# കൂമ്പാരമേഘങ്ങൾ രൂപം കൊള്ളുന്നു
# കോരി ഒഴിക്കുന്ന മഴ; പെയ്ത്തിന്റെ പ്രകൃതം മാറുന്നു
സി എ പ്രേമചന്ദ്രൻ
തൃശൂർ
ചാറിച്ചാറി പെയ്യുന്ന മഴപെയ്ത്ത് മാറുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കുടം കൊണ്ട് കോരി ഒഴിക്കുന്ന മഴ. നിമിഷങ്ങൾക്കകം നാട് വെള്ളക്കെട്ടിൽ കാലവർഷത്തിൽ പതിവില്ലാത്ത വിധം ഇടിയും മിന്നലും മിന്നൽച്ചുഴലിയും. കാലവർഷ പെയ്ത്തിന്റെ പ്രകൃതം മാറുന്നു. ആഗോളതാപനത്തിന്റെ ഭാഗമായി അറബിക്കടൽ ദ്രുതഗതിയിൽ ചൂടാകുന്നതും കുമ്പാര മേഘങ്ങൾ രൂപം കൊള്ളുന്നതും കേരളത്തിന്റെ കാലാവസ്ഥയേയും മഴ പെയ്ത്തിനേയും മാറ്റിമറയ്ക്കുകയാണ്.
മറ്റുസമുദ്ര തടങ്ങൾ 100 വർഷം കൊണ്ട് ഒരുഡിഗ്രി സെൽഷ്യസിൽ താഴെ മാത്രം ചൂടായപ്പോൾ അറബിക്കടൽ 1.1 ഡിഗ്രിക്കു മുകളിൽ ചൂടായി. കാലവർഷ മേഘങ്ങളുടെ ഘടനയിലും വ്യത്യാസം സംഭവിച്ചതായി കുസാറ്റ് പഠനങ്ങൾ വ്യക്തമാക്കുന്നു.
സാധാരണ, കാലവർഷ സമയത്ത് പശ്ചിമഘട്ടത്തിന് പടിഞ്ഞാറ് ഭാഗത്തായി കാണപ്പെടുക ഉയരം കുറഞ്ഞ നിംബോസ്ട്രാറ്റസ് മേഘങ്ങളാണ്. ഇവ പരമാവധി നാല് മുതൽ നാലര കിലോമീറ്റർ വരെ ഉയരത്തിലേ വളരാറുള്ളൂ. എന്നാൽ, സമീപകാലത്ത് 12 മുതൽ 14 വരെ കി ലോമീറ്റർ ഉയരം വരുന്ന കൂമ്പാര മേഘങ്ങളാണ് ( ക്യൂമുലോനിം ബസ് ) രൂപം കൊള്ളുന്നത്. ക്യൂ മുലോനിംബസ് മേഘങ്ങളുടെ മുകൾ ഭാഗത്തേക്ക് എത്തിച്ചേരുന്ന വായു പ്രവാഹത്തിലെ ജലാംശം മുഴുവൻ ഉറഞ്ഞു കൂടി മഞ്ഞു കണങ്ങളായി വീഴും. ഭൂമിയിലേക്കെത്തുന്നതോടെ ഇവ ഉരുകി കുറഞ്ഞ സമയത്തിനകം വലിയ അളവിലുള്ള മഴയായി മാറുകയാണ്. ഇത്തരം മേഘങ്ങളുടെ വലിയ കൂട്ടം കേരളതീരത്ത് അടിയുന്ന പ്രവണതയാണ് ഭീഷണിയാവുന്നത്. ഈ പ്രവണത തുടർന്നാൽ മേഘങ്ങൾ കൂടുതൽ ഉയരത്തിൽ വളർന്ന് പ്രളയത്തിനും ലഘു മേഘവിസ്ഫോടനം പോലു ള്ള പ്രതിഭാസങ്ങൾക്കും വഴിയൊരുങ്ങും. ഇത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് കുസാറ്റിലെ ഡോ. എസ് അഭിലാഷിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു.
ആഗോളതാപനത്തിന്റെ ഫല മായുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങൾ മൺസൂൺ പ്രതിഭാസത്തെ ഭാവിയിൽ പ്രവചനാതീതമാക്കും. കൃഷിയെയും മത്സ്യബന്ധനത്തെയും ഉപജീവനമാർഗമായി സ്വീകരിച്ച ജനവിഭാഗങ്ങളെ ബാധിക്കും. ഇതിനെ പ്രതിരോധിക്കാൻ ഭരണ സംവിധാനങ്ങളുടെ അടിയന്തര ഇടപെടൽ അത്യാവശ്യമാണെന്നും പഠനം പറയുന്നു.
കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന കനത്ത മഴ കാർഷിക മേഖലക്ക് ഗുണം ചെയ്യില്ലെന്ന് കാലാവസ്ഥാ ഗവേഷകൻ ഡോ. ഗോപകുമാർ ചോലയിൽ പറഞ്ഞു. വെള്ളം വേഗത്തിൽ ഒഴുകി പോകും. മേൽ മണ്ണിലെ പോഷകങ്ങൾ നഷ്ടപ്പെടാനും ഇടയാക്കും.
https://www.deshabhimani.com/epaper/newspaper/kottayam/2025-07-14?page=4&type=fullview
No comments:
Post a Comment