'finance Capitol-the US life'
ലോകത്തെ ഏറ്റവും അപകടകരമായ ഫിഷിംഗ് അലാസ്‌കയിലെ ഭീമന്‍ ഞണ്ട് പിടുത്തമാണ്. അലാസ്‌കയിലെ അലൂഷ്യന്‍ ദ്വീപിന് ചുറ്റുവട്ടത്ത് കൊടും തണുപ്പില്‍ അതി സാഹസികമായിട്ടാണ് 20 പൗണ്ട് വരെ വലുപ്പമുള്ള ഇവയെ ഇരുമ്പുകൂടുകളില്‍ പിടിക്കുന്നത്. മറ്റ് തൊഴിലുകളെ അപേക്ഷിച്ച് ഫറ്റാലിറ്റി റേറ്റ് ഇവിടെ 80 ശതമാനം വരെ കൂടുതലാണ്. ആഴ്ചയില്‍ ഒരു തൊഴിലാളി വീതം മരിക്കുമെന്നാണ് ഇതിന്റെ അപകട സാധ്യതയെ കുറിച്ച് വിക്കിപീഡിയ പറയുന്നത്. 600 മുതല്‍ 2600 അടി വരെ ആഴത്തില്‍ നിന്നാണ്പിടിക്കുക. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് സീസണ്‍. കടല്‍ ഈ സമയം പ്രക്ഷുബ്ധമായിരിക്കും. അതി ശൈത്യവും. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഈ തൊഴിലാളികള്‍ ബോട്ടിറക്കിയില്ല. പൗണ്ടൊന്നിന് കിട്ടിക്കൊണ്ടിരുന്ന 2.5 ഡോളര്‍ പരിഷ്‌കരിച്ച് 3.5 ഡോളര്‍ ആക്കണമെന്നാണ് അവര്‍ ഞണ്ട് പ്രോസസിംഗ് കമ്പനികളോട് ആവശ്യപ്പെട്ടത്. 150 ഓളം ബോട്ടുകളിലെ 600 തൊഴിലാളികളാണ് പണിമുടക്കിയത്. അനധികൃത പിടുത്തവും കൂടിയ ഇറക്കുമതിയും മൂലം വില താണതോടെ അവര്‍ സമരത്തിനിറങ്ങുകയായിരുന്നു. വംശനാശ ഭീഷണി നേരിടുന്ന ഇവയെ പിടിക്കുന്നത് നിയന്ത്രിത അളവിലാക്കിയതും തൊഴില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. സമരം പിന്നീട് ഒത്തു തീര്‍പ്പായി.
ഇക്കഴിഞ്ഞ 22 ന് കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള 23 കാമ്പസുകളിലെ പ്രൊഫസര്‍മാര്‍, ലൈബ്രേറിയന്‍സ്, മറ്റ് വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന സറ്റാഫ് ഉള്‍പ്പെടുന്ന 29,000 പേര്‍ പണി മുടക്കി. 4,47,992 കുട്ടികള്‍ പഠിക്കുന്നതാണ് യൂണിവേഴ്‌സിറ്റി. പണിമുടക്ക് എന്നൊക്കെ പറഞ്ഞാല്‍ ചെകുത്താന്‍ കുരിശ് കണ്ട മാതിരിയില്‍ പൊതുബോധം കെട്ടിപ്പൊക്കിയിരിക്കുന്ന ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്ന്് കാലെടുത്തു വച്ചുടനെയാണ് ഈ സമരവാര്‍ത്ത കണ്ടത്. എന്നാ പിന്നെ ഇതൊന്ന് അന്വേഷിക്കാമെന്ന് വച്ചു. അപ്പോഴല്ലേ മനസിലായത് അമേരിക്കയില്‍ ഇപ്പോള്‍ സമരങ്ങളുടെ വേലിയേറ്റമാണ്. പോയ വര്‍ഷം സമരത്തിനിറങ്ങിയത് വ്യത്യസ്ത തൊഴില്‍ ചെയ്യുന്ന 5 ലക്ഷം പേരാണ്. 400 തൊഴില്‍ സമരങ്ങള്‍ ഇക്കാലയളവില്‍ നടന്നു.
തൊഴിലാളി യൂണിയനുകള്‍ (ഇന്ത്യയിലെ യൂണിയന്‍ രീതിയല്ല ഇവിടെ) ഇപ്പോള്‍ കൂടുതല്‍ സജീവമാകുന്നുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. പ്രത്യേകിച്ച് പാന്‍ഡമിക്കിന് ശേഷം. ഇതിന് പ്രധാന കാരണമായി ഗവേഷകരും വിദഗ്ധരും പറയുന്നത് ലോവര്‍, മിഡില്‍ ഇന്‍കം ഗ്രൂപ്പില്‍ പതിറ്റാണ്ടുകളായി തുടരുന്ന കുറഞ്ഞ വേതനമാണ്. പണപ്പെരുപ്പം പാരമ്യതയിലെത്തിയതോടെ ഇത്തരക്കാര്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വല്ലാതെ പാട് പെടുന്നുണ്ട്. (നിലവില്‍ പണപ്പെരുപ്പം കുറയുന്നുണ്ടെങ്കിലും പലിശ നിരക്ക് റിക്കോഡിലാണ്) വാടക വലിയ തോതില്‍ ഉയര്‍ന്നതും നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ച് കയറിയതും തൊഴിലാളികളെ തൊഴിലുണ്ടായിട്ടും ദരിദ്രരാക്കി മാറ്റുന്നു. കുറഞ്ഞ കൂലി വര്‍ധിപ്പിക്കാതിരിക്കുമ്പോഴും എക്‌സിക്യൂട്ടീവ് പോസ്റ്റുകളില്‍ വാരിക്കോരി നല്‍കുന്നതും ജീവനക്കാരുടെ അതൃപ്തി വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ 40 വര്‍ഷമായി മെലിഞ്ഞ് വന്നിരുന്ന തൊഴിലാളി യൂണിയനുകള്‍ ഉണര്‍വിന്റെ പാതയിലെത്താന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബൈഡന്റെ നിലപാടും കാരണമാണ് എന്ന് പറയപ്പെടുന്നു. സമരത്തിലുള്ള യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സിനെ ബൈഡന്‍ അന്ന് സന്ദര്‍ശിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പക്ഷെ, ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. നാഷണല്‍ ലേബര്‍ റിലേഷന്‍ ബോര്‍ഡ് ബൈഡന് കീഴില്‍ കൂടുതല്‍ തൊഴിലാളി സൗഹാര്‍ദ പരമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കോവിഡിന് ശേഷം തൊഴിലില്ലായ്മ കുറഞ്ഞത് തൊഴിലാളികളുടെ ബാര്‍ഗൈന്‍ പവര്‍ ഉയര്‍ത്തിയതായി ഒരു നിരീക്ഷണമുണ്ട്. ഇത് അവരുടെ തൊഴിലിന്റെ അവസരച്ചെലവ് ( ഓപ്പര്‍ച്ച്യൂണിറ്റി കോസ്റ്റ്) ഉയര്‍ത്തുകയും ധൈര്യപൂര്‍വം പ്രതിഷേധിക്കാന്‍ ആത്മവിശ്വാസമുണ്ടാക്കുകയും ചെയ്യുന്നു. മറ്റ് തൊഴില്‍ സാധ്യത മാര്‍ക്കറ്റില്‍ കൂടുന്നത് മാനേജ്‌മെന്റുകളെ സമ്മര്‍ദത്തിലാക്കുകയും സമരങ്ങള്‍ വേഗത്തില്‍ സെറ്റില്‍മെന്റിലെത്തുകയും ചെയ്യുന്നു. കോര്‍പ്പറേറ്റ് ലാഭം കുതിക്കുകയും ചെയ്യുന്നുണ്ട്. ഇതും തൊഴില്‍സമരത്തിന് അനുകൂല ഘടകമാകുന്നു.
ഇവിടുത്തെ തൊഴില്‍ ബഹിഷ്‌കരണങ്ങളുടെ ഒരു പ്രത്യേകതയായി തോന്നിയത് എല്ലാ സമരങ്ങളും വിജയം കാണുന്നു എന്നതാണ്. അഥവാ കോര്‍പ്പറേറ്റുകളും സര്‍ക്കാരും സമരക്കാരെ ശത്രുവായി മുദ്ര കുത്തുന്നില്ല. സഹപ്രവര്‍ത്തകരെ ഒറ്റി കിട്ടുന്നത് വസൂലാക്കാന്‍ മത്സരിക്കുന്നവരും ഇല്ലെന്ന് തോന്നുന്നു. പത്രമാധ്യമങ്ങള്‍ സമരവാര്‍ത്തകളുടെ യഥാര്‍ഥ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു.
പറയുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ മുതലാളിത്ത രാജ്യമാണ് ഇത്. പക്ഷെ, പണിമുടക്കുകളോടുള്ള ഭരണ കൂടത്തിന്റെയും കോര്‍പ്പറേറ്റുകളുടെയും പ്രതികരണം കാണുമ്പോള്‍ ഇന്ത്യ ജനാധപത്യ രാജ്യം തന്നെയാണോ എന്ന് സംശയം തോന്നും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യം നിലനില്‍ക്കുന്നു എന്ന വീമ്പില്‍ ജീവിക്കുന്ന ഇന്ത്യയില്‍ എടുത്തു പറയത്തക്ക ഒരു തൊഴില്‍ സമരമെങ്കിലും നടന്നിട്ടുണ്ടോ എന്നത് സംശയമാണ്. (സമരം നടക്കുന്നതല്ല ജനാധിപത്യത്തിന്റെ അളവുകോല്‍). അമേരിക്കയില്‍ നടക്കുന്ന തൊഴില്‍ ബഹിഷ്‌കരണ ശൃംഘലയെ ആകെ അപഗ്രഥിക്കുമ്പോഴുള്ള പ്രധാന കാരണം പണപ്പെരുപ്പത്തോട് പൊരുത്തപ്പെടുന്ന വിധത്തില്‍ മിനിമം കൂലി ഉയര്‍ത്തുന്നില്ല എന്നതാണ്. പതിറ്റാണ്ടായി ഒരേ കൂലിയില്‍ ജോലി ചെയ്യുമ്പോള്‍ സാധാരണ തൊഴില്‍ ചെയ്യുന്നവര്‍ക്ക് രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവുന്നില്ല എന്നതാണ്.
നോട്ട് നിരോധനവും ജിഎസ്ടിയും മൂലം ലക്ഷക്കണക്കിന് ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടിപ്പോയ ഇന്ത്യയില്‍, കോവിഡിനെ തുടര്‍ന്ന്് ദശലക്ഷങ്ങള്‍ ഗ്രാമങ്ങളിലെ, വീണ്ടും കുറഞ്ഞ കൂലിയുള്ള കാര്‍ഷിക മേഖലയിലേക്ക്് റീ മൈഗ്രേറ്റ് ചെയ്ത ഇന്ത്യയില്‍, ഇത് വച്ച് നോക്കുമ്പോള്‍ സമരങ്ങളുടെ വേലിയേറ്റം നടക്കേണ്ടതാണ്.
കോവിഡിനെ തുടര്‍ന്നുള്ള റിവേഴ്സ് മൈഗ്രേഷന്റെ ഫലമായി 4.5 കോടി തൊഴിലാളികള്‍ 2020 ലും 70 ലക്ഷം പേര്‍ 2021 ലും കാര്‍ഷിക വൃത്തിയിലേക്ക് ചേര്‍ക്കപ്പെട്ടു. തൊഴിലില്ലായ്മയും വേതനകുറവും രാജ്യത്തെ ഭൂരിഭാഗം തൊഴിലാളികളുടെയും കുടുംബ വരുമാനത്തില്‍ ഇടിവുണ്ടാക്കി. ഇത് രാജ്യത്തെ കുടുംബങ്ങളുടെ സമ്പാദ്യത്തില്‍ വലിയ ഇടിവുണ്ടാക്കിയതായി കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറങ്ങിയ ആര്‍ബിഐ റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ കുടുംബങ്ങളിലെ ശരാശരി സമ്പാദ്യ തോത് ജിഡിപിയുടെ 5.1 ശതമാനമായി. അതായത്, 50 വര്‍ഷത്തെ താഴ്ചയിലേക്ക് കൂപ്പു കുത്തി. 2022 ല്‍ ഇത് 7.2 ശതമാനമായിരുന്നു. എന്നാല്‍ രാജ്യത്തെ കുടുംബങ്ങളുടെ ബാധ്യത ജിഡിപിയുടെ 3.8 ശതമാനത്തില്‍ നിന്ന് 2023 ല്‍ 5.8 ശതമാനമായി കുതിച്ചുയര്‍ന്നു ഇക്കാലയളവില്‍. തൊാഴിലില്ലായ്മയാകട്ടെ 42 വര്‍ഷത്തെ താഴ്ചയിലേക്ക് പോയി. പണപ്പെരുപ്പം ഇപ്പോഴും വരിധിയിലാകുന്നില്ല.
മതബോധം തലയ്ക്ക് പിടിച്ച സ്വയബോധം നഷ്ടപ്പെട്ട മനുഷ്യര്‍ നിത്യനിതാന പ്രശ്‌നങ്ങളെ മറക്കുന്ന ഉന്മാദാവസ്ഥയിലേക്ക് പോകുമ്പോള്‍ അവന്റെ വിഷയം അപര വിദ്വേഷവും അതി ദേശീയതയുമായി പരിമിതപ്പെടുന്നു, അഥവാ പരിമിതപ്പെടുത്തുന്നു. തന്റെ ഗതികേടിന് കാരണം അപരനാണെന്ന് സ്വയം വിശ്വസിക്കുന്ന വിധത്തിലേക്ക് സംവിധാനങ്ങള്‍ അവനെ മാറ്റിയെടുക്കുന്നു. സമരം എന്നാല്‍ ഒരു സാമൂഹ്യ വിരുദ്ധ പരിപാടിയാണ് എന്ന പൊതുബോധം നിര്‍മിച്ചെടുക്കാന്‍ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലുമുള്ള അരാഷ്ട്രീയ കോര്‍പ്പറേറ്റ്- പള്ളി-പാര്‍ട്ടി-കച്ചവട കൂട്ടുക്കെട്ടുകള്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്. സ്വാര്‍ഥ ലാഭത്തിന് വേണ്ടി പല അന്യായ സമരങ്ങളും നടത്തി ഇടതു പാര്‍ട്ടികളും ഛോട്ടാ നേതാക്കളും ഇതിന് വളമിട്ടു എന്നതും വസ്തുതയാണ്.
ഇനി, ഇക്കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ അരങ്ങേറിയ സമരങ്ങളില്‍ ചിലത് വായിക്കാം. അക്കാഡമിക് ഇന്ററസ്റ്റിന് വേണ്ടി.
ഇവിടെ അധ്യയനാരംഭം വര്‍ഷത്തില്‍ രണ്ട് തവണയാണ്. സ്പ്ര്ിംഗ് ആന്‍ഡ് ഫാള്‍. ഇക്കുറി സ്പ്രിംഗിന്് ക്ലാസുകള്‍ തുടങ്ങുന്ന ജനുവരി 26 നാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ 29,000 ജോലിക്കാരെ ഉള്‍ക്കൊള്ളുന്ന കാലിഫോര്‍ണിയ ഫാക്കല്‍റ്റി അസോസിയേഷന്‍ സമരം തുടങ്ങിയത്.ജൂലായ് 1 മുതല്‍ 5 ശതമാനം അടുത്ത ജൂലായ് ഒന്നു മുതല്‍ മറ്റൊരു 5 ശതമാനവും കൂലി വര്‍ധന അംഗീകരിക്കുന്ന കരാറോടെ അടുത്ത ദിവസം ബോയ്‌കോട്ട് ഒത്തുതീര്‍പ്പിലെത്തി.
അക്കാദമിക്ക് സ്ഥാപനങ്ങളില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ അതി ദ്രുതം വ്യാപിക്കുന്നുണ്ടിവിടെ. ഫിലാഡല്‍ഫിയായിലെ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയില്‍ 23 ജനുവരി 31 ന് 700 ഗ്രാജ്വേറ്റ് വര്‍ക്കേഴ്‌സ് സമരം നടത്തിയിരുന്നു. മാര്‍ച്ചില്‍ അവര്‍ക്ക് മികച്ച, പുതിയ തൊഴില്‍ കരാറായി. ചിക്കോഗോയിലെ ഇല്ല്യനോയിസ് യൂണിവേഴ്‌സിറ്റിയില്‍ ജനുവരിയില്‍ 1,500 പേര്‍ ദിവസങ്ങളോളം സമരം ചെയ്ത് അനുകൂലമായ കരാര്‍ നേടിയെടുത്തു. ഏപ്രിലാണ് ന്യൂ ജേഴ്‌സിയിലെ റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ 9,000 ഫാക്കല്‍റ്റി സ്റ്റാഫ് സമരം നടന്നത്. 257 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ സമരത്തെ തുടര്‍ന്ന് പുതിയ കരാറിലെത്തി. യൂണിയന്‍ വിമര്‍ശനത്തില്‍ കാതലായ ഒരു കാര്യം ഈ മേഖലയിലെ എറ്റവും വലിയ ലാന്‍ഡ് ലോഡായ യൂണിവേഴ്‌സി്റ്റിയാണ് ഇവിടെ വാടക ഉയരാന്‍ കാരണം എന്നാണ്. ഉയരുന്ന വാടക വലിയ പ്രശ്‌നമാണ്.
ഏപ്രില്‍ 11 ന് ഇല്ല്യനോയിസിലെ ഗവര്‍ണേഴ്‌സ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലും സമരമുണ്ടായി. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണില്‍ വാര്‍ഷിക ശമ്പളം കുറഞ്ഞത് 38,000 ഡോളറായി കൂലി കൂട്ടാനാണ് സമരം ചെയ്തത്. പണപ്പെരുപ്പ വര്‍ധന വരുത്തിയ നിത്യനിതാന ചെലവിലെ വര്‍ധന പരിഹരിക്കപ്പെടണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കാമ്പസുകളില്‍ മാത്രം ഒതുങ്ങുന്നില്ല സമരങ്ങളെന്ന് താഴെ പറയുന്ന സംഭവങ്ങള്‍ സൂചിപ്പുക്കുന്നു.
രാജ്യത്തെ വലിയ ഇന്‍ഷുറന്‍സ് ആന്‍ഡ് ഹെല്‍ത് കെയര്‍ കമ്പനിയായ കൈസറിന്റെ 75,000 ജീവനക്കാര്‍- നഴ്‌സുമാരടക്കം 23 ഒക്ടോബറിലാണ് സമരം നടത്തിയത്. പുതിയ കരാറില്‍ 23 ശതമാനമാണ് വര്‍ധന.
മൂന്ന് ആഴ്ച നീണ്ട് നിന്ന യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സ് സമരമാണ് മറ്റൊന്ന്. ലോകോത്തര വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്, സ്‌റ്റെല്ലാന്റിസ്, ജനറല്‍ മോട്ടോഴ്‌സ് തൊഴിലാളികളാണ് സമരം ചെയ്തത്. 36 ശതമാനം കൂലി വര്‍ധനയാണ് യൂണിയന്‍ ആവശ്യപ്പെട്ടത്. ഉയരുന്ന ജീവിത ചെലവിനനുസരിച്ച് വേതന പരിഷ്‌കരണം. പക്ഷെ, ഇത് വണ്ടിവിലയെ ബാധിക്കുമെന്നും വില്പന കുറയുമെന്നുമായിരുന്നു മാനേജ്‌മെന്റ് നിലപാട്. യുണൈറ്റ്ഡ് ഓട്ടോ വര്‍ക്കേഴ്‌സിന്റെ 46 ദിവസത്തെ സമരത്തില്‍ 33 ശതമാനമണ് ഇക്രിമെന്റ് ലഭിച്ചത്. കൂടാതെ ഇലക്ട്രിക് വെഹിക്ക്ള്‍, ബാറ്ററി േേജാലികള്‍ ഇവയെല്ലാം യൂണിയന്റെ പരിധിയില്‍ വരുന്നതടക്കമുളള തീരുമാനങ്ങളും അംഗീകരിച്ചു.
ഹോളിവുഡ് എഴുത്തുകാരുടെയും അഭിനേതാക്കളുടെയും സമരവും മാസങ്ങള്‍ നീണ്ടു നിന്നു. ഒടുവില്‍ സ്റ്റുഡിയോകളുമായി പുതിയ തൊഴില്‍ കരാറിലെത്തി. കൂലി കുറവും എ ഐയുടെ ഭീഷണിയുമായിരുന്ന എഴുത്തുകാരെ സമരത്തിനിറക്കിയത്.ഹോളിവുഡിലെ എഴുത്തുകാരും പ്രോഡ്യൂസേഴ്‌സും അടങ്ങുന്ന റൈറ്റേഴ്‌സ് ഗില്‍ഡ് അസോസിയേഷന്‍ ( WGA) യ്ക്ക് 148 ദിവസം നീണ്ട സമരരത്തിനൊടുവില്‍ ആദ്യ വര്‍ഷം 5 ശതമാനം വേജ് ഹൈക്കാണ് ലഭിച്ചത്. ഹിറ്റ് ഷോകള്‍ക്ക് ബോണസും എ ഐയുടെ നിയന്ത്രണവും നേടിയെടുക്കാനായി ( ഇത് വലിയൊരു കണ്‍സേണ്‍ ആയിരുന്നു). ടി വി ആന്‍ഡ് ഫിലിം ആക്ടേഴ്‌സ് ഫെഡറേഷന്‍ 118 ദിവസത്തെ സമരത്തില്‍ 7 ശതമാനമാണ് ഹൈക്കുണ്ടായത്. . സതേണ്‍ കാലിഫോര്‍ണിയ ഹോട്ടല്‍ ജോലിക്കാരും സമരപാതയിലായിരുന്നു.
'ബേക്കേഴ്‌സ് ഹോസ്പിറ്റല്‍ റിവ്യൂ' അനുസരിച്ച് 2023 ല്‍ മാത്രം അമേരിക്കയില്‍ വേതന വര്‍ധനവിന് വേണ്ടി ആയിരക്കണക്കിന് നേഴ്‌സ് മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെട്ട 27 വലിയ സമരങ്ങളാണ് നടന്നത്. മികച്ച തൊഴില്‍ സാഹചര്യം, ഉയര്‍ന്ന വേതനം, പേയ്ഡ് ലീവ് ഇതൊക്കെയായിരുന്നു ആവശ്യം.
സൗത്ത് കാലിഫോര്‍ണിയയില്‍ 2,400 നേഴ്‌സ്മാര്‍, ഇല്ലനോയിസ് നഴ്‌സിംഗ് അസോസിയേഷനിലെ 500 പേര്‍, വാഷിങ്ടണ്‍ ഡിസി, കൊളംമ്പിയ, കാലിഫോര്‍ണിയ, സെന്റ് യൂയിസ്, ചിക്കാഗോ, ന്യൂജേഴ്‌സി, മിഷിഗണ്‍, ഓസ്റ്റിന്‍, ഓക്ലാന്‍ഡ്, ന്യൂയോര്‍ക്ക്. എന്നിവിടങ്ങളിലാണ് ഹെല്‍ത് കെയര്‍ വര്‍ക്കേഴ്‌സ് സമരം ചെയ്ത് വേതന വര്‍ധനയും മറ്റ് ആവശ്യങ്ങളും നേടിയെടുത്തത്.
2023 ല്‍ തന്നെ അമേരിക്കയില്‍ ഏറ്റവും വലിയ യൂണിയനായ ടീം മാസ്റ്റേഴ്‌സ് ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ്, പാഴ്‌സല്‍, ലൊജിസ്റ്റിക് കമ്പനികളിലൊന്നായ യുപിഎസില്‍ സമര മുന്നറിയിപ്പ് നല്‍കുകയും കൂടുതല്‍ കൂലി നേടുകയും ഉണ്ടായി. 3.4 ലക്ഷം തൊഴിലാളികളുണ്ടിവിടെ. അമേരിക്കന്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാരും പുതിയെ വേതന വര്‍ധന കരാറില്‍ എത്തിയിരുന്നു. ചുരുക്കി പറഞ്ഞാല്‍ എല്ലാ മേഖലയിലും കൂലി വര്‍ധന ആവശ്യപ്പെടുന്നുണ്ട്.
കൗതുക കരമായ കാര്യം എല്ലാ സമരങ്ങളും തൊഴിലാളികളുടെ ഡിമാന്റുകള്‍ നല്ലൊരു ശതമാനവും അംഗീകരിക്കപ്പെട്ടു എന്നുള്ളതാണ്. 2023 ജനുവരി 1 മുതല്‍ നവമ്പര്‍ 30 വരെ 393 തൊഴില്‍ സമരങ്ങളാണ് അമേരിക്കയില്‍ നടന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അഞ്ച് ലക്ഷം തൊഴിലാളികള്‍ ഉള്‍പ്പെട്ടിരുന്നു. ശരാശരി 7 ശതമാനം കൂലി വര്‍ധനയാണ് ഇതിലൂടെ തൊഴിലാളികള്‍ക്ക് ലഭിച്ചത്. ഹെല്‍ത് വര്‍ക്കേഴ്‌സിന് 6 ശതമാനം വേതന വര്‍ധനയാണ് ആദ്യ വര്‍ഷം നേടാനായത്.
(പൊതുജന താത്പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കുന്നത്...സമരങ്ങളില്ലാതെ ഇരിക്കപ്പൊറുതി ഇല്ലാഞ്ഞിട്ടാണ് ഇതെഴുതിയതെന്ന് കരുതരുത് .പണിമുടക്കെന്നാല്‍ ഇന്ത്യയില്‍ മാത്രം നടക്കുന്ന ഒരു സാമൂഹ്യ വിരുദ്ധ ഏര്‍പ്പാടല്ല എന്ന് പറയുകയായിരുന്നു).
https://www.facebook.com/share/p/tyToG3F2sCVsZLnR/?mibextid=Nif5oz
No comments:
Post a Comment