമ്പോള്‍ ആഞ്ഞടിച്ചത് മുഖത്തും തലയിലും. ആരെയും ഞെട്ടിക്കുന്ന കൊടുംക്രൂരതയ്ക്കാണ് തിങ്കളാഴ്ച തലസ്ഥാനം സാക്ഷ്യംവഹിച്ചത്. അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്കുന്ന എസ്എഫ്ഐ പാളയം ഏരിയ സെക്രട്ടറിയായ ബി നിയാസിന്റെ ശരീരത്തില്‍ അടിയേല്‍ക്കാത്ത ഒരിഞ്ചുപോലുമില്ല. വലതുകൈ അടിച്ചൊടിച്ചു. ശരീരമാസകലം അടിയേറ്റ് ചതഞ്ഞു. ശരീരമാകെ ലാത്തിയുടെ പാടുകൊണ്ട് കരുവാളിച്ചിരിക്കുകയാണ്. വട്ടിയൂര്‍ക്കാവ് സ്വദേശിയായ നിയാസ് ഗവ. ആര്‍ട്സ് കോളേജിലെ ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. ലാത്തിച്ചാര്‍ജ് ആരംഭിച്ചപ്പോള്‍ നിയാസ് ഉപരോധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. ലാത്തിയടിയേറ്റ് വീണ നിയാസിനെ പതിനഞ്ചോളം പൊലീസുകാര്‍ ആക്രോശത്തോടെ പൊതിഞ്ഞു. പിന്നെ ആരും നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. നിയാസിനു മേല്‍ ലാത്തികള്‍ ആഞ്ഞുപതിച്ചു. ആര്‍ത്തട്ടഹസിച്ച പൊലീസുകാരില്‍ ചിലരുടെ ലാത്തി ഒടിഞ്ഞുതെറിച്ചപ്പോള്‍ കലിയടങ്ങാതെ നിയാസിനെ ചവിട്ടി. പിന്നിലൂടെ വന്ന് രണ്ട് നരാധമന്മാര്‍ തലയ്ക്കും മുഖത്തും ആഞ്ഞടിച്ചു. നിയാസ് ബോധരഹിതനായിട്ടും ചോരക്കൊതിയടങ്ങാതെ അവര്‍ തല്ലിക്കൊണ്ടിരുന്നു. ആശുപത്രിയില്‍ എത്തിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടപ്പോള്‍ "അവിടെ കിടക്കട്ടെ" എന്നായിരുന്നു പൊലീസിന്റെ മറുപടി. തുടര്‍ന്ന്, ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ മറ്റു വിദ്യാര്‍ഥികളെ പൊലീസ് ജീപ്പിലേക്ക് വലിച്ചിട്ടപ്പോള്‍ ഒപ്പം നിയാസിനെയും ജീപ്പിലേക്ക് എടുത്തിട്ടു. നിയാസിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം എആര്‍ ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കാന്‍ 40 പേരെ പ്രത്യേകം നിയോഗിച്ചു
തിരു: എസ്എഫ്ഐ സമരം നേരിടാന്‍ സായുധ പൊലീസ് സേനയില്‍നിന്ന് 40 പേരെ പ്രത്യേകം തെരഞ്ഞെടുത്ത് നിയോഗിച്ചു. കോണ്‍ഗ്രസ് അനുകൂലികളും മര്‍ദകവീരന്മാരുമായ ഇവര്‍ക്കൊപ്പം കോണ്‍ഗ്രസ് അനുകൂലികളായ പൊലീസ് അസോസിയേഷനിലെ ചില പ്രധാനികളും ഉണ്ടായിരുന്നു. ഞായറാഴ്ച എആര്‍ ക്യാമ്പില്‍ ഇവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. ഈ നാല്‍പ്പതംഗസംഘമാണ് സംസ്ഥാനത്തെയാകെ നടുക്കിയ കൊടുംക്രൂരത കാട്ടിയത്. തിങ്കളാഴ്ച ആദ്യം ഈ 40 പൊലീസുകാരെയും സമരരംഗത്തുനിന്ന് അല്‍പ്പമകലെ മാറ്റിനിര്‍ത്തി. സെക്രട്ടറിയറ്റിനു സമീപം അഭയ സെന്ററിന് അടുത്ത് നിലയുറപ്പിച്ച ഇവര്‍ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ സമരരംഗത്തേക്ക് കുതിക്കുകയായിരുന്നു. അതുവരെ സമരസ്ഥലത്ത് നിലയുറപ്പിച്ച സ്ട്രൈക്കര്‍ ഒന്നും രണ്ടും ടീം പിന്നോട്ടുമാറി. തുടര്‍ന്നാണ് അതിഭീകര മര്‍ദനമുറകള്‍ ആരംഭിച്ചത്. കൊടുംമര്‍ദനത്തിനുശേഷം ഈ 40 പേരെയും എആര്‍ ക്യാമ്പില്‍ പ്രത്യേകം അഭിനന്ദിച്ചു. പൊലീസ് അസോസിയേഷന്റെ പ്രമുഖനേതാവ് തിങ്കളാഴ്ച ആഭ്യന്തരമന്ത്രിയുടെ നിയമസഭയിലെ ഓഫീസിലെത്തി ചര്‍ച്ച നടത്തി മടങ്ങിയിരുന്നു

Sunday, June 17, 2012

ഐസ്ക്രീം അട്ടിമറിക്കേസ് എഴുതിത്തള്ളി.ഹേ ..പുണ്യവാളാ ഇതോ നിയമത്തിന്റെ വഴി ?




 ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിച്ചുവെന്ന പരാതിയില്‍ അന്വേഷണത്തിലിരുന്ന കേസ് എഴുതിത്തള്ളി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേകാന്വേഷണസംഘം കോടതിക്ക് സമര്‍പ്പിച്ചു. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഒരാഴ്ച മുമ്പ് റിപ്പോര്‍ട്ട് നല്‍കിയതായി പ്രത്യേകാന്വേഷണസംഘത്തിലെ ഡിവൈഎസ്പി ജയ്സണ്‍ കെ അബ്രഹാം പറഞ്ഞു. കുറ്റപത്രം നല്‍കാന്‍ പര്യാപ്തമായ തെളിവ് ലഭിക്കാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത് മജിസ്ട്രേട്ട് കോടതി പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കും. ഏറെ കോളിളക്കം ഉണ്ടാക്കിയ കേസാണ് അതീവരഹസ്യമായി എഴുതിത്തള്ളിയത്. മുസ്ലിംലീഗ് നേതാവും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി ജഡ്ജിമാര്‍ക്കും ഇരകള്‍ക്കും പണംനല്‍കി ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിച്ചെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസെടുത്തത്. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരി ഭര്‍ത്താവ് കെ എ റൗഫാണ് കേസില്‍ വിധി അനുകൂലമാക്കാന്‍ പണവും അധികാരവുമുപയോഗിച്ചുവെന്ന വിവരം പുറത്തുവിട്ടത്. ഇതില്‍ താനും പങ്കാളിയാണെന്നും റൗഫ് പറഞ്ഞു. 2011 ജനുവരി 28 ന് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിലായിരുന്നു ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍. എന്നാല്‍, കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. ജഡ്ജിമാര്‍ പണം വാങ്ങിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമവിരുദ്ധവും അസാധാരണവുമായ നീക്കത്തിലൂടെയാണ് കേസ് എഴുതിത്തള്ളാനുള്ള തീരുമാനം. യുഡിഎഫ് അധികാരത്തിലെത്തുകയും കുഞ്ഞാലിക്കുട്ടി മന്ത്രിയാവുകയും ചെയ്തതോടെ കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഈ ആശങ്ക കോടതിയിലുമെത്തി. തുടര്‍ന്ന്, ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലായി അന്വേഷണം. കേസ് സംബന്ധിച്ച രണ്ട് ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാരും പൊലീസും ക്രമവിരുദ്ധമായ നടപടിയെടുത്തതെന്നത് ആക്ഷേപം ബലപ്പെടുത്തുന്നു. അന്വേഷണ റിപ്പോര്‍ട്ടിനായും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജികളാണ് കോടതിയിലുള്ളത്. അന്വേഷണറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തേടിയുള്ള പ്രതിപക്ഷനേതാവിന്റെ ഹര്‍ജി സുപ്രീംകോടതിയിലാണുള്ളത്. ഈ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ശേഷം ഹൈക്കോടതി കേസ് ഡയറിയും രേഖകളും അഡ്വക്കറ്റ് ജനറലിനെ തിരിച്ചേല്‍പ്പിച്ചു. ഇതാണ് പ്രത്യേകാന്വേഷണ സംഘത്തിന്റെ പരാമര്‍ശത്തോടെ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. അഡ്വക്കറ്റ് ജനറലിന് റിപ്പോര്‍ട്ട് ലഭിച്ചശേഷം മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തിയാണ് അന്വേഷണം അവസാനിപ്പിച്ച് കേസ് എഴുതിത്തള്ളാന്‍ തീരുമാനിച്ചത്. ഹൈക്കോടതി ഹര്‍ജി തള്ളിയതിനു തൊട്ടുപിന്നാലെ കേസ് എഴുതിത്തള്ളിയതും സംശയകരമാണ്. യുഡിഎഫ് അധികാരമേറ്റയുടന്‍ അന്വേഷണം അവസാനിപ്പിക്കാനും തേച്ചുമാച്ചുകളയാനും ഇടപെടലുണ്ടായി. പ്രത്യേകാന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മറ്റു ചുമതലകള്‍ നല്‍കി സംഘത്തെ കടലാസിലൊതുക്കി. റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കോഴിക്കോട് ടൗണ്‍പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അട്ടിമറി അന്വേഷിക്കാന്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ എഡിജിപി വിന്‍സന്‍ എം പോള്‍ തലവനായി പ്രത്യേകാന്വേഷണസംഘത്തെയും നിയോഗിച്ചു. ഇന്നത്തെ എഐജി അനൂപ് കുരുവിള ജോണ്‍, എസ്പി പി വിജയന്‍, ഡിവൈഎസ്പിമാരായ ജയ്സണ്‍ കെ അബ്രഹാം, വേണുഗോപാല്‍ എന്നിവരായിരുന്നു സംഘത്തില്‍. നൂറിലേറെ സാക്ഷികളെ വിസ്തരിച്ചു. 150 ഓളം തെളിവുകളും രേഖകളും പരിശോധിച്ചു. പീഡനത്തിനിരയായ റജീന, റജുല, ബിന്ദു എന്നിവരെയും ചോദ്യംചെയ്തു. കുഞ്ഞാലിക്കുട്ടിയെ മൂന്നുതവണ ചോദ്യംചെയ്തു. ആരോപണവിധേയരായ ജസ്റ്റിസുമാരായ പി നാരായണക്കുറുപ്പ്, കെ തങ്കപ്പന്‍ എന്നിവരില്‍ നിന്നും തെളിവെടുത്തു. കോഴിക്കോട് ബീച്ചിനടുത്ത് ഐസ്ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് 1997 ല്‍ അരങ്ങേറിയ പെണ്‍വാണിഭമാണ് ഒരിക്കല്‍ക്കൂടി തേച്ചുമാച്ചുകളഞ്ഞത്.

Sunday, June 3, 2012

"സങ്കടമല്ല; മരണം മുതലെടുക്കാനുള്ള രാഷ്ട്രീയവ്യഗ്രത"




മഹാശ്വേതാദേവിയുടെ തുറന്ന കത്തിന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കുന്ന മറുപടി

തിരു: മരണത്തിലുള്ള സങ്കടമല്ല, മരണം മുതലെടുക്കാനുള്ള രാഷ്ട്രീയ വ്യഗ്രതയാണ് ടി പി ചന്ദ്രശേഖരന്‍വധത്തിന്റെ പേരില്‍ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തുന്നവരെ നയിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജ്ഞാനപീഠ ജേതാവ് മഹാശ്വേതാദേവിയെ ഓര്‍മിപ്പിച്ചു. പാര്‍ടിവിരുദ്ധ രാഷ്ട്രീയക്കാരും മാധ്യമങ്ങളും നടത്തുന്ന ശക്തമായ അപകീര്‍ത്തിപ്പെടുത്തലിന്റെ വേലിയേറ്റത്തില്‍ പല സത്യങ്ങളും മുങ്ങിപ്പോവുകയാണെന്ന് മഹാശ്വേതാദേവിയുടെ തുറന്ന കത്തിനുള്ള മറുപടിയില്‍ പിണറായി ചൂണ്ടിക്കാട്ടി.

ചന്ദ്രശേഖരന്‍വധത്തെ സിപിഐ എം അപലപിച്ചിട്ടുണ്ടെന്നും വ്യക്തിയെ കൊന്ന് വിശ്വാസത്തെ തകര്‍ക്കാമെന്ന മിഥ്യാധാരണ സിപിഐ എമ്മിന് ഇല്ലെന്നും പിണറായി പറഞ്ഞു. ചന്ദ്രശേഖരന്റെ കൊലപാതകം മുന്‍നിര്‍ത്തി അപ്പപ്പോള്‍ വിവരം നല്‍കിക്കൊണ്ടിരിക്കുന്നവര്‍ ഒന്നരമാസം മുമ്പ് കൊലചെയ്യപ്പെട്ട അനീഷിന്റെ ദയനീയാവസ്ഥയിലുള്ള അമ്മ പെങ്ങന്മാരെക്കുറിച്ച് പറയാത്തതെന്തുകൊണ്ടാണെന്ന് മഹാശ്വേതാദേവിയോട് പിണറായി ചോദിച്ചു. അവിടേക്ക് കൂട്ടിക്കൊണ്ടുപോകാത്തതെന്താണ്? എല്ലാ ചോരയ്ക്കും ഒരേ നിറമാണെന്നും എല്ലാ ജീവനും ഒരേ വിലയാണെന്നും നിങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരോട് നിങ്ങള്‍ പറയണം. ജീവിതമെന്തെന്നുപോലുമറിഞ്ഞിട്ടില്ലാത്ത ഡസന്‍കണക്കിന് കുട്ടികള്‍ അവര്‍ ഇടതുപക്ഷത്താണെന്നതുകൊണ്ടുമാത്രം കോണ്‍ഗ്രസുകാരാലും ആര്‍എസ്എസുകാരാലും കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഭുവനേശ്വരന്‍, മുസ്തഫ, പ്രസാദ്, സുധീഷ് തുടങ്ങി എത്രയോപേര്‍. ഈ പരമ്പരയില്‍ ഒടുവിലത്തെ കണ്ണിയാണ് അനീഷ്. ഇവരെക്കുറിച്ചൊന്നും നിങ്ങളെ അവര്‍ അറിയിക്കാത്തതെന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കാന്‍ കഴിയണം. അപ്പോള്‍ കിട്ടുന്ന ഉത്തരത്തില്‍ നിന്നറിയാം ഇപ്പോഴത്തെ മരണം മുതലെടുക്കാനുള്ള രാഷ്ട്രീയവ്യഗ്രത. ധാരാളംപേര്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തുപോരുന്ന സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാദേവിക്ക് അടുത്തകാലത്തുണ്ടായ മാറ്റം തെറ്റിദ്ധാരണകൊണ്ടാണെന്ന ധാരണ ബലപ്പെടുത്തുന്നതാണ് വെള്ളിയാഴ്ച മാധ്യമങ്ങളില്‍ വന്ന തുറന്ന കത്ത്.

തന്റെ വീട് കാണാന്‍ പിണറായി മഹാശ്വേതാദേവിയെ ക്ഷണിച്ചു. സൗകര്യമുള്ള ഏത് ദിവസവും അവിടേക്ക് വരാം. വീടിന്റെ വാതിലുകള്‍ തുറന്നുതന്നെയിരിക്കും. സത്യം നേരില്‍ കാണാനാണ് വീട്ടിലേക്ക് ക്ഷണിക്കുന്നതെന്നും സിപിഐ എമ്മിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നവരെ തിരിച്ചറിയാന്‍കൂടി ഇത് സഹായകമാവുമെന്നും പിണറായി ചൂണ്ടിക്കാട്ടി. നേരിട്ട് കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നതുകൊണ്ടാവണം കേരളത്തിലെ പ്രമുഖരായ സാഹിത്യ-സാംസ്കാരിക നായകര്‍ മഹാശ്വേതാദേവിയുടെ അഭിപ്രായങ്ങള്‍ പങ്കിടാത്തതെന്ന് കരുതുന്നു. സിപിഐ എം കേരളത്തിലെ സാമൂഹ്യമാറ്റത്തില്‍ വഹിച്ച പങ്ക് എത്ര സുപ്രധാനമാണെന്നും ആ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തി ഇല്ലാതാക്കിയാല്‍ ഉണ്ടാകുന്ന ശൂന്യത എത്ര വിപല്‍ക്കരമാണെന്നും അവര്‍ തിരിച്ചറിയുന്നുണ്ടാവണം. രാഷ്ട്രീയ ഉപയോഗപ്പെടുത്തലിനായി ചുറ്റിലും വന്നുനില്‍ക്കുന്ന സ്ഥാപിതതാല്‍പ്പര്യക്കാരുടെ വലയം മുറിച്ചുകടന്ന് ആദരണീയരായ ആ സാംസ്കാരിക നേതാക്കളോടെങ്കിലും സംവദിച്ചാല്‍ മഹാശ്വേതാദേവിക്ക് ഇപ്പോഴത്തേതില്‍നിന്നു ഭിന്നമായ ഒരു ധാരണയുണ്ടാവുമെന്നും പിണറായി പറഞ്ഞു.

പ്രധാനമന്ത്രിയെ ഒഴിവാക്കി അന്വേഷണം




ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടങ്ങള്‍ നിയമാനുസൃതം ലേലംചെയ്യാതെ ഖനത്തിനു വിട്ടുകൊടുത്തതു വഴി കേന്ദ്ര ഖജനാവിന് 10.7 ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തിയ അഴിമതി സംബന്ധിച്ച അന്വേഷണത്തിന്റെ പരിധിയില്‍നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കി. ലേലംവിളിക്കാതെയും മാനദണ്ഡം പാലിക്കാതെയും കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതിലൂടെ നേട്ടമുണ്ടാക്കിയ സ്വകാര്യ സ്ഥാപനങ്ങളെമാത്രം കേന്ദ്രീകരിച്ചാകും അന്വേഷണമെന്നാണ് സിബിഐ നിലപാട്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ കേന്ദ്ര വിജിലന്‍സ് കമീഷന് നല്‍കിയ പരാതി പരിഗണിച്ചാണ് അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐയോട് ശുപാര്‍ശചെയ്തത്.

പ്രധാനമന്ത്രി കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന 2004-09 കാലഘട്ടത്തില്‍ അനുവദിച്ച 155 കല്‍ക്കരി ബ്ലോക്കുകളുടെ കാര്യമാണ് വിവാദമായത്. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ 10.67 ലക്ഷം കോടി രൂപയുടെ നഷ്ടമാണ്കണക്കാക്കിയിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. 2ജി സ്പെക്ട്രം ഇടപാടിലെ അഴിമതി 1.76 ലക്ഷം കോടി രൂപയുടേതാണ്. ടെലികോം മന്ത്രിയായിരുന്ന എ രാജയെ ഇതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്തു. എന്നാല്‍, 10.67 ലക്ഷം കോടിയുടെ അഴിമതിയില്‍ ബന്ധപ്പെട്ട വകുപ്പ് കൈകാര്യംചെയ്തിരുന്ന പ്രധാനമന്ത്രിക്കെതിരെ അന്വേഷണംപോലും നടത്താന്‍ തയ്യാറല്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അണ്ണാ ഹസാരെസംഘം ആവശ്യപ്പെട്ടത് സത്യസന്ധരും ജനങ്ങള്‍ക്ക് വിശ്വാസമുള്ളവരുമായ റിട്ടയേഡ് ജഡ്ജിമാരടങ്ങുന്ന മൂന്നംഗ സംഘം കല്‍ക്കരി അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാണ്. എന്നാല്‍ സിബിഐ അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതും പ്രധാനമന്ത്രിയെ ഒഴിവാക്കിക്കൊണ്ട്. "പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫ് കോള്‍ ബ്ലോക്ക് അലോക്കേഷന്‍സ്" എന്ന പേരില്‍ സിഎജി പുറത്തിറക്കിയ കരട് റിപ്പോര്‍ട്ടിലാണ് കേന്ദ്രഖജനാവിന് 10.67 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ വിവരം പുറത്തുവന്നത്. കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചുകിട്ടിയ 155 സ്ഥാപനങ്ങളില്‍ നൂറെണ്ണവും സ്വകാര്യ സ്ഥാപനങ്ങളാണ്. കുറെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബ്ലോക്കുകള്‍ കിട്ടി. ഏറ്റവും കൂടുതല്‍ തുകയ്ക്ക് ലേലംവിളിക്കുന്നവര്‍ക്ക് ബ്ലോക്കുകള്‍ അനുവദിക്കുന്നതിനു പകരം നിസ്സാര തുക നിശ്ചയിച്ച് ഏകപക്ഷീയമായി കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുകയായിരുന്നു. അമ്പതുവര്‍ഷം ഒന്നര ലക്ഷം മെഗാവാട്ട് വീതം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ മതിയാകുന്ന 3316.9 കോടി ടണ്‍ കല്‍ക്കരിയാണ് നിസ്സാര വിലയ്ക്ക് സ്വകാര്യ കമ്പനികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ടാറ്റ, ആദിത്യ ബിര്‍ള, ജിന്‍ഡാല്‍, അനില്‍ അഗര്‍വാള്‍ ഗ്രൂപ്പ്, ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍, ജയ്സ്വാള്‍ നിക്കോ, നാഗ്പുരിലെ അഭിജിത് ഗ്രൂപ്പ് തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളാണ് ഏറ്റവും സാമ്പത്തിക നേട്ടം ഉണ്ടാക്കിയത്. കോള്‍ ഇന്ത്യ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്ന കല്‍ക്കരി ഖനം ഉപ കരാറുകളിലൂടെ സ്വകാര്യ മേഖലയ്ക്ക് നേട്ടമുണ്ടാക്കാന്‍ പാകത്തിലാണ് നടത്തുന്നത്. ഒരു ടണ്‍ കല്‍ക്കരി ഖനംചെയ്തെന്ന് കണക്കില്‍ കാണിക്കുകയും അതിന്റെ ഇരട്ടിയിലധികം ഖനം ചെയ്ത് പുറത്ത് വില്‍ക്കുകയുംചെയ്യുന്ന ഉപ കരാറുകാരുടെ അഴിമതിയും യുപിഎ സര്‍ക്കാരിനു കീഴില്‍ തഴച്ചുവളര്‍ന്നു.