Saturday, August 25, 2012

വ്യക്തി സ്വാതന്ത്ര്യം മുതലാളിത്ത പൊയ് മുഖം അഴിയുന്നു


ഇക്വഡോറിന്റെ നിലപാട് സ്വാഗതാര്‍ഹം 

വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്റെ കാര്യത്തില്‍ ലോകം രണ്ടുതട്ടില്‍ നില്‍ക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പറുദീസ എന്ന് ബൂര്‍ഷ്വാമാധ്യമങ്ങള്‍ വാഴ്ത്താറുള്ള മുതലാളിത്തലോകം, പൊതുവില്‍ അസാഞ്ചിന് അഭയം നല്‍കിയ ഇടതുപക്ഷരാഷ്ട്രമായ ഇക്വഡോറിന്റെ നടപടിക്കെതിരെ. ഇരുമ്പുമറയുള്ള ജനാധിപത്യരാഹിത്യത്തിന്റെ നാട് എന്ന് ബൂര്‍ഷ്വാമാധ്യമങ്ങള്‍ അപലപിക്കാറുള്ള ഇടതുപക്ഷലോകം ഇക്വഡോറിന്റെ നടപടിക്ക് അനുകൂലം. മുതലാളിത്തം ഉയര്‍ത്താറുള്ള വ്യക്തിസ്വാതന്ത്ര്യ- അഭിപ്രായസ്വാതന്ത്ര്യവാദത്തിന്റെ പൊള്ളത്തരം ലോകജനതയ്ക്ക് കണ്ണുതുറന്നുകാണാനുള്ള ഒരു സന്ദര്‍ഭംകൂടിയായി മാറിയിരിക്കുന്നു അസാഞ്ചിന്റെ സംഭവം.

അമേരിക്കയ്ക്കും ബ്രിട്ടനും അസാഞ്ചിന്റെ കഥ കഴിക്കണം. കാരണം, അദ്ദേഹത്തിന്റെ വിക്കിലീക്സാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും ജനാധിപത്യധ്വംസനത്തിനും മനുഷ്യത്വലംഘനത്തിനും കൂട്ടക്കുരുതികള്‍ക്കുംവേണ്ടി അമേരിക്കയും ബ്രിട്ടനും തയ്യാറാക്കിയ ഗൂഢപദ്ധതികളും ഉപജാപങ്ങളും പുറത്തുകൊണ്ടുവന്നത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും ഒക്കെ അക്രമങ്ങളുടെ ഞെട്ടിക്കുന്ന രേഖകളാണ് അസാഞ്ച് പുറത്തുവിട്ടത്. അമേരിക്കയുടെ ഒരു രഹസ്യവും രഹസ്യമല്ല എന്നുവന്നു. അമേരിക്കന്‍ ഇന്റലിജന്‍സ് ബുദ്ധിമാന്ദ്യം സംഭവിച്ച സംവിധാനമാണെന്നുവന്നു. അമേരിക്ക ലോകത്തിനുമുമ്പില്‍ ചൂളി. ചോര മരവിപ്പിക്കുന്ന അമേരിക്കന്‍ കിരാതകൃത്യങ്ങളുടെ ലക്ഷക്കണക്കായ തെളിവുകള്‍ വിക്കിലീക്സ് പുറത്തുവിട്ടപ്പോള്‍ അമേരിക്ക അണിഞ്ഞിരുന്ന മനുഷ്യത്വത്തിന്റെ പൊയ്മുഖം വലിച്ച് ചീന്തപ്പെടുകയായിരുന്നു. ഇറാഖില്‍ പത്രപ്രവര്‍ത്തകരും പൗരജനങ്ങളുമടക്കമുള്ളവരോടു കാട്ടിയ കൊടുംക്രൂരതകള്‍ കണ്ട് അമേരിക്കയെ ലോകം വീണ്ടുമൊരിക്കല്‍ക്കൂടി തിരിച്ചറിയുകയായിരുന്നു. ഇതിനു പ്രതികാരമായി, അസാഞ്ചിനെ വിട്ടുകിട്ടിയാല്‍ ഉടന്‍ കഥ കഴിക്കണമെന്നുകരുതി കാത്തിരിക്കുകയായിരുന്നു അമേരിക്ക. ഇതിനിടയിലാണ് ജൂണ്‍ 19ന് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ചെന്ന് അസാഞ്ച് അഭയം ചോദിച്ചതും, കഴിഞ്ഞ ദിവസം എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ ക്വെറിയ അസാഞ്ചിന് രാഷ്ട്രീയ അഭയം നല്‍കുമെന്ന് ധീരമായി പ്രഖ്യാപിച്ചതും. എംബസിയില്‍നിന്ന് പുറത്തിറങ്ങിയാല്‍ അറസ്റ്റുചെയ്യാന്‍ കാത്തിരിക്കുകയാണ് ബ്രിട്ടന്‍. എംബസിയിലേക്ക് നയതന്ത്ര പ്രോട്ടോകോള്‍ ലംഘിച്ച് കടന്നുകയറാന്‍ വ്യഗ്രതപ്പെടുകപോലും ചെയ്തു ബ്രിട്ടീഷ് പൊലീസ്. ബ്രിട്ടന്റെ ഭീഷണിസ്വരം വിലപ്പോകില്ലെന്ന് ക്വെറിയ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഭീഷണി ഇക്വഡോറിനെതിരെ മാത്രമല്ല ലാറ്റിനമേരിക്കയ്ക്കാകെ എതിരെയുള്ളതാണെന്നും അതിനെ നേരിടുകതന്നെ ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു. തൊട്ടുപിന്നാലെതന്നെ ബൊളീവിയയുടെ പ്രസിഡന്റ് ഈവാ മൊറേല്‍സ് ഇക്വഡോറിനെ പിന്തുണച്ച് രംഗത്തുവന്നു. അര്‍ജന്റീന, ക്യൂബ, നിക്കരാഗ്വെ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളും ഇക്വഡോറിനെ പിന്തുണച്ചു. അസാഞ്ചിനെതിരെ സ്വീഡനില്‍ ലൈംഗികാതിക്രമത്തിനുള്ള കേസുണ്ട്. അമേരിക്കയില്‍ രാഷ്ട്രരഹസ്യങ്ങള്‍ ചോര്‍ത്തിയതിനുള്ള കേസുണ്ട്. ലൈംഗികാതിക്രമക്കേസ് അമേരിക്കന്‍ പ്രേരണയില്‍ കെട്ടിച്ചമച്ചതാണെന്നാണ് വിക്കിലീക്സ് പ്രവര്‍ത്തകര്‍ പറയുന്നത്. ഏതെങ്കിലും വിധത്തില്‍ അസാഞ്ചിനെ വിട്ടുകിട്ടണമെന്നും അദ്ദേഹത്തിന്റെ കഥകഴിക്കണമെന്നുമുള്ള ചിന്തയാണ് അമേരിക്കയെ നയിക്കുന്നത് എന്ന് അവര്‍ കരുതുന്നു. എന്തായാലും അസാഞ്ചിനെ കൈമാറിയാല്‍ അദ്ദേഹത്തിന് ന്യായപൂര്‍ണമായ ഒരു വിചാരണ ലഭിക്കില്ല എന്നത് വ്യക്തമാണ്. ഇംഗ്ലണ്ടിലെതന്നെ പൗരസമൂഹം അസാഞ്ചിനെ പിന്തുണയ്ക്കുന്ന പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. അമേരിക്കയ്ക്ക് കൈമാറിയാല്‍ അസാഞ്ച് വധിക്കപ്പെടും എന്നതുതന്നെയാണ് ഇക്വഡോറില്‍ രാഷ്ട്രീയ അഭയം നല്‍കുന്നതിനുള്ള കാരണമെന്ന പ്രസിഡന്റ് റാഫേല്‍ ക്വെറിയയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട് അവര്‍. ബ്രിട്ടീഷ് കോടതികള്‍ അസാഞ്ചിന്റെ എല്ലാ അപ്പീലുകളും തിരസ്കരിക്കുകയായിരുന്നു. ഇത് അമേരിക്കയുടെ താല്‍പ്പര്യത്തിലുമായിരുന്നു. അമേരിക്കന്‍ ഹെലികോപ്റ്റര്‍ 18 ഇറാഖികളായ നിരായുധ പൗരന്മാരെ വെടിവച്ചുകൊല്ലുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് 2010ല്‍ വിക്കിലീക്സ് വാര്‍ത്താസ്ഫോടനപരമ്പര ആരംഭിച്ചത്. രഹസ്യരേഖകളുടെ പ്രവാഹംകൂടിയായപ്പോള്‍ പെന്റഗണ്‍ അസാഞ്ചിനെതിരെ ഭീഷണി ആരംഭിച്ചു. ലോകത്തെ ആക്രമിച്ച ഭീകരനാണ് അസാഞ്ച് എന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ അന്ന് പറഞ്ഞത്. ഇതേത്തുടര്‍ന്ന് അസാഞ്ചിന് രാജ്യംവിട്ടുപോകേണ്ടിവന്നു; വിക്കിലീക്സ് പൂട്ടേണ്ടിവന്നു. അമേരിക്കയാകട്ടെ, ഒസാമ ബിന്‍ലാദനു സമനായി അസാഞ്ചിനെ കണക്കാക്കി വേട്ടയാരംഭിച്ചു. സ്വീഡനിലുള്ളത് അമേരിക്കന്‍ താളത്തില്‍ തുള്ളുന്ന ഭരണമാണ്. അവിടത്തെ പ്രധാനമന്ത്രിയുടെ മുഖ്യഉപദേഷ്ടാവുതന്നെയും അമേരിക്കന്‍ വലതുപക്ഷ സൈദ്ധാന്തികനായി അറിയപ്പെടുന്ന കാള്‍റോവാണ്. തന്നെ ജയിപ്പിക്കാന്‍ ഏറ്റവും സഹായിച്ച വ്യക്തി എന്ന് ജോര്‍ജ്ബുഷ് രണ്ടു തെരഞ്ഞെടുപ്പുകള്‍ക്കുശേഷവും പറഞ്ഞതാണ് ഇയാളെക്കുറിച്ച്. ഇയാളുടെ മുന്‍കൈയിലാണ് ലൈംഗികാപവാദക്കേസ് അസാഞ്ചിനെതിരായി ചമയ്ക്കപ്പെട്ടത് എന്ന് അന്ന് വാര്‍ത്തയുണ്ടായിരുന്നു. അതെന്തുമാകട്ടെ, കേസുണ്ടെങ്കില്‍ അതിന് ന്യായമായ വിചാരണയാണ് വേണ്ടത്. എന്നാല്‍, സ്വീഡന് അതല്ല ഉദ്ദേശ്യം. തങ്ങള്‍ക്ക് വിട്ടുകിട്ടുന്ന അസാഞ്ചിനെ അമേരിക്കയ്ക്ക് കൈമാറുക എന്നതാണ്. അവരത് ചെയ്യുമെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് ഇക്വഡോറിന്റെ നിലപാട് സ്വാഗതാര്‍ഹമാകുന്നത്. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ ""അപ്പോസ്തലന്മാര്‍"" അഭിപ്രായ സ്വാതന്ത്ര്യമുപയോഗിച്ച് മാധ്യമ മേധാവിക്കെതിരെ കൊലവിളി നടത്തുന്നതും കമ്യൂണിസ്റ്റുകാര്‍ അഭിപ്രായ സ്വാതന്ത്ര്യമുപയോഗിച്ച് മാധ്യമ മേധാവിയെ അഭയം നല്‍കി രക്ഷിക്കുന്നതുമായ കാഴ്ച ലോകത്തിന് പഠിക്കാനുള്ള പാഠമാണ് തുറന്നുതരുന്നത്.

Thursday, August 16, 2012

ഇതു ക്രൈസ്തവ സഭകള്‍ക്കു അപമാനം


  •  മിനിമം കൂലി എന്ന ഭരണഘടന അവകാശം നേടിയെടുക്കുന്നതിന് വേണ്ടി കഴിഞ്ഞ നൂറ്റി പതിനാല് ദിവസങ്ങളായി സമരം ചെയ്ത പാവം നേഴ്സുമാരുടെ സമരത്തോട് കുംഭകര്‍ണ്ണ സമീപനം സ്വീകരിച്ച കോതമംഗലം മാര്‍ ബസ്സേലിയോസ് ആശുപത്രി മാനേജ്‌മന്റ്‌  നടപടിയോട്  ആര്‍ക്കും യോജിക്കാന്‍ കഴിയില്ല.
  •  ഇന്ത്യന്‍ നിയമത്തിനു കീഴ് വഴങ്ങി മാത്രമേ ഏതൊരു മത സ്ഥാപനത്തിനും ഇന്ത്യക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന ഭരണഘടനാ വ്യവസ്ഥ ഒരു മത സ്ഥപനങ്ങളും മറക്കരുത്. പരമോന്നത നീതി പീഠം ആയ സുപ്രീം കോടതി പുറപ്പെടുവിക്കുന്ന വിധി ന്യായങ്ങള്‍ നിയമ നിര്‍മ്മാണ സഭകള്‍ പാസ്സാക്കുന്ന നിയമങ്ങള്‍ പോലെ തന്നെ പരിഗണിക്കപ്പെടണം  എന്നാണ്  നമ്മുടെ ഭരണഘടന അനുശാസിക്കുന്നത്.
  •  മിനിമം വേജു ആക്ട്‌ പ്രകാരം സര്‍ക്കാര്‍ ഏതെങ്കിലും തൊഴില്‍ മേഖലയില്‍ മിനിമം കൂലി പ്രഖ്യാപിച്ചാല്‍ മിനിമം കൂലിയെക്കാള്‍ കുറഞ്ഞ കൂലി കൊടുക്കുവാന്‍ യാതൊരു സ്ഥാപന ഉടമക്കും ഇന്ത്യയില്‍ അവകാശമില്ല എന്ന നിയമത്തിന്റെ " സുവിശേഷം" ഈ മാനേജുമെന്റിനെ പഠിപ്പിക്കാന്‍ ഇനി ആരാണ് വരേണ്ടത്.
  •  മിനിമം കൂലി കൊടുത്താല്‍ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാകും എങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ സുപ്രീം കോടതി പലവട്ടം വിധി പറഞ്ഞിട്ടുണ്ട് എന്നത് ഇവര്‍ മറക്കാതിരിക്കട്ടെ. 
  • നമ്മുടെ രാജ്യത്തിലെ മതന്യൂനപക്ഷ സമൂഹങ്ങള്‍ സുരക്ഷിതരായി കഴിയുന്നത്‌  ഭരണഘടനയുടെ പ്രത്യേക സുരക്ഷാ കവചം ഉപയോഗിച്ചാണ്‌ എന്നത്  ഇന്ത്യയിലെ ഒരു മത ന്യൂനപക്ഷവും മറക്കരുത്. അതെ മത ന്യൂന പക്ഷങ്ങള്‍ തന്നെ ഭരണഘടന ഉറപ്പു നല്‍കുന്ന മിനിമം കൂലി അവകാശം നിഷേധിച്ചു ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്നതിലെ  യുക്തി  മനസ്സിലാകുന്നില്ല.
  •  മിനിമം കൂലി എന്ന പട്ടിണി കൂലി നിഷേധിച്ചു കൊണ്ട്  കേരളത്തിലെ ക്രൈസ്തവ സ്ഥാപനങ്ങള്‍ ആശുപത്രികളോ , വിദ്യാഭ്യാസ സ്ഥാപനങ്ങളോ നടത്തി ഇനിയും യാതൊരു സേവനവും തങ്ങള്‍ക്കു  നല്‍കേണ്ടതില്ല എന്ന് ഒറ്റക്കെട്ടായി  എന്നാണ്    ജനങ്ങള്‍ക്ക്‌    ചൂഷകരോട് പറയാന്‍ കഴിയുക.
  • കോതമംഗലം മോര്‍ ബസ്സേലിയോസ് മാനേജ്‌മന്റ്‌ മാത്രമല്ല ഇവിടെ വിചാരണ ചെയ്യപ്പെടേണ്ടത് .ഇത്തരം കൊടിയ ചൂഷണം നടത്തുന്നതില്‍ കേരളത്തിലെ ക്രൈസ്തവ സഭകളെല്ലാം ഒരേ തൂവല്‍ പക്ഷികള്‍ ആണ് എന്നതാണ് യാഥാര്‍ത്ഥ്യം . "നിന്റെ വയലില്‍ പണിയെടുന്നവന്റെ കൂലി സൂര്യാസ്തമനത്തിനു മുന്‍പ് കൊടുക്കുന്നില്ലെങ്കില്‍ കൊടുക്കാത്ത കൂലി നിന്റെ അരമനയുടെ മുന്‍പില്‍ നിന്ന് നിലവിളിക്കുമെന്നും ആ നിലവിളി സൈന്യങ്ങളുടെ ദൈവമായ യഹോവ കേള്‍ക്കുമെന്നും അത് നിനക്ക് അനര്‍ത്ഥം ഉണ്ടാക്കും "എന്നും ഉള്ള ബൈബിള്‍ വാക്യം തങ്ങള്‍ നടത്തുന്ന അധര്‍മ്മത്തിനു എതിരായ പ്രവാചക ദൂത് ആയി  ധന ചൂഷണത്തിന്റെ ഈ അപ്പോസ്തലന്മാര്‍ എന്തു കൊണ്ടാണ് മനസിലാക്കാത്തത്  ?
  • തൊഴിലാളികള്‍ സംഘടിക്കുന്നതും കൂട്ടായി വില പേശുന്നതും ക്രിമിനല്‍ കുറ്റമായി കാണുന്ന വലതു പക്ഷ ദൃശ്യ -ശ്രാവ്യ -അച്ചടി മാധ്യമങ്ങള്‍ കഴിഞ്ഞ നൂറ്റി പതിനാലു ദിവസങ്ങള്‍ ഈ സമരത്തോട് പുലര്‍ത്തിയ നിസംഗ സമീപനത്തെ കേരള സമൂഹം ഒറ്റക്കെട്ടായി അപലപിക്കേണ്ടതാണ് 

Wednesday, August 1, 2012

നട്ടെല്ലില്ലാത്ത കാക്കിവേഷങ്ങള്‍



എംഎല്‍എ എന്നല്ല, ആരുടെയും ഫോണ്‍ ചോര്‍ത്താന്‍ പൊലീസിന് അധികാരമില്ല. ആഭ്യന്തരമന്ത്രി ഒരുദിവസം കല്‍പ്പിച്ചാല്‍ യന്ത്രവുംകൊണ്ട് ഫോണ്‍ ചോര്‍ത്താന്‍ പോകുന്ന പൊലീസുകാരന്‍ ചെയ്യുന്നത് സ്വന്തം പണിയല്ല, ക്രിമിനലിന്റെ പണിയാണ്. ടി വി രാജേഷ് എംഎല്‍എയുടെ ഫോണ്‍സംഭാഷണം ടാപ്പ്ചെയ്ത് ഒരു പൊലീസുകാരന്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍, രാഷ്ട്രസുരക്ഷയ്ക്ക്, അന്യരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം തകര്‍ക്കപ്പെടുമ്പോള്‍, പൊതുനിയമസംവിധാനം അപകടത്തില്‍പ്പെടുമ്പോള്‍, ഒരു കുറ്റകൃത്യം തടയാന്‍- ഇത്രയും ഘട്ടങ്ങളിലാണ് ടെലിഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ പൊലീസിന് കഴിയുക. ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് സെക്ഷന്‍ 5(2) ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. വെറുതെ തീരുമാനിക്കാവുന്ന കാര്യവുമല്ല അത്. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഉണ്ടാകണം. ഏതുതരത്തിലുള്ള ആശയവിനിമയമാണ് ടാപ്പ് ചെയ്യേണ്ടത് എന്ന് അതില്‍ വ്യക്തമായി പറയണം. ഈ ഉത്തരവിന്റെ കാലാവധി രണ്ടുമാസത്തേക്കായിരിക്കും. ഇത്തരമൊരു ഉത്തരവ് വന്നാല്‍ത്തന്നെ, ക്യാബിനറ്റ് സെക്രട്ടറി, നിയമ സെക്രട്ടറി, ടെലിഫോണ്‍ കമ്യൂണിക്കേഷന്‍ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി കേന്ദ്രത്തിലും തത്തുല്യമായ സമിതി സംസ്ഥാനത്തും ടെലിഫോണ്‍ ചോര്‍ത്തുന്നത് നിയമാനുസൃതവും അത്യന്താപേക്ഷിതവുമാണോ എന്നു വിലയിരുത്തണം. അല്ലെന്നുകണ്ടാല്‍ ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ നശിപ്പിക്കേണ്ടതാണ്.

യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ആണവകരാര്‍ പ്രശ്നത്തില്‍ ഇടതുപക്ഷം പിന്‍വലിക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ടെലിഫോണ്‍ ചോര്‍ത്തിയിരുന്നു. സുപ്രീംകോടതി നിര്‍ദേശിച്ച എല്ലാ മാനദണ്ഡവും അവഗണിച്ചാണ് യുപിഎ സര്‍ക്കാര്‍ അതിനുമുതിര്‍ന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരായി അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ കൃത്യമായ ഉദാഹരണമായിരുന്നു അത്. രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയും ഭരണഘടന വിഭാവനംചെയ്യുന്ന പൗരന്റെ മൗലികാവകാശങ്ങളും തകര്‍ക്കുന്ന നടപടിയായാണ് അന്ന് അത് വിലയിരുത്തപ്പെട്ടത്.

ഇവിടെ ടി വി രാജേഷിന്റെയോ മറ്റാരുടെയെങ്കിലുമോ ഫോണ്‍ ചോര്‍ത്താന്‍ നിയമാനുസൃതമായ ഒരു നടപടിയുമുണ്ടായിട്ടില്ല. നിയമം നിര്‍വചിക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടില്ല. പൊലീസിന് നിയമം കൈയിലെടുക്കാനുള്ള അധികാരമില്ല. യുഡിഎഫിന് കേസില്‍ കുടുക്കാനുള്ളവരുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ വയ്ക്കാന്‍ അനുവാദം കൊടുക്കുന്നത്ര താണ നിലവാരത്തിലുള്ള നടപടിയാണിത്. സര്‍ക്കാരിന് ഈ നിയമലംഘനത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് രക്ഷപ്പെടാനാകില്ല.

പീപ്പിള്‍ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) ഢെ യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീംകോടതി, ടെലിഫോണ്‍ ചോര്‍ത്തുന്നതിന്റെ നിയമവിരുദ്ധതയെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. വ്യക്തിയുടെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമായാണ് കോടതി അതിനെ വിശേഷിപ്പിച്ചത്. ഭരണഘടന വിഭാവനംചെയ്യുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള പൗരന്റെ അവകാശത്തിന്റെ നിഷേധമാണ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം. ടെലിഫോണില്‍ ഒരാള്‍ സംസാരിക്കുമ്പോള്‍ ഭരണഘടനയുടെ 19(1എ) അനുസരിച്ച് സംസാരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് വിനിയോഗിക്കപ്പെടുന്നത്. അത് നിഷേധിക്കുന്നതിനെ സുപ്രീംകോടതി അതീവഗൗരവത്തോടെ കാണുന്നു. 1855ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമം പുതിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യേണ്ടതാണ് എന്ന് അഭിപ്രായപ്പെട്ട കോടതി അതിനുമുമ്പുതന്നെ ഇത്തരം അനധികൃത ഫോണ്‍ ചോര്‍ത്തലുകള്‍ തടയാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും നിര്‍ദേശിച്ചിരുന്നു. സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തുന്നതും മറ്റും അതിന്റെ ഭാഗമായാണ്.

ടി വി രാജേഷിന്റെ കേസില്‍ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് 5(2)ഉം അതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നല്‍കിയ നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ കാറ്റില്‍ പറത്തി. അതിനര്‍ഥം ഭരണഘടന പൗരനുനല്‍കുന്ന മൗലികാവകാശത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൈവച്ചിരിക്കുന്നു എന്നതാണ്.

ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം എല്ലാ ദിവസവും മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിനല്‍കുകയായിരുന്നു. അറസ്റ്റുചെയ്ത് കസ്റ്റഡിയില്‍വച്ച സിപിഐ എം നേതാക്കള്‍ കുറ്റസമ്മതം നടത്തി എന്നതടക്കമുള്ള വ്യാജ വാര്‍ത്തകള്‍ നിരന്തരം നല്‍കി. സിപിഐ എമ്മിനെ കേസില്‍ പ്രതിസ്ഥാനത്തുനിര്‍ത്തുക എന്ന രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് അന്വേഷണസംഘത്തിലെ യുഡിഎഫ് സേവകരായ ചില ഉദ്യോഗസ്ഥര്‍ വാര്‍ത്ത സൃഷ്ടിച്ചതും ചോര്‍ത്തിയതും. അങ്ങനെ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഒരുദ്യോഗസ്ഥന്‍ ഏതൊക്കെ മാധ്യമപ്രവര്‍ത്തകരോട് എത്രവട്ടം സംസാരിച്ചു എന്ന വിവരം ദേശാഭിമാനി പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെ വലിയ നിയമലംഘനമായി കൊണ്ടാടാനും കേസെടുത്ത് പീഡിപ്പിക്കാനുമാണ് പൊലീസ് തയ്യാറായത്. നിയമം പാലിക്കേണ്ടവര്‍ അത് ലംഘിച്ച് വാര്‍ത്ത ചോര്‍ത്തിക്കൊടുത്ത് ഇഷ്ട മാധ്യമങ്ങളില്‍നിന്നും രാഷ്ട്രീയ യജമാനന്മാരില്‍നിന്നും അച്ചാരം വാങ്ങിയതല്ല തെറ്റ്, ആ വിവരം പുറത്തുകൊണ്ടുവന്നതാണ് മഹാ അപരാധം എന്നാണ് മാന്യന്മാര്‍ ഇപ്പോഴും പറയുന്നത്. ഇതേ ആളുകള്‍ ഇപ്പോള്‍ പരസ്യമായി നിയമം ലംഘിച്ച് ഭരണഘടനയെ പുച്ഛിച്ചുതള്ളി വ്യക്തിയുടെ സ്വകാര്യതയില്‍ തള്ളിക്കയറുന്നു. ജനപ്രതിനിധികളുടെപോലും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് തെളിവുണ്ടാക്കാന്‍ നടക്കുന്നു.

ടി വി രാജേഷ് ഫോണിലൂടെ എന്തെങ്കിലും കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയതായല്ല പൊലീസ് കണ്ടെത്തിയത്. പാര്‍ടിയുടെ പ്രാദേശികതലത്തിലുള്ള ഒരു പ്രവര്‍ത്തകനുമായി സംസാരിച്ച ചില കാര്യങ്ങള്‍ റെക്കോഡുചെയ്ത് കേള്‍പ്പിച്ച് അതിനെ ഷുക്കൂര്‍ വധക്കേസുമായി ബന്ധിപ്പിക്കാനുള്ള ദുര്‍ബലശ്രമമാണ് നടത്തിയത്. തങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധപ്രവൃത്തിയാണെന്ന സംശയംപോലും അന്വേഷണസംഘത്തിന് ഉണ്ടായില്ല. യുഡിഎഫിന് ദാസ്യവേല ചെയ്യുമ്പോള്‍ അവര്‍ നിയമവും അന്തസ്സും അഭിമാനവും വിവേകവും യുക്തിയും മറന്നുപോകുന്നു. ജനനേതാക്കളെ പലകുറി വിളിച്ചുവരുത്തി വാര്‍ത്ത സൃഷ്ടിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നു. പൊലീസിനെതിരെ ആര് എന്ത് വിമര്‍ശം ഉന്നയിച്ചാലും കേസെടുത്ത് പേടിപ്പിക്കുന്നു. ഏതാനും മാധ്യമങ്ങളുടെ സഹായവും ലഭിക്കുന്നു എന്നുവരുമ്പോള്‍ കാക്കി യൂണിഫോമിനുമേല്‍ അഹന്തയുടെയും അവിവേകത്തിന്റെയും തൊപ്പിയാണ് എടുത്തണിയുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആഭ്യന്തരമന്ത്രിസ്ഥാനത്തോടെ കേരളം അറബിക്കടലിലേക്ക് തിരിച്ചുപോകും എന്നാണ് പൊലീസിലെ യുഡിഎഫ് സേവാദളത്തിന്റെ മനോഗതം. അതിന്റെ പുളപ്പാണ് ജനനേതാക്കളുടെ സ്വകാര്യസംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് അത് വലിയ മിടുക്കായി കൊണ്ടുനടക്കുമ്പോള്‍ തെളിയുന്നത്. ഇക്കണക്കിന് ഇവര്‍ നാളെ എന്തെല്ലാം ചെയ്യും എന്നാണ് ആലോചിക്കേണ്ടത്. നാട്ടില്‍ നിയമവാഴ്ച ഉറപ്പാക്കേണ്ടവര്‍ തന്നെ ചെയ്യുന്ന ഈ കുറ്റകൃത്യത്തിന്റെ മ്ലേച്ഛത അളക്കാനാകാത്തതാണ്. അനധികൃത ഫോണ്‍ ചോര്‍ത്തല്‍ നടത്തിയവരെ നിയമപരമായി കൈകാര്യംചെയ്തേ തീരൂ. അതിന് പ്രേരിപ്പിച്ചവരെയും വെറുതെവിടാന്‍ പാടില്ല. സര്‍ക്കാര്‍ അതിന് മുന്‍കൈ എടുക്കുന്നില്ലെങ്കില്‍ ആ ചുമതല ജനങ്ങള്‍ സ്വയം ഏറ്റെടുക്കുന്ന അവസ്ഥയാണുണ്ടാവുക. അങ്ങനെ വരുമ്പോള്‍ കേസിന്റെയും പൊലീസ് ഭീകരതയുടെയും ഭീഷണിയുടെയും ആയുധങ്ങളൊന്നും പോരാതെ വരും.

ടി വി രാജേഷിന്റേതുമാത്രമല്ല, സിപിഐ എമ്മിന്റെ പ്രമുഖരായ പല നേതാക്കളുടെയും ഫോണ്‍ സംഭാഷണം ചോര്‍ത്തപ്പെടുന്നുണ്ട് എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന വടകര പൊലീസ് ക്യാമ്പിലേക്ക് എംഎല്‍എമാര്‍ ചെന്നപ്പോള്‍ "നിങ്ങള്‍ വരുന്ന വിവരം മൂന്നുമണിക്കൂര്‍ മുമ്പേ എനിക്കറിയാമായിരുന്നു" എന്നാണ് ഒരു ഐപിഎസ് മിടുക്കന്‍ പറഞ്ഞുകളഞ്ഞത്. മൊബൈല്‍ ഫോണ്‍ ടവറാണത്രേ പുതിയ അന്വേഷണയന്ത്രം. അങ്ങനെയെങ്കില്‍ വടകര പൊലീസ് ക്യാമ്പിന്റെ ടവര്‍ പരിധിയില്‍നിന്ന് ഏതൊക്കെ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോണ്‍ കോളുകള്‍ പോയി എന്നും ആരില്‍നിന്നെല്ലാം തിരിച്ചുവന്നു എന്നും അന്വേഷിക്കാന്‍ എളുപ്പമാണ്. അതില്‍ തെളിയും ആരാണ് കാക്കിക്കുള്ളിലെ അച്ചാരംവാങ്ങികളും ചാരന്മാരും ചെരുപ്പുനക്കികളുമെന്ന്.

യുഡിഎഫ് സര്‍ക്കാര്‍ പൊലീസ് സേനയെ തറയോളം താഴ്ത്തിയിരിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിസ്ഥാനവും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനവും ഒഴിയുമ്പോള്‍ പൊലീസിന്റെ അവസ്ഥ എന്തായിരിക്കും എന്നാണ് ചിന്തിക്കേണ്ടത്. അഭിമാനവും കഴിവും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള ശേഷിയും ഇല്ലാത്ത ഒരു സേന നാടിനുതന്നെ ഭാരമാകും. നേതാക്കളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തും പ്രതിഷേധം പ്രകടിപ്പിക്കുന്നവരെയാകെ കേസുകളില്‍ പ്രതിചേര്‍ത്തും പ്രസംഗത്തിന്റെ പേരില്‍ കേസുകളുടെ അതിസാരം സൃഷ്ടിച്ചും യുഡിഎഫിന് വിടുവേല ചെയ്യുന്ന അതേ തെമ്മാടിത്തം മറ്റൊരു രീതിയിലും പൊലീസ് നിര്‍വഹിക്കുന്നുണ്ട്. മലപ്പുറത്തെ ഇരട്ടക്കൊലപാതകക്കേസ് ആവിയാക്കിയും മറ്റുമാണത്. പൊലീസിലെ നട്ടെല്ലുള്ളവര്‍ക്കുമാത്രമല്ല, നാടിനാകെ അപമാനമാണ് ഈ സ്ഥിതി. ലജ്ജാകരം എന്നു പറഞ്ഞാലും മതിയാകില്ല.