Saturday, April 9, 2011

ഹസന്‍ അലിയുടെ കള്ളപ്പണ നിക്ഷേപം: യു.ഡി.എഫുകാര്‍ക്കും പങ്കെന്ന് വി.എസ്

ഹസന്‍ അലിയുടെ കള്ളപ്പണ നിക്ഷേപം: യു.ഡി.എഫുകാര്‍ക്കും പങ്കെന്ന് വി.എസ്.
Posted on: 10 Apr 2011

പ്രധാനമന്ത്രി അടിയന്തര നടപടിയെടുക്കണം

തിരുവനന്തപുരം: ഹസന്‍ അലി വിദേശ ബാങ്കുകളില്‍ നടത്തിയ കള്ളപ്പണ നിക്ഷേപങ്ങളില്‍ കേരളത്തിലെ യു.ഡി.എഫ്. നേതാക്കളുടെ പണവും ഉള്‍പ്പെടുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്തപ്പോള്‍ ഹസന്‍ അലി നല്‍കിയതായി പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. കേരളം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളതുള്‍പ്പെടെ 36000 കോടി രൂപ ഇയാള്‍ വഴി നിക്ഷേപിച്ചതായാണ് വിവരം. കേരളത്തിലെ യു.ഡി. എഫ്. നേതാക്കളുടെ പണവും ഇതില്‍ ഉള്‍പ്പെടും. ഈ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനയച്ച കത്തില്‍ വി.എസ്. ആവശ്യപ്പെട്ടു.

കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ശരിയല്ല. കള്ളപ്പണക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ശിക്ഷിക്കുന്നതിനും വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതിക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടു വന്ന ഗാന്ധിയന്‍ അന്നാ ഹസാരയെ പോലുള്ളവരെ ഇനിയും സമരമാര്‍ഗത്തിലേക്ക് കൊണ്ടുവരാതെ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

അന്നാ ഹസാരെയുടെ സമരം പ്രതിഫലിക്കും

കേന്ദ്രത്തിലെ യു.പി.എ. സര്‍ക്കാരിനെ പിടിച്ചുകുലുക്കാനും രാജ്യത്തിന്റെ മനസാക്ഷിയെ ഉണര്‍ത്താനും കഴിഞ്ഞ അന്നാ ഹസാരെയുടെ നിരാഹാര സമരത്തിന്റെ പ്രതിഫലനം കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അഴിമതിക്കെതിരായ ഒരു മഹായുദ്ധം തന്നെയാണ് ഈ തിരഞ്ഞെടുപ്പ്. എന്നാല്‍ അന്നാ ഹസാരെയുടെ സത്യാന്വേഷണത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കേരളത്തില്‍ പ്രസംഗിക്കാന്‍ വന്ന സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും അഴിമതിയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഹസന്‍ അലിയുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ചും മിണ്ടിയില്ല. സ്‌പെക്ട്രം, ആദര്‍ശ്, കോമണ്‍വെല്‍ത്ത് അഴിമതികളെക്കുറിച്ചും മൗനം പാലിച്ചതെന്തേയെന്നു വിശദീകരിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

No comments:

Post a Comment