Wednesday, April 26, 2023

മണിക്കൂറിൽ 1,000 കിലോ മീറ്റർ വേഗതയുള്ള ​ട്രെയിൻ; ലോകത്തെ അതിവേഗ ഹൈപ്പർലൂപ്പുമായി ചൈന

അതിവേഗ ട്രെയിനുകളുടെ ചരിത്രത്തിൽ പുതു ചരിത്രം കുറിക്കാനൊരുങ്ങി ചൈന. മണിക്കൂറിൽ 1000 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഹൈപ്പർലൂപ്പ് ട്രെയിൻ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ചൈന. ഷാ​ങ്ഹായിക്കും ഹാൻഷുവിനുമിടയിൽ അതിവേഗ ​ഹൈപ്പർലൂപ്പ് ലൈൻ വികസിപ്പിക്കാനാണ് ചൈനയുടെ പദ്ധതി. ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതിയായ ഹൈപ്പർലൂപ്പാണ് ചൈനയിലും യാഥാർഥ്യമാകുന്നത്. 

വാക്വം ടണലിലൂടെ പോഡുകളുടെ സഹായത്തോടെ ആളുകളേയും ചരക്കുകളേയും എത്തിക്കുന്ന പദ്ധതിയാണ് ഹൈപ്പർലൂപ്പ്. 2013ലാണ് മസ്ക് പദ്ധതി മുന്നോട്ടുവെച്ചത്. ചൈനയിൽ ആരംഭിക്കുന്ന ഹൈപ്പർലൂപ്പിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ തുടങ്ങിയെന്നാണ് വിവരം.

ബീജിങ്-ഷിജിയാസുങ്, ഹാൻൻഷു-ഷെൻസൻ തുടങ്ങി നിരവധി നഗരങ്ങളെ ബന്ധിപ്പിച്ച് ഹൈപ്പർലൂപ്പ് ലൈനുകൾ ആരംഭിക്കാൻ ചൈനക്ക് പദ്ധതിയുണ്ട്. നിലവിൽ ഷാങ്ഹായിക്കും ഹാൻഷുവിനുമിടയിൽ റോഡിലൂടെ സഞ്ചരിക്കാൻ ഏകദേശം രണ്ട് മണിക്കൂറിലേറെ സമയം വേണ്ടി വരും. ഹൈപ്പർലൂപ്പ് എത്തുന്നതോടെ യാത്രാസമയം 15 മിനിറ്റായി ചുരുങ്ങും.


ട്രെയിനിനായി 150 കിലോ മീറ്റർ ദൈർഘ്യത്തിലാവും വാക്വം ടണൽ നിർമ്മിക്കുക. ചൈനീസ് അക്കാദമി ഓഫ് എൻജിനീയറിങ് ആൻഡ് റെയിൽ അതോറിറ്റിയാണ് റെയിൽവേ ലൈൻ വികസിപ്പിച്ചെടുക്കുക. 2035നകം പദ്ധതി യാഥാർഥ്യമാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.

സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്ന നഗരങ്ങളെന്നനിലയിലും ജനസാന്ദ്രത കൂടിയതായതിനാലും ഇരുനഗരങ്ങൾക്കിടയിലെ ഹൈപ്പർലൂപ്പ് സാമ്പത്തികമായി വിജയകകകരമാവുമെന്നാണ് ചൈനയുടെ പ്രതീക്ഷ.

https://www.madhyamam.com/world/china-planning-to-bring-elon-musks-hyperloop-dream-to-reality-by-2035-1153565

No comments:

Post a Comment